Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനപ്രിയത്തിനു പണമില്ല, ആദ്യം മെച്ചപ്പെടട്ടെ: ഐസക്

T.M. Thomas Isaac

തിരുവനന്തപുരം ∙ അതീവഗുരുതരമായ ധനസ്ഥിതി കണക്കിലെടുത്തു രണ്ടുവർഷത്തേക്കു പുതിയ തസ്തികകൾ കഴിവതും ഉണ്ടാകില്ലെന്നു മന്ത്രി തോമസ് ഐസക്. നിലവിലുള്ള തസ്തികകളിൽ നിയമനത്തിനു തടസ്സമില്ല. തസ്തിക വേണമെങ്കിൽ പദ്ധതിയിൽ തന്നെ വ്യക്തമാക്കിയിരിക്കണം. ജനപ്രിയ പ്രഖ്യാപനങ്ങൾക്കു തുനിയാവുന്ന സ്ഥിതിയല്ല ഇപ്പോഴെന്നും ആദ്യം കാര്യങ്ങൾ മെച്ചപ്പെടട്ടെ എന്നും ധനമന്ത്രി പറഞ്ഞു.

നൂതന ധനസമാഹരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡി (കിഫ്ബി)നെ സജ്ജമാക്കാനുള്ള നിയമഭേദഗതി ഓർഡിനൻസായി ഒരു മാസത്തിനകം കൊണ്ടുവരും. 1999ലെ കിഫ്ബി ആക്ടിന്റെ ചട്ടങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. കൂടുതൽ വ്യാപാരികളെ നികുതിവലയത്തിൽ കൊണ്ടുവരും. ഈ മാസം തന്നെ നികുതി പിരിവിൽ 19% വർധന ഉണ്ടായി. 25% വർധനയാണു ലക്ഷ്യമിടുന്നത്.

ചരക്കു സേവനനികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വരുന്നതും ആശാവഹമാണ്. ബിനാലെയ്ക്കുള്ള വിഹിതം വിട്ടുപോയതാണെന്നും മറുപടി പ്രസംഗത്തിൽ ഉൾപ്പെടുത്തുമെന്നും ഐസക് അറിയിച്ചു. ഏഴു കോടിയാണ് ഉദ്ദേശിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കു ക്ഷേമനിധി രൂപീകരിക്കും. നിലവിൽ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന വിഹിതത്തിന്റെ ഒരു ഭാഗം ഇതിനായി വിനിയോഗിക്കും. കേരള ബാങ്ക് രൂപീകരിക്കുന്നതു സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

മൂന്നു മാർഗങ്ങളാണു സർക്കാർ പരിഗണിക്കുന്നത്. ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചു ടു-ടയർ സംവിധാനം, ഒരുലക്ഷം പേരിൽനിന്നും ഒരുലക്ഷം രൂപവീതം സമാഹരിച്ചു ബാങ്ക് ആരംഭിക്കുക, കേരള ഫിനാൻഷ്യൽ കോർപറേഷനെ (കെഎഫ്സി) ബാങ്കാക്കി മാറ്റുക തുടങ്ങിയ സാധ്യതകൾ പരിഗണനയിലുണ്ട്. കുടുംബാംഗങ്ങൾ തമ്മിലെ ഇടപാടുകൾക്കു നികുതി കൂട്ടിയതു സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ്. പാരമ്പര്യസ്വത്ത് ഒരാൾക്കു ലഭിക്കുമ്പോൾ ഒരു ചെറിയ വിഹിതം സർക്കാരിലേയ്ക്ക് അടയ്ക്കുന്നു എന്ന നിലയിൽ അതിനെ കണ്ടാൽ മതി– മന്ത്രി പറഞ്ഞു.

Your Rating: