Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12,000 കോടിയുടെ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്

ഗൾഫ് പ്രതിസന്ധിയും റബർ വിലയിടിവും മൂലം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്. 2008ലെ ആദ്യ മാന്ദ്യവിരുദ്ധ പാക്കേജിനു സമാനമാണ് ഇതും. അന്ന് 5000 കോടിയുടെ പാക്കേജ് ആയിരുന്നു. ഇത്തവണ പ്രഖ്യാപിച്ച 12,000 കോടിയും ഭൂമി ഏറ്റെടുക്കാൻ വിനിയോഗിക്കുന്ന 8,000 കോടിയും കൂടി ചേരുമ്പോൾ ഇത് 20,000 കോടി രൂപയുടെ പാക്കേജാവും. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴിയാകും വിഭവ സമാഹരണം. നാലുവരിപ്പാത, ഗെയിൽ പൈപ്പ് ലൈൻ, വിമാനത്താവളങ്ങൾ, വ്യവസായ പാർക്കുകൾ എന്നിവയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിന് ഈ വർഷം 3000 കോടി രൂപ ലഭ്യമാക്കും.

സർക്കാരിൽ നിന്നു കിഫ്ബിയിലേക്കു നൽകേണ്ട എല്ലാ തുകയും ഓഗസ്റ്റിലെ അവസാന പ്രവൃത്തി ദിവസത്തിനു മുമ്പു നൽകും. മോട്ടോർ വാഹന നികുതിയുടെ ഒരു വിഹിതം ഈ ഫണ്ടിലേക്ക് എത്തും. ഓരോ വർഷവും പത്തു ശതമാനം വീതം തുക നൽകി, 50% തുകയും കിഫ്ബിക്കു നൽകും; പുറമേ, പെട്രോളിനു മേലുള്ള സെസും. ഈ ഭാവി വരുമാനത്തിന്റെ ഉറപ്പിൽ വലിയ തോതിൽ വായ്പ എടുക്കാനും സാധിക്കും. നിക്ഷേപത്തിനു സർക്കാർ ഗ്യാരന്റി നൽകും. ഈ പണം ഖജനാവിൽ നിക്ഷേപിക്കുകയോ വകുപ്പുകൾ വഴി ചെലവഴിക്കുകയോ ഇല്ല. ധനവിനിയോഗം പരിശോധിക്കാൻ പ്രത്യേക അതോറിറ്റി രൂപീകരിക്കും.

വലിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പാർക്കുകൾ തുടങ്ങി മൂലധനച്ചെലവുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നടപ്പു വർഷത്തിൽ ഇതിൽ 2500 കോടി രൂപയെങ്കിലും ചെലവഴിക്കും.

1999ൽ സ്ഥാപിക്കപ്പെട്ട കിഫ്ബിയുടെ ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കും. സെബിയും റിസർവ് ബാങ്കും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കിഫ്ബിയെ സജ്ജമാക്കുന്നതിനാണിത്. കടം വാങ്ങുന്ന പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പു വരുത്താനും നിക്ഷേപകർക്ക് അവരുടെ മുതലും പലിശയും ഉറപ്പു നൽകുകയും ചെയ്യും. നിയമപരിഷ്കരണം വഴി ഫണ്ട്സ് ട്രസ്റ്റി ഉപദേശക കമ്മിഷനു(എഫ്റ്റാക്) രൂപം നൽകും. ഫണ്ടിൽ സമാഹരിക്കുന്ന നിക്ഷേപങ്ങൾ വകമാറ്റി ചെലവഴിക്കുന്നില്ല എന്നതു കമ്മിഷൻ ഉറപ്പു വരുത്തും.
പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും സർക്കാർ ഗ്യാരന്റിയോടെ കടപ്പത്രം ഇറക്കാൻ അനുമതി നൽകും. 

Your Rating: