Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർദ്രകേരളത്തിന് കൈത്താങ്ങ്

‘ആർദ്രകേരള’ത്തിനു ബജറ്റ് പിന്തുണയുമായി സർക്കാർ. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ മസ്തിഷ്ക രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കുട്ടികൾക്കു പരിചരണവും വിദ്യാഭ്യാസവും നൽകുന്ന സ്ഥാപനങ്ങൾക്കു ധനസഹായം നൽകാൻ 20 കോടി രൂപയാണു നീക്കിവച്ചത്. സന്നദ്ധസംഘടനകൾ നടത്തുന്ന സ്ഥാപനങ്ങൾക്കു 10 കോടി രൂപയും അനുവദിച്ചു.

മസ്തിഷ്ക രോഗങ്ങൾ ഉൾപ്പെടെയുള്ളവ നേരത്തെ കണ്ടെത്തി ചികിൽസിക്കാൻ 37 കോടി രൂപ മാറ്റിവച്ചു. ഭിന്നശേഷിയുള്ളവർക്കു സർട്ടിഫിക്കറ്റും തിരിച്ചറിയിൽ രേഖയും നൽകാൻ നാലു കോടി രൂപ. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 15 കോടി രൂപയിൽ നിന്ന് 25 കോടിയാക്കി.

തീവ്രവൈകല്യമുള്ളവരെ പരിചരിക്കുന്ന കുടുംബാംഗത്തിന് ആശ്വാസകിരണം വഴി നൽകുന്ന പ്രതിമാസ സഹായം 545ൽ നിന്ന് 600 ആക്കി.
ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള സ്പെഷൽ സ്കൂളുകളുടെ സൗകര്യം വിപുലീകരിക്കും. ഇത്തരം കുട്ടികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ധനസഹായം വർധിപ്പിക്കും. കുട്ടികൾക്കു പുസ്തകങ്ങൾക്കും സ്റ്റേഷനറിക്കുമായി 500 രൂപയും യൂണിഫോമിന് 750 രൂപയും യാത്രയ്ക്ക് 1000 രൂപയും എസ്കോർട്ടിന് 1000 രൂപയും റീഡർക്ക് 750 രൂപയും എല്ലാ വർഷവും നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

മസ്തിഷ്ക രോഗങ്ങളുള്ള കുട്ടികളും കുടുംബങ്ങളും അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ‘അരുമകളാണ് അവരും’ എന്ന പേരിൽ മലയാള മനോരമ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മനോരമയും യുണിസെഫും ചേർന്ന് ആർദ്രകേരളം എന്ന കർമപദ്ധതിക്കും തുടക്കമിട്ടിരുന്നു.
 

Your Rating: