Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദ സഞ്ചാരം: 4 ലക്ഷം തൊഴിൽ

വിനോദസഞ്ചാര മേഖലയുടെ വികസനത്തിനു പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് 750 കോടി രൂപയും വാർഷിക പദ്ധതിക്കായി 311 കോടി രൂപയും അനുവദിച്ചു. വിദേശവിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 25% വർധിപ്പിക്കാനുമുള്ള പദ്ധതിയിലൂടെ നാലു ലക്ഷം പേർക്കു തൊഴിൽ ലഭിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

ഹോട്ടലുകളുടെ ആഡംബര നികുതി നാലുശതമാനം കുറച്ചതും വ്യവസായ മേഖലയ്ക്ക് പ്രയോജനപ്പെടും. 20 ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനു 400 കോടിയാണു നീക്കിവച്ചത്. ധർമടം–മുഴുപ്പിലങ്ങാട്, കണ്ണൂർ കോട്ട–അറയ്ക്കൽ കൊട്ടാരം, കരാപ്പുഴ–വയനാട്, ചെത്തി–മാരാരിക്കുളം, തൃശൂർ–ഗുരുവായൂർ–പാലിയൂർ ടൂറിസം സർക്കീട്ടുകളും വേളി, ആക്കുളം, പൊന്നാനി എന്നിവയുമുൾപ്പെടെയാണിത്. ഈ വർഷം 50 കോടി രൂപ ചെലവഴിക്കും.

മുസിരിസ് പൈതൃകപദ്ധതി മൂന്നുവർഷത്തിനകം പൂർത്തിയാക്കും. ഈ മാതൃകയിൽ തലശേരിയിലും ആലപ്പുഴയിലും പൈതൃക സംരക്ഷണ പദ്ധതികൾ തുടങ്ങും. ആലപ്പുഴയിലെ തോടുകളുടെ ശുചീകരണവും മുതലപ്പൊഴി, തുമ്പോളി പൊഴികളുടെ ശുചീകരണവും ഇതിലുൾപ്പെടും. 200 കോടി രൂപ ഇതിന് അനുവദിച്ചു.

‌പൊന്മുടിയിലേക്ക് റോപ് വേ നിർമിക്കാനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി 200 കോടി രൂപ. ബാലരാമപുരം, മാന്നാർ, ആറന്മുള, ചെറുതുരുത്തി, പയ്യന്നൂർ, മുത്തങ്ങ തുടങ്ങിയ 10 പൈതൃകഗ്രാമങ്ങൾ വികസിപ്പിക്കും. സ്പൈസസ് റൂട്ട് വികസനത്തിനു 18 കോടി രൂപ. ബേക്കൽ, വയനാട്, ഇടുക്കി എന്നിവിടങ്ങളി‍ൽ എയർ സ്ട്രിപ്പുകളും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. 1000 രൂപയ്ക്കുമേൽ വാടകയുള്ള ഹോട്ടൽ മുറികളുടെ ആഡംബരനികുതി 14% ആയിരുന്നതു 10% ആക്കി. 500 രൂപയ്ക്കും ആയിരത്തിനും ഇടയിൽ നിരക്കുള്ള മുറികളുടെ നികുതി പത്തിൽ നിന്ന് ആറുശതമാനമായും കുറച്ചു. ടൂറിസം വ്യവസായികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. എന്നാൽ, ടൂറിസ്റ്റ് ബസുകളുടെ നികുതി വർധിപ്പിച്ചതു തിരിച്ചടിയാകും.

ശുചിമുറികൾ നിർമിക്കുമെന്ന പ്രഖ്യാപനം വിനോദസഞ്ചാര മേഖല സ്വാഗതം ചെയ്യും. അതേസമയം, ഇടതുമുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ഉത്തരവാദിത്ത ടൂറിസം അടിസ്ഥാനമാക്കിയുള്ള പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 

Your Rating: