Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളക്കരം കൂട്ടാതിരിക്കാൻ 1004 കോടി എഴുതിത്തള്ളും

വെള്ളക്കരം കൂട്ടാതെതന്നെ ജല അതോറിറ്റിയെ അഞ്ചുവർഷത്തിനകം ലാഭകരമായ സ്ഥാപനമാക്കി മാറ്റുമെന്നു ബജറ്റ് പ്രഖ്യാപനം.
ഇതിനായി 1004 കോടി രൂപയുടെ കടം എഴുതിത്തള്ളും. 713 കോടി രൂപയുടെ സർക്കാർ വായ്പ ബോർഡിന്റെ ഓഹരി മൂലധനമാക്കിയും മാറ്റും. വെള്ളത്തിന്റെ ദുർവ്യയം ഒഴിവാക്കിയാൽ മാത്രം അഞ്ചുവർഷം കൊണ്ട് അതോറിറ്റി ലാഭത്തിലാവുമെന്നും ബജറ്റ് പറയുന്നു.
വിവിധ ജലവിതരണ പദ്ധതികൾക്കായി അഞ്ചുവർഷത്തിനകം 2064 കോടി രൂപ വേണ്ടതിൽ ഈ വർഷം 500 കോടി രൂപ വിനിയോഗിക്കും.
ജല അതോറിറ്റി 234.5 കോടി ലീറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിൽ 129 കോടി ലീറ്റർ മാത്രമേ മീറ്റർ ചെയ്യപ്പെടുന്നുള്ളൂ. ജലച്ചോർച്ച തടയുന്നതിനു പഴക്കം ചെന്ന പൈപ്പുകളും പമ്പുകളും മാറ്റും.

പൂർത്തിയാക്കാത്ത ചില പദ്ധതികൾ പൂർത്തിയാക്കുകയും നഗരമേഖലയിലെ ചില പദ്ധതികൾക്കു മുൻഗണന നൽകുകയും ചെയ്യുന്നതോടൊപ്പം ജീവനക്കാരുടെ മനോഭാവവും മാറണമെന്നു ബജറ്റ് അവതരിപ്പിച്ചു മന്ത്രി തോമസ് ഐസക് പറഞ്ഞു.

∙ ഷൊർണൂർ, തിരുവല്ല-ചങ്ങനാശേരി, കൊല്ലം, കാസർകോട്, പൊന്നാനി, കൊയിലാണ്ടി, തൊടുപുഴ, കോട്ടയം, തൃശൂർ, മട്ടന്നൂർ ശുദ്ധജല പദ്ധതികൾക്ക് 735 കോടി രൂപ.

∙ വിതരണലൈനുകൾ ഇല്ലാത്തതിനാൽ മുടങ്ങിയ കൊഴിഞ്ഞാംപാറ, ധർമടം, കണ്ണൂർ, കോട്ടയം, മാനന്തവാടി, തിരുവാലി, നെന്മാറ, കടമക്കുടി, വരാപ്പുഴ, പെരുനാട് പദ്ധതികൾക്കായി 162 കോടി രൂപ.

∙ 77 പദ്ധതികളിലായി 128 കിലോമീറ്റർ എസി പ്രമോ പമ്പിങ് മെയിനുകൾ മാറ്റുന്നതിനു 154 കോടി. ട്രാൻസ്മിഷൻ മെയിനുകൾ മാറ്റുന്നതിനു 371 കോടി.

∙ പമ്പ് സെറ്റുകളും സബ് സ്റ്റേഷനുകളും മാറ്റുന്നതിനു 140 കോടി.
 

Your Rating: