Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസക് റബറിനെ മറന്നില്ല, ചക്കയെയും...

Thomas Issac

റബറിനെ മനപ്പൂര്‍വ്വം മറന്നുകളയുമോ സാർ എന്നായിരുന്നു ഫെയ്സ്ബുക്കിലൂടെ ധനമന്ത്രിയോട് ഒരു യൂസറുടെ ചോദ്യം. റബറിന്റെ ‘പാലാ’ സ്നേഹം അറിയാവുന്ന ഒട്ടേറെപ്പേർ ആ കമന്റിനു ലൈക്കുമിട്ടു. മറന്നില്ല: ചെറുകിട കർഷകർക്ക് റബറിനു കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള വിലസ്ഥിരതാ പദ്ധതി തുടരും. ഇതിനായി 500 കോടി രൂപയാണ് ഡോ.തോമസ് ഐസക് വകയിരുത്തിയത്.

കേരളത്തിൽ വൻതോതിൽ ചക്ക പാഴായിപ്പോകുന്നതിനെപ്പറ്റിയായിരുന്നു ഫെയ്സ്ബുക്കിലൂടെ ഒരു വ്യക്തിയുടെ സങ്കടം. അദ്ദേഹത്തിനിതാ മന്ത്രിയുടെ മറുപടി: കേരളത്തിന്റെ പാരമ്പര്യ ഭക്ഷണക്രമത്തിന്റെ ഭാഗമായിരുന്ന ചക്ക ഇന്ന് പാഴാക്കിക്കളയുകയാണ്. പത്തനംതിട്ട, കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് ചക്ക ഗവേഷണത്തിനും പ്രചാരണത്തിനും പദ്ധതി. ഇതിനായി അഞ്ചു കോടി രൂപ. തൃശൂർ മാള കേന്ദ്രീകരിച്ച് ചക്കയ്ക്കു വേണ്ടി അഗ്രോപാർക്ക്.

എല്ലാ സോളറും വിവാദമല്ല!

സൗരോർജം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും പല യൂസര്‍മാരും നൽകിയിരുന്നു. പക്ഷേ മുൻ സർക്കാർ തൊട്ടു കൈ പൊള്ളിയ വിഷയം തോമസ് ഐസക് ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടായിരുന്നു. ഇക്കാര്യം പലരും രസകരമായ കമന്റുകളിലൂടെ സൂചിപ്പിക്കുകയും ചെയ്തു. പക്ഷേ എല്ലാ സർക്കാർ ഓഫിസുകളുടെയും മേൽക്കൂരകളിൽ നബാർഡിന്റെ സഹായത്തോടെ സോളർ പാനൽ ഘടിപ്പിച്ച് വൈദ്യുതിയുണ്ടാക്കുമെന്ന ഐസക്കിന്റെ നിർദേശത്തോടെ ഒരു കാര്യം ഉറപ്പായി-എല്ലാ സൗരോർജവും തൊട്ടാൽ പൊള്ളുന്നതല്ല!

ലോട്ടറിയടിച്ചു!

ലോട്ടറി മേഖലയിലെ തട്ടിപ്പുകളെപ്പറ്റിയും ഒട്ടേറെപ്പേർ ധനമന്ത്രിയുടെ എഫ്ബി പേജിൽ തുറന്നെഴുതി. ആ മേഖലയിൽ അടിമുടി മാറ്റം വരുത്തണമെന്ന ആവശ്യം കാര്യമായിത്തന്നെ പരിഗണിച്ചിട്ടുണ്ട് ബജറ്റിൽ. കൂടുതൽ ജീവനക്കാരെ നിയോഗിക്കും, കൂടുതൽ ഓഫിസ് തുറക്കും. വികലാംഗർക്ക് ലോട്ടറി വിൽപനയ്ക്ക് കുറഞ്ഞ നിരക്കിൽ മുച്ചക്ര വാഹനം ലഭ്യമാക്കണമെന്ന ഒരു യൂസറുടെ ആവശ്യത്തിന് പ്രത്യേക സ്കീം തന്നെ പ്രഖ്യാപിച്ചായിരുന്നു ധനമന്ത്രിയുടെ മറുപടി. ലോട്ടറി സമ്മാനഘടനയിൽ ആവശ്യമായ മാറ്റം വരുത്തും. സമ്മാനം കൃത്യസമയത്തു തന്നെ നല്‍കും. ലോട്ടറിവകുപ്പിന്റെ അറ്റാദായത്തിൽ ഒരു ശതമാനം ലോട്ടറിത്തൊഴിലാളികളുടെ ക്ഷേമത്തിന് ഉപയോഗിക്കും.

മത്സ്യത്തൊഴിലാളി, പട്ടയം ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഒരു മത്സ്യത്തൊഴിലാളിയുടെ കമന്റുണ്ടായിരുന്നു. അദ്ദേഹത്തിനുൾപ്പെടെ ആശ്വാസകരമായ നടപടികളുമുണ്ട്. സിആർഇസഡ് പരിധിയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് താൽപര്യമുണ്ടെങ്കിൽ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിർത്തിക്കൊണ്ടു തന്നെ സുരക്ഷിതമേഖലയിലേക്ക് മാറി താമസിക്കാം. ഇതിന് 10 ലക്ഷം രൂപ വീതം ധനസഹായം.

‘കാവാലം പാലത്തിന്റെ കാര്യം കേൾക്കാനാഗ്രഹിക്കുന്നു’ എന്നായിരുന്നു ഒരു കമന്റ്. കാവാലം-തട്ടാശ്ശേരി പാലം ഉൾപ്പെടെ 68 പാലങ്ങൾക്ക് 1475 കോടി രൂപയാണു വകയിരുത്തിയത്. ഈ യൂസറുടെ നിർദേശം ബജറ്റിന്റെ എല്ലാ പണികളും പൂർത്തിയാക്കിയതിനു ശേഷമാണ് വന്നതെങ്കിലും ധനമന്ത്രി അതുക്കും മുന്നേ ഇക്കാര്യം ചിന്തിച്ചിരുന്നുവെന്നത് വ്യക്തം. 

Your Rating: