Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുദേവനിൽ തുടങ്ങി, ഒഎൻവിയിൽ ഉപസംഹാരം; ബജറ്റ് പ്രസംഗം രണ്ടുമണിക്കൂർ 56 മിനിറ്റ്

തിരുവനന്തപുരം∙ സമയദൈർഘ്യത്തിൽ റെക്കോർഡ് സൃഷ്ടിച്ച ബജറ്റ് പ്രസംഗം ധനമന്ത്രി തോമസ് ഐസക് തുടങ്ങിയതു ശ്രീനാരായണഗുരുവിനെ ഉദ്ധരിച്ച്. അവസാനിപ്പിച്ചത് ഒഎൻവി കുറുപ്പിന്റെ വരികളുടെ അകമ്പടിയോടെയും. ബജറ്റ് പ്രസംഗം വായിച്ചുതീർക്കാൻ ഐസക് എടുത്തതു രണ്ടുമണിക്കൂറും 56 മിനിറ്റും.

ഫെബ്രുവരി 12ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ രണ്ടുമണിക്കൂർ 54 മിനിറ്റിന്റെ പ്രസംഗമായിരുന്നു നിലവിലുള്ള റെക്കോർഡ്. ‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല’ എന്ന ശ്രീനാരായണഗുരുവിന്റെ വാക്യമാണു പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ചേർത്തത്. ഗുരുവചനങ്ങൾ പിന്നെയും പ്രസംഗത്തിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്.

‘അന്നവസ്ത്രാദി മുട്ടാതെ/തന്നുരക്ഷിച്ചു ഞങ്ങളെ’ എന്ന ദൈവദശകത്തിൽ നിന്നുള്ള വരികൾ ഉദ്ധരിക്കുമ്പോൾ തന്നെ ‘ധന്യരാക്കുന്ന നീയൊന്നു–/തന്നെ ഞങ്ങൾക്കു തമ്പുരാൻ’ എന്ന തൊട്ടു പിന്നാലെയുള്ള വരികൾ ഉദ്ധരിക്കാതിരുന്നതും ശ്രദ്ധേയമായി. പരമ്പരാഗത വ്യവസായങ്ങളെക്കുറിച്ചു പരാമർശിക്കുന്നിടത്തു ശിവഗിരി പ്രസംഗങ്ങൾക്കു ഗുരു നിർദേശിച്ച രണ്ടു വിഷയങ്ങളെക്കുറിച്ചു പറയുമ്പോൾ പ്രസംഗം ഗുരുവിന്റെ കൈവേലയും സാങ്കേതികവിദ്യയുമാണെന്നു നിരീക്ഷിക്കുന്നുണ്ട്.

‘വിദ്യാഭ്യാസം ചെയ്ത് അഭിവൃദ്ധിപ്പെടുക’ എന്ന ഗുരുവചനമാണു സാമൂഹിക പശ്ചാത്തല സൗകര്യങ്ങളെക്കുറിച്ചുള്ള ഭാഗത്തിന്റെ തുടക്കത്തിൽ ഉദ്ധരിക്കുന്നത്. ‘വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കുവാൻ സാധിക്കുന്നതല്ല’ എന്നു ഗുരു പറഞ്ഞതു ചൂണ്ടിക്കാട്ടിയാണു പ്രസംഗത്തിൽ വ്യവസായത്തെക്കുറിച്ചുള്ള ഭാഗം തുടങ്ങുന്നത്.

ലൈബ്രറികളെക്കുറിച്ചു പരാമർശിക്കുമ്പോഴും ഗുരുവചനങ്ങൾ പ്രയോഗിക്കുന്നുണ്ട്. ആമുഖത്തിൽ ഗുരുവിന്റെ വചനങ്ങൾ ഉദ്ധരിച്ചശേഷം തിരഞ്ഞെടുപ്പിൽ സർവസന്നാഹവും ഒരുക്കി വന്ന ജാതി വർഗീയ ശക്തികളെയും ജനങ്ങൾ തള്ളിക്കളഞ്ഞതും ഓർമിപ്പിക്കുന്നുണ്ട്.

‘ദിനാന്തം’ എന്ന ഒഎൻവിയുടെ അവസാന കാവ്യത്തിലെ ‘ഏതീരടി ചൊല്ലി നിർത്തണമെന്നറിയാതെ/ഞാനെന്തിനോ കാതോർത്തു നിൽക്കവേ/നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യർതൻ/ശബ്ദങ്ങളെങ്ങു നിന്നോ കേൾക്കുന്നു/ഞങ്ങൾ ജയിക്കും ജയിക്കുമൊരു ദിനം/നമ്മളൊറ്റയ്ക്കല്ല നമ്മളാണീ ഭൂമി’ എന്നീ അവസാന ആറു വരികൾ ചൊല്ലിയാണു മന്ത്രി പ്രസംഗം നിർത്തിയത്.

Your Rating: