Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറ്റേന്ന്, പ്രശാന്തം

KmMani-Joseph മന്ത്രി പി.ജെ. ജോസഫ് കെ.എം. മാണിയെ കാണാൻ ഔദ്യോഗിക വസതിയായ ‘പ്രശാന്തി’ൽ എത്തിയപ്പോൾ. ജോസ് കെ. മാണി സമീപം.

ശാന്തമായിരുന്നു ഇന്നലെ പ്രശാന്ത്. പ്രശാന്തിലെ ഗൃഹനാഥനും പതിവിലേറെ ശാന്തനായിരുന്നു. നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ മന്ത്രിസ്ഥാനം രാജിവച്ച കെ. എം. മാണിയെത്തേടി മുഖ്യമന്ത്രിമുതൽ പാലായിലെ സാധാരണക്കാരായ കേരള കോൺഗ്രസ് പ്രവർത്തകർവരെ പ്രശാന്തിലെത്തി. തലേന്നുവരെ പലരും പരസ്യമായും രഹസ്യമായും മാണിക്കെതിരായിരുന്നെങ്കിലും രാജിക്കുശേഷം അദ്ദേഹത്തിനു പിന്തുണയുമായാണ് എല്ലാവരുമെത്തിയത്.

രാവിലെതന്നെ മന്ത്രി പി. ജെ. ജോസഫ് മാണിയെ കാണാനെത്തി. ജോസഫും മാണിയും തമ്മിൽ ഭിന്നതയെന്നും കേരള കോൺഗ്രസ് പിളർന്നേക്കുമെന്നുമുള്ള വാർത്തകൾക്കു പിന്നാലെയാണു ജോസഫ് നേരിട്ടെത്തിയത്. അരമണിക്കൂർ ചർച്ചയ്ക്കുശേഷം തിരിച്ചിറങ്ങുമ്പോൾ ജോസഫ് ഒരു കാര്യം വ്യക്തമാക്കി: ഞാനും മാണിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളില്ല. കേരള കോൺഗ്രസ് പിളരില്ല. മന്ത്രി കെ. പി. മോഹനനു പിന്നാലെ മുഖ്യമന്ത്രി എത്തി. ധനവകുപ്പിന്റെ ചുമതല ആർക്കു നൽകണമെന്നതുൾപ്പെടെ നിർണായക കാര്യങ്ങൾ ചർച്ച ചെയ്തെങ്കിലും മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടാതെ ഉമ്മൻ ചാണ്ടി മടങ്ങി.

മന്ത്രി രമേശ് ചെന്നിത്തല തൊട്ടുപിറകെ എത്തി. ബാർ കോഴക്കേസുമായി ബന്ധപ്പെട്ടു താൻ സ്വീകരിച്ച നിലപാടുകൾ രമേശ് ചർച്ചയിൽ ആവർത്തിച്ചു. മന്ത്രിസഭയിൽ ഒരുമിച്ചു പ്രവർത്തിച്ച മാണിയെ കാണാനാണ് എത്തിയതെന്നും സൗഹൃദസന്ദർശനം മാത്രമാണിതെന്നും പിന്നീടു രമേശ് പറഞ്ഞു. മന്ത്രിമാരായ ആര്യാടൻ മുഹമ്മദും ഷിബു ബേബി ജോണും വി. എസ്. ശിവകുമാറും എം. കെ. മുനീറും സി. എൻ. ബാലകൃഷ്ണനും മന്ത്രിസഭായോഗത്തിനുശേഷം എത്തി. ഉച്ചയ്ക്കു മോൻസ് ജോസഫും ടി. യു. കുരുവിളയും എത്തി മാണിയുമായി ദീർഘനേരം ചർച്ച നടത്തി. 

നാളെ നടക്കുന്ന സ്വീകരണ പരിപാടികൾ ഉൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു പ്രധാനചർച്ചാവിഷയം. തോമസ് ഉണ്ണിയാടനും റോഷി അഗസ്റ്റിനും സി. എഫ്. തോമസും ഉൾപ്പെടെയുള്ളവർ പല തവണയായി ഇക്കാര്യത്തിൽ ചർച്ച നടത്തി. പട്ടത്തുനിന്നു തുടങ്ങി കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിൽ സ്വീകരണ പരിപാടികൾ ഉണ്ടാകും.

രാവിലെമുതൽ കേരള കോൺഗ്രസിന്റെ ജനപ്രതിനിധികളും മാണിയെ കാണാൻ എത്തിക്കൊണ്ടിരുന്നു. മാണി പതിവുപോലെ എല്ലാവരെയും ചിരിയോടെ സ്വീകരിച്ചു വിശേഷങ്ങൾ തിരക്കി. മാധ്യമങ്ങളിലെല്ലാം എതിരായ വാർത്തകളാണു വരുന്നതെന്നു പ്രവർത്തകർ പരാതി പറഞ്ഞപ്പോൾ മാണി തിരുത്തി: അത് അവരുടെ ജോലി. അതു ശരിയല്ലെന്നു തെളിയിക്കേണ്ടതു നമ്മുടെ ജോലിയാണ്.

വൈകിട്ട് മുസ് ലിംലീഗ് പ്രവർത്തകസമിതിയോഗത്തിനു ശേഷം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മാണിയെക്കണ്ടു. ചീഫ് സെക്രട്ടറി ജിജി തോംസണും മാണിയുമായി ചർച്ച നടത്തി. വൈകിട്ടു പി. ജെ. ജോസഫ് വീണ്ടും മാണിയുമായി കൂടിക്കാഴ്ച നടത്തി. നേതൃത്വത്തിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവർത്തിച്ചു. നിയമവകുപ്പു സെക്രട്ടറി ജി. ബി. ഹരീന്ദ്രനാഥും മാണിയുമായി ചർച്ച നടത്തി. രാവിലെമുതൽ മാധ്യമപ്രതിനിധികൾ പ്രശാന്തിലുണ്ടായിരുന്നെങ്കിലും മാണി പുറത്തിറങ്ങുകയോ മാധ്യമങ്ങളുമായി സംസാരിക്കുകയോ ചെയ്തില്ല. ആറരയോടെ വാർത്താസമ്മേളനം; അതും തനി മാണി സ്റ്റൈലിൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.