Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലാ അഥവാ മാണി

km-mani

അധ്വാനശീലരും പോരാളികളുമായ കർഷകരുടെ നാടായ പാലാ സ്വന്തം ഛായയിലും സാദൃശ്യത്തിലും നിർവഹിച്ച രാഷ്ട്രീയ സൃഷ്ടിയാണു കെ. എം. മാണി. നെറ്റിയിൽനിന്നുതിർന്ന വിയർപ്പുകൊണ്ട് അദ്ദേഹം സ്വന്തം പേര് ബ്രായ്ക്കറ്റിൽ വഹിച്ച പാർട്ടിയെ കേരള രാഷ്ട്രീയത്തിന്റെ താക്കോൽസ്ഥാനത്തു നിലനിർത്തി. നെടുകെ പിളരേണ്ട രാഷ്ട്രീയ സാഹചര്യങ്ങളിൽക്കൂടി കടന്നുപോയി, പിളർന്ന ഇടങ്ങളിൽനിന്നു വളർത്തിയെടുക്കാനാവുമെന്ന ആത്മവിശ്വാസം കെ. എം. മാണി എപ്പോഴും ആണയിട്ടിരുന്ന കർഷകമനസ്സിൽ പൂവിട്ടുനിന്നിരുന്നു; ഇന്നുവരെ.

ഉടയാത്ത വെള്ള ജൂബപോലെ പതിറ്റാണ്ടുകളോളം കാത്തുസൂക്ഷിച്ച ആ ആത്മവിശ്വാസത്തിനുമേലെയാണു വ്യക്തിപരമായി നേരിടേണ്ടിവന്ന ആരോപണം നിഴൽ വീഴ്ത്തിയത്. നല്ല പോർ പൊരുതിയെന്നു പറയാമായിരുന്ന രാഷ്ട്രീയ ജീവിതത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതും ഒരേയൊരു ആരോപണമാണ്.

കഠിനമായൊരു വാക്കോ കാർക്കശ്യം നിറഞ്ഞ നോട്ടമോ മാണിയിൽ പതിവുള്ളതായിരുന്നില്ല. പക്ഷേ, കേരള കോൺഗ്രസിലും പാലായിലും മാണിസാറിന്റെ മൗനം കല്ലേപ്പിളർക്കുന്നതായിരുന്നു. നയവൈദഗ്ധ്യം നിറഞ്ഞുനിന്ന ആ ഇടപെടലുകൾ ഇടറിപ്പോകുന്നതു കേരളം കണ്ടതും ഈ നാളുകളിലാണ്. മിഡിൽ സ്കൂൾ മുതൽ ആദ്യമകളുടെ പ്രസവകാലംവരെ നീണ്ട പുകവലിയുടെ കറയിൽ ചിലമ്പിച്ചതെങ്കിലും മുഴക്കം വിടാത്ത, കണക്കും കാര്യങ്ങളും കനപ്പെട്ടുനിന്ന ആ ശബ്ദം ഇടറുന്നതും കേരളം കേട്ടു. രാഷ്ട്രീയത്തിലെ പകിടകളികളിൽ ആരെയും അമ്പരപ്പിക്കുന്ന കരവിരുതും മനസ്സുറപ്പും ഏതു ഗോദയിലും കുതറിത്തെറിക്കുന്ന മെയ്‌വഴക്കവുമുണ്ടായിരുന്ന കെ. എം. മാണി അധികാരത്തിന്റെ അരങ്ങൊഴിയുന്നത് ഇങ്ങനെയാകേണ്ടിവന്നു.

ഘടനാപരമായ സവിശേഷതകൊണ്ടു മധ്യതിരുവിതാംകൂറിലെയും കുടിയേറ്റനാടുകളിലെയും വിശാലകുടുംബയോഗമായി ഒതുങ്ങിപ്പോകാമായിരുന്ന ഒരു കക്ഷിയെ തന്ത്രപൂർവമായ നീക്കങ്ങൾകൊണ്ട് അദ്ദേഹം സംസ്ഥാന രാഷ്ട്രീയവേദിയിലെ പ്രധാന കഥാപാത്രമാക്കി കാത്തുസൂക്ഷിച്ചു. സമുദായത്തിന്റെ വിശ്വസ്തനായ വക്താവായി തുടരുമ്പോഴും പാർട്ടിയെ സമുദായേതരവും മതനിരപേക്ഷവുമായി നിലനിർത്താൻ ശ്രമിച്ചു.

പാർട്ടിതന്നെ പരാധീനതയായതുകൊണ്ടാവാം, മുഖ്യമന്ത്രിപദത്തിനും കെ. എം. മാണിക്കുമിടയിലെ ദൂരം പലതിലൊന്നായ ഒരു കേരള കോൺഗ്രസിന്റെ കുതിരപ്പുറത്തു കയറി പിന്നിടാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരുപക്ഷേ, അങ്ങനെ നടന്നെന്നു പി. സി. ജോർജ് പറയുന്ന ഒരു നീക്കത്തിന്റെ തുടർപരമ്പരയായി ഇപ്പോഴത്തെ പതനത്തെ വിലയിരുത്തുന്നവരുമുണ്ട്. കേരള കോൺഗ്രസുകൾ ഒരു കുടക്കീഴിൽ ഒരിക്കലുമൊന്നിച്ചുമില്ല. എങ്കിലും പി. ജെ. ജോസഫും ആർ. ബാലകൃഷ്ണപിള്ളയും ടി. എം. ജേക്കബും പി. സി. ജോർജും അടക്കമുള്ള കൊമ്പൻമാർ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ മാണിക്കു മുന്നിൽ തലകുനിച്ചു; പലപ്പോലും കൊമ്പുകോർക്കുകയും ചെയ്തു.

കെ. എം. മാണിക്കു മുൻപു പാലാ എന്നൊരു നിയോജകമണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂർ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1965ൽ ആണ്. കെ. എം. മാണി ആദ്യം സ്ഥാനാർഥിയായതും ജയിച്ചതും ആ വർഷംതന്നെ. മരങ്ങാട്ടുപള്ളിക്കാരനും വക്കീലും കോൺഗ്രസിൽ പി. ടി. ചാക്കോയുടെ ശിഷ്യനുമായിരുന്ന കെ. എം. മാണി ഒരു വർഷം മുൻപു മാത്രം പിറന്ന കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയായാണു പാലായിൽ കന്നിയങ്കത്തിനിറങ്ങിയത്. ജയിച്ചെങ്കിലും നിയമസഭ ചേർന്നില്ല.

രണ്ടു വർഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്. എംഎൽഎ ആയി. അന്നുതൊട്ട് ഇന്നോളം എഎൽഎ; മുടങ്ങാതെ 12 തവണ. തലമുറ കൈമാറി പാലാ വിരലിൽ മഷിപുരട്ടിയതൊക്കെ കെ. എം. മാണിയുടെ വിജയത്തിനുവേണ്ടി മാത്രമായിരുന്നു. പാലായ്ക്കു കെ. എം. മാണി ആദ്യം കുഞ്ഞുമാണിയായിരുന്നു; പിന്നീടു മാണിസാർ ആയി. അന്തരിച്ച മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉപരാഷ്ട്രപതിയായി ജൻമനാട്ടിലെ സ്വീകരണത്തിനെത്തിയപ്പോൾ പറഞ്ഞു: ‘‘നിങ്ങളെല്ലാം മാണിസാറെന്നു വിളിക്കുന്ന കെ. എം. മാണിയെ ഞാനും മാണിസാറെന്നാണു വിളിക്കുന്നത്.’’

റബറിനൊപ്പം പാലായുടെ ഇക്കണോമിക്‌സ് വളർന്നു. കെ. എം. മാണിക്കൊപ്പം പാലാ പൊളിറ്റിക്‌സിലും വളർന്നു. പാലായിലെ കർഷകരെ കണ്ട് കെ. എം. മാണി അധ്വാനവർഗ സിദ്ധാന്തമുണ്ടാക്കി. പ്രത്യയശാസ്ത്ര ഭാരമൊന്നും അതുവരെ ഇല്ലാതിരുന്ന കേരള കോൺഗ്രസിന് അതു മാനിഫെസ്‌റ്റോ ആയി. മാണിക്കു മറുപടി കൊടുക്കാൻ ഇഎംഎസ് പോലും ശ്രദ്ധിച്ചു. പഠിച്ചു മാത്രം പ്രസംഗിച്ചിരുന്ന കെ. എം. മാണിയെ മാതൃകയാക്കി യുവ കേരള കോൺഗ്രസുകാർ മികച്ച പാർലമെന്റേറിയൻമാരായി.

ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ മൂർച്ചയേറിയ വാൾമുനയായും അതു നേരിടുന്നതിൽ പിഴയ്ക്കാത്ത പരിചയായും മാണിയുടെ വൈഭവം വർഷങ്ങളോളം കണ്ട കേരള നിയമസഭയിൽ അതേ മാണിക്ക് ബജറ്റ് അവതരിപ്പിക്കാൻ എംഎൽഎമാർ മനുഷ്യപ്പരിച തീർക്കേണ്ടിവന്നു; സ്പീക്കർക്ക് അച്ചടക്കത്തിന്റെ വാളെടുക്കേണ്ടതായും വന്നു. എത്ര ക്രൂരമായ ആരോപണത്തോടും മാന്യത വിടാതിരിക്കുകയും ഏതു പ്രകോപനത്തിനു മുന്നിലും മോശമായൊരു വാക്കു പറയാതിരിക്കുകയും ചെയ്ത കെ. എം. മാണി പതറുന്നതു ചാനൽ ക്യാമറകൾ പകർത്തി.

അഡീഷനാലിറ്റി മുതൽ അധ്വാനവർഗ സിദ്ധാന്തംവരെ മാണി പേറ്റന്റ് എടുത്ത പ്രയോഗങ്ങളും ആശയങ്ങളും, തൊപ്പിപ്പാളമുതൽ ഒട്ടുപാൽവരെ സമരായുധമാക്കി തുറന്ന കൗതുകങ്ങളും മറവിയിലാണ്ടു. 

മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന കൊച്ചുഗ്രാമത്തിലെ സാധാരണ കർഷകകുടുംബത്തിൽ കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകൻ നേടിയ വിജയങ്ങൾ വെട്ടിപ്പിടിച്ചതുതന്നെയാണ്. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

സ്‌കൂൾ വിദ്യാർഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കാളിയായി. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാർട്സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. പ്രസംഗവേദികളിൽ പിന്നീടു പ്രസിദ്ധമായ വാഗ്‌ധോരണി കലാലയനാളുകളിലെ മത്സരപ്രസംഗങ്ങളിൽ തുടങ്ങിയതാണ്. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. പരേതനായ ഹൈക്കോടതി ജഡ്ജി പി. ഗോവിന്ദമേനോൻ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്.

കോഴിക്കോട് മുനിസിപ്പൽ ചെയർമാൻ ആയിരുന്നു ഗോവിന്ദമേനോൻ. സീനിയർ ആയ ഗോവിന്ദമേനോനുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിനു നഗരസഭാ വാർഡിലെ ചെറിയ ആൾക്കൂട്ടങ്ങളിൽ താരപ്രസംഗകനായി കെ. എം. മാണി മാറി. അതു ചെറിയ ചുവടുകളായിരുന്നു. ഒരുവർഷത്തെ പ്രാക്ടീസിനുശേഷം പാലായിൽ മടങ്ങിയെത്തിയ മാണി, അക്കാലം പ്രതിപക്ഷനേതാവായിരുന്ന പി. ടി. ചാക്കോയുടെ കാന്തികവലയത്തിൽപ്പെട്ടു.

കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനമായിരുന്നു ആദ്യം കുഞ്ഞുമാണിയെ തേടിയെത്തിയത്. 1959ൽ ആദ്യം കെപിസിസി അംഗമായി. അന്നുമുതൽ കേരള കോൺഗ്രസ് ഉണ്ടാകുന്നതുവരെ കെപിസിസി അംഗമായിരുന്നു. 1964ൽ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവർഷമാണ് പി. ടി. ചാക്കോയുടെ വിയോഗം. പാർട്ടി ചാക്കോയോട് അനീതിയാണു കാട്ടിയതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഉറച്ചു വിശ്വസിച്ചു. കെ. എം. ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ കോൺഗ്രസ് വിട്ടു. 1964ൽ തിരുനക്കരയിൽ മന്നത്തു പത്മനാഭൻ കേരള കോൺഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോൺഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.

കേരള കോൺഗ്രസിന്റെയും കെ. എം. മാണിയുടെയും പാലാ എന്ന പേരിലുള്ള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ് 1965ൽ. അന്നുമുതൽ ഇന്നോളം ഈ ത്രിത്വം ഒന്നായി തുടർന്നു. മാണിയെ എതിർക്കുന്നവർ കേരള കോൺഗ്രസിലും പാലായിലും ഉണ്ടായിട്ടുണ്ട്. അവർ പിണങ്ങിപ്പിരിയുകയും അവരിൽ ചിലർ ‘മുടിയനായ പുത്രനെ’പ്പോലെ തിരിച്ചുവരികയും പിന്നെയും പിരിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്.

മടങ്ങിവരുന്നവരെ ‘മോനേ’ എന്നു സ്‌നേഹത്തോടെ വിളിച്ചു കൂടെക്കൂട്ടാൻ മാണി മടിച്ചിട്ടുമില്ല. ഒടുവിൽ സ്വന്തം മകൻതന്നെ രാഷ്ട്രീയത്തിലെത്തുകയും അതു കാരണമായി ആദ്യം പി. സി. തോമസും പിന്നീടു കൂടെക്കൂടിയ പി. സി. ജോർജും മാണിയെ വിട്ടുപിരിയുകയും ചെയ്തു. പാലായുടെ രാഷ്ട്രീയ ഭൂപടത്തിന്റെ വിഭജനരേഖ കെ. എം. മാണിയായിരുന്നു. മാണിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും - അതായിരുന്നു ഇത്രകാലം പാലായുടെ രാഷ്ട്രീയം. കേരള കോൺഗ്രസിലെ എണ്ണമറ്റ പിളർപ്പിൽ മിക്കവാറും ഒരു തലയ്ക്കൽ കെ. എം. മാണിയായിരുന്നു.

കെ. എം. മാണി ആദ്യം മന്ത്രിയാകുന്നത് 1975 ഡിസംബർ 21നാണ്. ധനകാര്യവകുപ്പിൽ തുടങ്ങി. അടിയന്തരാവസ്ഥയെത്തുടർന്നുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. തിരഞ്ഞെടുപ്പുകേസിൽപ്പെട്ട് അൽപകാലം ഒഴിഞ്ഞുനിൽക്കേണ്ടിവന്ന ഇടവേളയിലാണ് പി. ജെ. ജോസഫ് ആദ്യം മന്ത്രിയായത്. കെ. എം. മാണി കൈകാര്യം ചെയ്യാത്ത വകുപ്പ് ഏതുണ്ടെന്നാണു ചോദിക്കേണ്ടത്. ധനകാര്യം, ആഭ്യന്തരം, റവന്യു, ജലസേചനം, നിയമം, ഭവനം, വൈദ്യുതി...അങ്ങനെ പല വകുപ്പിലായി വെളിച്ചവിപ്ലവം, പാർപ്പിട പദ്ധതി, കാരുണ്യ ചികിത്സാ സഹായ പദ്ധതി മുതൽ കമ്മി മിച്ചമാക്കുന്ന കൺകെട്ടുവരെയുള്ള മാണിയുടെ മായികവിദ്യ നിയമസഭയും മാധ്യമങ്ങളും ജനവും പലപ്പോഴും കൗതുകത്തോടെ കണ്ടിരുന്നിട്ടുണ്ട്.

ധനമന്ത്രിയെന്ന നിലയിൽ 13 ബജറ്റ് അവതരിപ്പിച്ചു. കെ. എം. മാണി കറുത്ത സ്യൂട്ട്കേസുമായി ഔദ്യോഗിക വസതിയിൽനിന്ന് ഇറങ്ങിവരുന്നതും പിന്നിൽ ഭാര്യ കുട്ടിയമ്മ പുഞ്ചിരിക്കുന്നതുമായ പത്രച്ചിത്രമായിരുന്നു വളരെക്കാലം കേരളമനസ്സിലെ ബജറ്റ് ദൃശ്യം. ഒടുവിൽ അതു നിയമസഭയിൽ നാണക്കേടു തീർത്ത ബഹളത്തിന്റെയും സംഘർഷത്തിന്റെയും നടുവിൽ എംഎൽഎമാർ തീർത്ത വലയത്തിനുള്ളിൽ അവതരിപ്പിച്ചെന്നും ഇല്ലെന്നും പറയാവുന്ന ബജറ്റ് പ്രസംഗത്തിന്റെ മങ്ങിയൊരു ചാനൽദൃശ്യമായി മാറി.

മുഖ്യമന്ത്രിപദത്തിലെത്താമായിരുന്ന സാധ്യതയുടെ കാലത്താണ് അന്ന് ആഭ്യന്തരമന്ത്രിയായ പി. ടി. ചാക്കോ ഒരു ആരോപണത്തിന്റെ പേരിൽ സ്ഥാനമൊഴിയേണ്ടിവന്നത്. മുഖ്യമന്ത്രിപദത്തിനായുള്ള ചില നീക്കങ്ങളെക്കുറിച്ചു വാർത്തകൾ പ്രചരിച്ച കാലത്തു കെ. എം. മാണിക്കും അതേ സ്ഥിതി വരുന്നു. ചാക്കോയുടെ രാജി കേരള കോൺഗ്രസിന്റെ പിറവിക്കു കാരണമായെങ്കിൽ, മാണിയുടെ രാജി അതേ പാർട്ടിയെ ഏതൊക്കെ രീതിയിലാണു ബാധിക്കുകയെന്നതു കണ്ടറിയേണ്ട കാര്യമാണ്.

മാതൃകകളൊന്നും തേടാതെ സ്വന്തം വഴി സ്വയം വെട്ടിപ്പിടിക്കുകയും ലക്ഷ്യം സ്വയം നിർണയിക്കുകയും ചെയ്ത കെ. എം. മാണിക്ക് മന്ത്രിസഭയ്ക്കു പുറത്തേക്കായാൽപോലും തീർച്ചയായും ഇങ്ങനെയല്ലാതെയൊരു വഴി ഉണ്ടാകേണ്ടതുതന്നെയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.