Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീസറിന്റെ ഭാര്യയും സീതയും; കോടതി കയറിയ ഉദ്ധരണികൾ

court

ഒറ്റ ദിവസം കൊണ്ടു കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതു മന്ത്രി കെ.എം.മാണിക്കെതിരായ കേസ് പരിഗണിക്കുമ്പോൾ ‘സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന’ ജസ്റ്റിസ് ബി.കെമാൽ പാഷയുടെ പരാമർശമാണ്. ഇങ്ങനെ കോടതി കയറിയ ഉദ്ധരണികൾ ഒട്ടേറെയാണ്

സീസറിന്റെ ഭാര്യയും സീതയും

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ഇംഗ്ലീഷ് പ്രയോഗത്തിനു കേരളത്തിൽ ഒറ്റദിവസം കൊണ്ടു ലഭിച്ച പ്രചാരം ചെറുതല്ല. നിയമരംഗത്ത് ഇത്തരത്തിൽ പ്രചാരം നേടിയ ഉദ്ധരണികളിൽ ഏറെയും വില്യം ഷേക്സ്പിയറിന്റേതാണെങ്കിലും ‘സീസറിന്റെ ഭാര്യ’ ഉദ്ധരണിയുടെ പിതാവ് ഷേക്സ്പിയറല്ല. യൂറോപ്പിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടർച്ചയായി പ്രയോഗിക്കുന്ന ഇതു ജൂലിയസ് സീസറിന്റെ ചരിത്രത്തിൽ നിന്നുള്ളതാണ്. റോമാ സാമ്രാജ്യം സീസറിന്റെ രണ്ടാംഭാര്യ പോംപിയയുടെ ചാരിത്ര്യത്തിൽ സംശയം പ്രകടിപ്പിച്ചപ്പോൾ ഇക്കാര്യത്തിൽ തെളിവില്ലാതിരുന്നിട്ടും ഭാര്യയെ ഉപേക്ഷിക്കാൻ തയാറായ സീസർ പറഞ്ഞു ‘എന്റെ ഭാര്യ സംശയത്തിനു പോലും അതീതയായിരിക്കണം.’

രാമായണത്തിലും ഇത്തരമൊരു സന്ദർഭമുണ്ട്. രാവണനിഗ്രഹം കഴിഞ്ഞു സീതയോടൊപ്പം അയോധ്യയിൽ മടങ്ങിയെത്തുന്ന ശ്രീരാമനു സീതയുടെ ചാരിത്രശുദ്ധിയിൽ വിശ്വാസമുണ്ടായിട്ടും പ്രജകളിൽ ആർക്കും സംശയമുണ്ടാവാതിരിക്കാനാണു സീതയുടെ അഗ്നി പരീക്ഷയ്ക്കു നിർദേശം നൽകുന്നത്. അഗ്നി പരീക്ഷ വിജയിച്ചിട്ടും വീണ്ടും നേരിയ സംശയം ഉന്നയിച്ച അലക്കുകാരന്റെ വാക്കുകളാണു സീതയെ ഉപേക്ഷിക്കാൻ കാരണമായത്.

കൊതിപ്പിച്ചു തെന്നി മാറുന്ന മരണം

ലൈംഗികപീഡനത്തിന് ഇരയായി 37 വർഷം ആശുപത്രിയിൽ ബോധരഹിതയായി ജീവിച്ച അരുണ ഷാങ്ബേഗിനു വേണ്ടിയുള്ള ദയാവധ ഹർജി തള്ളി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മർക്കണ്ഡേയ കഡ്ജു കുറിച്ച ഉർദുകവി മിർസാ ഗാലിബിന്റെ ഈരടികൾ വിധിന്യായത്തിന്റെ ശക്തി വർധിപ്പിച്ചു. ‘ മോഹിച്ചു മോഹിച്ചു മരിക്കാനൊരുങ്ങി ജീവിക്കുമ്പോഴും കൊതിപ്പിച്ചു തെന്നിമാറുന്നൂ മരണം...’

ജസ്റ്റിസ് കെ.ടി. തോമസിനെപ്പറ്റി കപിൽ സിബലിന്റെ കവിത

ബാർ കോഴക്കേസിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷയുടെ ചരിത്രവിധിക്കു സാക്ഷിയായ രാജ്യത്തെ പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ അഴിമതിക്കേസിൽ വിധിപറയുന്ന ന്യായാധിപനെക്കുറിച്ചെഴുതിയ കവിതയുടെ പ്രസക്തഭാഗം:

‘രാഷ്ട്രീയ സമ്മർദമേറെയുണ്ടാകിലും നീതിതൻ പഴുതുകളിലൂടെ വാദിക്കിലും, ഭവദീയ ന്യായബോധത്താലവയെല്ലാം, പരിഹരിച്ചഴിമതി നിരോധനം സാധ്യമായ്. ലോഭത്തിനും ദുരയ്ക്കുമാർത്തിക്കും ഭവാൻ ഒരുക്കും കെണിയതി കർശനം നിർണയം, സാമൂഹ്യപ്രതിബദ്ധതയ്ക്കുമതു, സമ്മാന്യമായ് വരും കർശനോപാധികൾ.’ (സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ യാത്രയയപ്പു വേളയിൽ അന്നത്തെ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്ന കപിൽ സിബൽ രചിച്ച കവിതയിൽ നിന്ന്, പരിഭാഷപ്പെടുത്തിയത് അമ്പലപ്പുഴ ശ്രീകുമാരവർമ)

രാജാവ് കുടിലിൽ പ്രവേശിക്കരുത്

സാധാരണക്കാരന്റെ വീടുകളിൽ യൂണിഫോമിട്ട പൊലീസ് നടത്തുന്ന കടന്നുകയറ്റത്തെ എതിർത്തു പൊലീസ് കംപ്ലയ്ന്റ് അതോറിറ്റി ചെയർമാനായ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ബ്രിട്ടിഷ് രാഷ്ട്രമീമാംസകൻ വില്യം പിറ്റിനെ ഉദ്ധരിച്ചത് ഇങ്ങനെയാണ്:

‘ഏതു സാധാരണക്കാരന്റേയും വീട് അവനു കൊട്ടാരമാണ്, ചിലപ്പോൾ അവ ദുർബലമായി ചരിഞ്ഞേക്കാം, മഴയിൽ ചോർന്നൊലിക്കാം കാറ്റും കോളും അവിടെ കടന്നു കയറിയേക്കാം എന്നാലും ഇംഗ്ലണ്ടിലെ രാജാവ് അവിടെ പ്രവേശിക്കരുത്.’

സിബിഐ എന്ന കൂട്ടിലടച്ച തത്ത

കൂട്ടിലടച്ച തത്ത എന്താണു സംസാരിക്കുന്നത്? സംശയമില്ല, യജമാനൻ പറയുന്നതു മാത്രം ഏറ്റുപറയും. ഒട്ടേറെ യജമാനൻമാർ ഉണ്ടെങ്കിലോ? അവർ പറയുന്നതു മുഴുവൻ ഏറ്റുപറയേണ്ടിവരും. സ്വന്തമായി ഒരു വാക്കും ഉണ്ടാകില്ല. കൽക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെയാണു സുപ്രീം കോടതി കൂട്ടിലടച്ച തത്തയോട് ഉപമിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.