Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടരാജി നീക്കം അലസിപ്പോയി

തിരുവനന്തപുരം∙ ഒരുമിച്ചുള്ള രാജിയാകും ഉചിതം എന്ന മാണി വിഭാഗത്തിന്റെ ആവശ്യം കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് വിഭാഗം കയ്യോടെ നിരസിച്ചു. മാണിക്കെതിരെയുള്ള കോടതി പരാമർശത്തിന്റെ പേരിൽ ജോസഫ് എന്തിനു രാജിവയ്ക്കണമെന്ന യുക്തിയാണ് അവർ ഉന്നയിച്ചത്. എന്നാൽ കേരള കോൺഗ്രസിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി ഉടലെടുത്തുവെന്നു പാർട്ടി കരുതുന്ന കേസിനോടുള്ള രാഷ്ട്രീയ നിലപാടായി കൂട്ടരാജി മാറുമെന്ന അഭിപ്രായമായിരുന്നു മാണി വിഭാഗത്തിന്.

കോടതി മാണിക്കെതിരെ പറഞ്ഞതിൽ തങ്ങൾക്കും പഴുതുണ്ട് എന്നതിനാൽ രാജി തള്ളുന്നുവെന്ന സൂചനയാണു രാവിലെ കേരള കോൺഗ്രസ് കേന്ദ്രങ്ങൾ നൽകിയത്. രാജിയില്ല എന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പരസ്യമായി സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന അഭിപ്രായമാണു യുഡിഎഫിനെന്നു വന്നതോടെ, എങ്കിൽ കൂട്ടരാജി ആയിക്കൂടേ എന്ന ചർച്ചയായി. അതോടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു മുൻപായി ജോസഫ് വിഭാഗം അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിൽ യോഗം ചേർന്നു.

മാണിക്കെതിരെയുള്ള വിജിലൻസ് കോടതി വിധിയും അതേത്തുടർന്നുള്ള ഹൈക്കോടതി വിധിയുമാണ് ഇപ്പോൾ രാജിയിലേക്കു ചർച്ചകൾ നയിച്ചതെന്നിരിക്കെ അതിനൊപ്പം ജോസഫും രാജിവയ്ക്കുന്നതിൽ അർഥമില്ലെന്ന ധാരണയാണ് അവിടെ ഉണ്ടായത്. അങ്ങനെ ഒരു നിലപാട് ഈ ഘട്ടത്തിൽ ആവശ്യമില്ല. നേരത്തേ അക്കാര്യം ആലോചിക്കാമായിരുന്നു. എന്നാൽ രാജിവയ്ക്കാനില്ലെന്ന നിലപാടു മാണി അപ്പോഴെല്ലാം സ്വീകരിച്ചു. ഇപ്പോൾ കോടതി പരാമർശമാണു പ്രശ്നം. കേസിൽ അന്തർഭവിച്ചിരിക്കുന്ന രാഷ്ട്രീയമല്ല.

എന്നാൽ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കൂട്ടരാജി സജീവചർച്ചാവിഷയമായി. കോൺഗ്രസിനെതിരെയുള്ള ശക്തമായ രോഷം കമ്മിറ്റിയിലുണ്ടായി. ആക്ഷേപവും അന്വേഷണവും കേസും വിധികളുമെല്ലാം ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതാണ്. കേരള കോൺഗ്രസിനെ നശിപ്പിക്കാനുള്ള ഈ നീക്കത്തിന് കൂട്ടായ മറുപടിയാണു വേണ്ടത്. അതിനാൽ മാണിയും ജോസഫും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും പാർട്ടി പദവികൾ ഒഴിയണമെന്നു മാണി വിഭാഗത്തിലെ ഏതാനും നേതാക്കൾ അഭിപ്രായപ്പെട്ടു. മാണി മാത്രമായി ഒഴിയുന്നതുവഴി പാർട്ടിക്കും അദ്ദേഹത്തിനുമെതിരെ ഉണ്ടാകാനിടയുള്ള പ്രചാരണവും അതോടെ വഴിമാറും.

കൂട്ടരാജി ആവശ്യമില്ലെന്നു ജോസഫ് വിഭാഗവും പ്രതികരിച്ചു. അത് സൃഷ്ടിക്കുന്ന അർഥതലങ്ങൾ മറ്റു പലതുമാണ്. അതു യുഡിഎഫിനെതിരെയുള്ള രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി വരും. ആ തീരുമാനം ഇല്ലാതിരിക്കെ, കൂട്ടരാജിക്ക് പ്രസക്തിയില്ല. മാണിയോ ജോസഫോ യോഗത്തിൽ ഇതേക്കുറിച്ച് പ്രതികരിച്ചുമില്ല. ഇതോടെ വിഷയം ഇരുനേതാക്കൾക്കും യോഗം വിട്ടു. സ്റ്റിയറിങ് കമ്മിറ്റി കഴിഞ്ഞ ഉടൻ തന്നെ ഇരുനേതാക്കളും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി. ആലോചിച്ച് ഏഴുമണിക്ക് മുൻപായി പറയാമെന്നു ജോസഫ് വ്യക്തമാക്കി.

തുടർന്നു ഫ്രാൻസിസ് ജോർജ്, ആന്റണി രാജു, ടി.യു. കുരുവിള, മോൻസ് ജോസഫ് തുടങ്ങിയവർ ജോസഫിന്റെ വസതിയിൽ ഒത്തുചേർന്നു. ജോസഫ് രാജിവയ്ക്കേണ്ടതില്ലെന്നു മാണിയോടു തീർത്തു പറയാൻ യോഗം തീരുമാനിച്ചു. ഇതിനിടെ മന്ത്രി കെ.സി. ജോസഫ് എത്തിയതും ചർച്ചയായി. തുടർന്ന് ആന്റണി രാജു ആറരയോടെ മാണിയുടെ വസതിയിലെത്തി ജോസഫിന്റെ തീരുമാനം അറിയിച്ചു. ഇതിനിടെ ജോസഫ് തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു രാജിക്കാര്യം തള്ളിയതായും വിവരമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.