Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫ് രാജിവയ്ക്കണമെന്നു പറഞ്ഞിട്ടില്ല: കെ.എം. മാണി

KM Mani and PJ Joseph

തിരുവനന്തപുരം∙ മന്ത്രി പി.ജെ. ജോസഫ് രാജിവയ്ക്കണമെന്നു താൻ അദ്ദേഹത്തോടു പറയുകയോ അക്കാര്യം ആഗ്രഹിക്കുകയോ ഉണ്ടായിട്ടില്ലെന്നു കെ.എം. മാണി. തോമസ് ഉണ്ണിയാടനോടും രാജിവയ്ക്കണമെന്നു പറഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. അതു തന്നോടുള്ള സ്നേഹത്തിന്റെ തീവ്രത കൊണ്ടാകും. അതു പി.ജെ. ജോസഫിനില്ലേ എന്നൊക്കെ ചോദിച്ചാൽ എന്ത് ഉത്തരം പറയാനാണ്?. എങ്കിൽ പിന്നെ അതിന്റെ പേരിൽ ഉമ്മൻചാണ്ടി രാജിവയ്ക്കുമോ എന്നും ചോദിക്കുമോ? ഇങ്ങനെ ആരൊക്കെ കണ്ണീർ പൊഴിച്ചു എന്നൊക്കെ ചോദിച്ചാൽ എന്തു പറയാനാണ്? കൂട്ടച്ചിരി ഉയർത്തി മാണി ചോദിച്ചു.

പാർട്ടിക്ക് അകത്തു നടന്ന ചർച്ചയിൽ പല അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അതിനെ അങ്ങനെ കണ്ടാൽ മതി. പുതിയ ധനമന്ത്രിയുടെ കാര്യത്തിൽ ധൃതി പിടിച്ചാൽ പറ്റില്ല. പാർട്ടി അക്കാര്യം ചർച്ച ചെയ്യും. ഏതെങ്കിലും ഒരു മന്ത്രി രാജിവച്ചാൽ അദ്ദേഹത്തിന്റെ വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതാണ് രീതി. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങൾക്കു സമയമുണ്ടല്ലോ. പി.സി. ജോർജ് രാജിവയ്ക്കാനൊരുങ്ങുന്നത് അയോഗ്യനാക്കപ്പെടുമോ എന്ന് ആശങ്കിച്ചാണ് എന്നു പത്രത്തിൽ വായിച്ചറിഞ്ഞു. അത് തന്റെ അഭിപ്രായമല്ല. ഇത് തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും കയ്പേറിയ അനുഭവമല്ല. അങ്ങനെയുള്ള പലതിൽ ഒന്നു മാത്രമാണ്. കാരുണ്യപദ്ധതിയുടെ ഭാഗമായി 1,23,812 പേർക്ക് ആശ്വാസം കൊടുക്കാൻ കഴിഞ്ഞു എന്നതാണ് മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോൾ ഏറ്റവും വലിയ കാര്യമായി അനുഭവപ്പെട്ടത്. 842 കോടിയാണ് ഇതിനായി ചെലവഴിച്ചത്. ലോകത്തു തന്നെ ഇങ്ങനെ മറ്റൊരു പദ്ധതിയില്ല.

കേരളത്തിന്റെ വളർച്ചാനിരക്ക് 15.5 ആയി ഉയർത്താൻ കഴിഞ്ഞു. ഇത് ഇന്ത്യയുടെ ശരാശരിയേക്കാൾ മുകളിലാണ്. വമ്പിച്ച സാമ്പത്തികമാന്ദ്യത്തിനിടയിലും റവന്യൂകമ്മി 13,796 കോടിയിൽ നിന്ന് ഈ വർഷം 11,309 ആയി കുറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആഗ്രഹിച്ച വിജയം നേടാൻ കഴിയാത്തതിന്റെ പാപഭാരം പോലും തന്റെയും കേരളകോൺഗ്രസിന്റെയും തലയിൽ വയ്ക്കാൻ ശ്രമമുണ്ടായി. എന്നാൽ, കേരളകോൺഗ്രസിനു രാഷ്ട്രീയാടിത്തറ ഉള്ള സ്ഥലങ്ങളിലെല്ലാം അതു ശക്തവും ഭദ്രവുമാണ് എന്ന് അവരോർമ്മിക്കണം. ഇപ്പോൾ നടക്കുന്നതെല്ലാം വ്യക്തിപരമായ തേജോവധമാണ്. പക്ഷേ, ചെയ്ത ജോലിയിൽ തനിക്കു തികഞ്ഞ സംതൃപ്തിയുണ്ട്. പക്ഷേ, തന്റെ സേവനവും ആത്മാർഥതയും പ്രതിബദ്ധതയും കാണാൻ എല്ലാവർക്കും കഴിഞ്ഞില്ല.

ഹൈക്കോടതിയിൽ അപ്പീൽ പോയത് തെറ്റായി തോന്നിയിട്ടില്ല. അത് അവകാശമാണ്. വിജിലൻസ് കോടതിവിധിയിലെ പലതും ഹൈക്കോടതി അസ്ഥിരീകരിക്കുകയാണ് ഉണ്ടായത്. അതോടൊപ്പം ചില പരാമർശങ്ങളും വന്നു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പിഴവുണ്ടായോ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരിശോധിക്കാം–കെ.എം. മാണി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.