Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ രക്തത്തിനായി ചിലർ ദാഹിച്ചു: മാണി

by സ്വന്തം ലേഖകൻ
km-maani-press-meet

തിരുവനന്തപുരം∙ ചില വ്യക്തികളും ശക്തികളും തന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നതായി മന്ത്രിപദം ഒഴിഞ്ഞ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ കെ.എം. മാണി തുറന്നടിച്ചു. നീതി ലഭിക്കേണ്ട കേന്ദ്രങ്ങളിൽ നിന്ന് അതു തനിക്കു ലഭിച്ചില്ലെന്ന് കോൺഗ്രസ് കേന്ദ്രങ്ങളെ ലാക്കാക്കിയും മാണി പറഞ്ഞു. തനിക്കെതിരെ എഫ്ഐആർ എടുക്കേണ്ട ആവശ്യമില്ലായിരുന്നു. നടന്നതു രാഷ്ട്രീയ ഗൂഢാലോചന തന്നെയാണ്. ആര് എന്നു തുറന്നുപറയാത്തതു മാന്യതയുടെ പേരിലാണ്. ചില സൂചനകൾ നൽകിക്കഴിഞ്ഞു. നിങ്ങൾക്ക് അന്വേഷിച്ചു കണ്ടെത്താം–മാണി പറഞ്ഞു.

ഹൈക്കോടതി വിധിയുടെ പേരിൽ ചൊവ്വാഴ്ച രാജിവച്ച മാണി ഇന്നലെ വൈകിട്ടാണ് അതിലേക്കു നയിച്ച കാര്യങ്ങളിൽ തനിക്കുള്ള അമർഷം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നു വന്നതോടെയാണോ ഈ നീക്കങ്ങൾ ആരംഭിച്ചത് എന്ന ചോദ്യത്തിന്, ആളുകൾക്കു ചിലപ്പോൾ ഓരോ ഭയം തോന്നില്ലേ എന്നായിരുന്നു മറുപടി. എതിരെ നീങ്ങിയത് ആരാണ് എന്നു വ്യക്തമായി അറിയാം. അതു താൻ പറയില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണോ എന്നാരാഞ്ഞപ്പോൾ, ഒരിക്കലുമല്ല എന്നായിരുന്നു മാണിയുടെ മറുപടി. അദ്ദേഹം മാന്യനും എല്ലാവരോടും സമഭാവനയോടെ പെരുമാറുന്ന വ്യക്തിയുമാണ്. രമേശ് ചെന്നിത്തലയാണോ എന്ന ചോദ്യത്തിന്, ഓരോരുത്തരുടെ പേരു പറഞ്ഞു തന്നോടു ചോദിക്കാൻ പോകുകയാണോ എന്ന മറുചോദ്യമാണു വന്നത്. ഗൂഢാലോചന യുഡിഎഫിൽ നിന്നാണോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകാതെ മാണി ഒഴിഞ്ഞുമാറി.

‘‘എന്റെ പാർട്ടിയിൽ നിന്നു നീതി ലഭിച്ചിട്ടുണ്ട്. അസൗകര്യങ്ങളുണ്ടാക്കുന്ന ചോദ്യങ്ങൾ വേണ്ട. മാധ്യമ പ്രവർത്തകർക്കു വരികൾക്കിടയിൽ നിന്നു വായിക്കാൻ അറിയാമല്ലോ. എനിക്കാരോടും പരിഭവമില്ല. രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ഇതൊക്കെ മുന്നിൽ കാണണം. മാമ്പഴമുള്ള മാവിലേ കല്ലെറിയൂ. പിറകോട്ടു നോക്കുമ്പോൾ സംശുദ്ധവും സുതാര്യവുമായ 50 വർഷങ്ങളാണ്’’–മാണി പറഞ്ഞു. ഹൈക്കോടതി വിധിയിൽ തനിക്കെതിരെ കുറ്റാരോപണങ്ങളില്ല; ചില പരാമർശങ്ങൾ മാത്രം. താൻ മന്ത്രിയായി തുടരുമ്പോൾ കേസന്വേഷണം സ്വതന്ത്രമാകുമോ എന്ന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാർ ചെലവിൽ അഭിഭാഷകരെ കൊണ്ടുവരുന്നതിനെക്കുറിച്ചു സാധാരണക്കാർക്ക് എന്തുതോന്നുമെന്ന സംശയവും കോടതിയിൽ നിന്നുണ്ടായി. ഇവയുടെ പേരിൽ നിയമപരമായോ, ധാർമികമായോ രാജിവയ്ക്കേണ്ട കാര്യമില്ല. എന്നാൽ, നിയമവ്യവസ്ഥയോടുള്ള ആദരം പ്രകടിപ്പിക്കാൻ വേണ്ടിയാണു നിയമമന്ത്രി കൂടിയായ താൻ രാജിവച്ചത്. അത് ആരും നിർദേശിച്ചിട്ടല്ല എന്ന് ഉമ്മൻചാണ്ടി പറഞ്ഞതു വാസ്തവമാണ്.

രാജി തന്റെയും പാർട്ടിയുടേയും തീരുമാനമായിരുന്നു. ആരോപണവിധേയനായ ഒരാളെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ അയാൾ മന്ത്രിസ്ഥാനത്തു തുടരുന്നതിനെക്കുറിച്ചാണ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നു കോടതി പറഞ്ഞത്. പ്രസംഗങ്ങളിലും മറ്റും താനും സ്ഥിരമായി പറയാറുള്ളതാണ്. ഒരു വ്യക്തി(ബിജുരമേശ്) പലർക്കെതിരെയും ആക്ഷേപങ്ങൾ ഉന്നയിക്കുകയും തനിക്കെതിരെ മാത്രം അന്വേഷണം വരികയും ചെയ്യുന്നത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ, അങ്ങനെ സഹതാപം തോന്നുന്നുണ്ടല്ലേ എന്നു തിരിച്ചുചോദിക്കാനേ കഴിയൂ. മാധ്യമ പ്രവർത്തകരിൽ നിന്ന് ഈ ചോദ്യം വന്നതു ശ്രദ്ധിക്കപ്പെടേണ്ടതാണ്. മന്ത്രി കെ. ബാബുവിന് ഏതെങ്കിലും തരത്തിലുള്ള പരിഗണന കിട്ടിയെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. ബാബു ഇവിടെ വന്നു താനുമായി സംസാരിച്ചിരുന്നു.

ആരോഗ്യം അനുവദിക്കുകയും പാലായിലെ ജനങ്ങൾ ആഗ്രഹിക്കുകയും ചെയ്താൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്നു മാണി പറഞ്ഞു. മന്തിസ്ഥാനത്തേക്കു തിരിച്ചുവരിക എന്ന ലക്ഷ്യവുമായല്ല തന്റെ പ്രവർത്തനം. യുഡിഎഫിൽ ഉറച്ചുനിൽക്കുമോ എന്നത് എന്തു ചോദ്യമാണെന്നും, നിൽക്കുന്നയിടത്തു തന്നെ നിൽക്കുമെന്നും മാണി വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചു വ്യക്തമായ മറുപടി നൽകിയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.