Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ രാജി

km-mani.. മന്ത്രി കെ.എം. മാണി തിരുവനന്തപുരത്തെ വസതിയിൽ രാജി പ്രഖ്യാപിക്കുന്നു. സി.എഫ്. തോമസ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, ജോബ് മൈക്കിൾ, ജോസഫ് എം. പുതുശേരി, എൻ. ജയരാജൻ എംഎൽഎ, തോമസ് ഉണ്ണിയാടൻ, എംപിമാരായ ജോയി ഏബ്രഹാം, ജോസ് കെ. മാണി തുടങ്ങിയവർ സമീപം. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം ∙ നാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊടുവിൽ ധന–നിയമ മന്ത്രി കെ.എം. മാണി മന്ത്രിപദം രാജിവച്ചു. മാണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഗവൺമെന്റ് ചീഫ് വിപ് തോമസ് ഉണ്ണിയാടനും പദവിയൊഴിഞ്ഞു. കേരള കോൺഗ്രസിന്റെ രണ്ടാമത്തെ മന്ത്രിയായ പി.ജെ. ജോസഫും രാജിവയ്ക്കണമെന്ന ആശയം പാർട്ടി പരിഗണിച്ചുവെങ്കിലും ജോസഫ് തയാറായില്ല. കേരള കോൺഗ്രസിലെ ഭിന്നതയും ഇതോടെ മറനീക്കി.

രാത്രി എട്ടിന് ഔദ്യോഗിക വസതിയായ ‘പ്രശാന്തി’ൽ തിങ്ങിനിറഞ്ഞ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും മുൻപാകെയാണു മാണി രാജിപ്രഖ്യാപനം നടത്തിയത്. നേതാക്കളായ ജോസഫ് എം. പുതുശേരിയും റോഷി അഗസ്റ്റിനും തുടർന്നു രാജിക്കത്ത് തൊട്ടടുത്തുള്ള ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കു കൈമാറി. യുഡിഎഫ് യോഗം നടക്കുന്നതിനിടയിലാണു മുന്നണിയുടെ ഏറ്റവും ഉന്നതനായ നേതാക്കളിലൊരാളുടെ രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു .ഒറ്റവരിയിലുള്ളതാണു രാജിക്കത്ത്. അതേസമയം, ഉണ്ണിയാടന്റെ രാജിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ബാർ കോഴക്കേസിലെ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ അപ്പീൽ തള്ളി ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ തുടർന്നാണു മാണിയുടെ രാജി. ഹൈക്കോടതിയുടെ പരാമർശങ്ങൾ വിലയിരുത്തിയ യുഡിഎഫ്, മാണിയുടെ രാജിയാവും ഉചിതമെന്ന വിലയിരുത്തലിൽ എത്തി. രാവിലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് അന്തിമമാക്കി.

മുസ്‍ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ് എന്നിവരുമായി തുടർന്നുള്ള ആശയവിനിമയത്തിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാജിയാണു കരണീയമെന്ന അഭിപ്രായം ഉരുത്തിരിഞ്ഞു. എന്നാൽ യുഡിഎഫ് യോഗത്തിന് എത്തിച്ചേരാൻ മാണിവിഭാഗം തയാറായില്ല. അതോടെ യോഗം ഉപേക്ഷിച്ച് ഉഭയകക്ഷി ചർച്ച മാത്രമാക്കി.

രാജിവയ്ക്കുകയാകും നല്ലത് എന്ന യുഡിഎഫിന്റെ അഭിപ്രായം മാണിയെ അറിയിച്ചതിനു തൊട്ടുപിന്നാലെ ‘പ്രശാന്തി’ൽ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിച്ചു. മാണി രാജിക്കു തുനിയില്ല എന്ന സൂചന ഇതിനിടെ ശക്തമായി. നിയമപരമായ പ്രതിരോധമാണ് ആലോചിക്കുന്നത് എന്ന പ്രചാരണം വന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയോ സുപ്രീം കോടതിയെയോ സമീപിച്ചേക്കുമെന്നും സൂചനകളുണ്ടായി. എന്നാൽ സ്റ്റിയറിങ് കമ്മിറ്റി യോഗ തുടക്കത്തിൽ തന്നെ മാണി രാജിസന്നദ്ധത അറിയിച്ചു.

അതോടെ മാണി മാത്രം ഒഴിഞ്ഞാൽ മതിയോ, അതോ കൂട്ടരാജി വേണോ എന്നതിലേക്കായി ചർച്ച. എന്നാൽ മാണിക്കെതിരായ പരാമർശത്തിന്റെ പേരിൽ രാജിക്കു താനില്ലെന്നു പി.ജെ. ജോസഫ് വ്യക്തമാക്കി. ഉണ്ണിയാടൻ പക്ഷേ തന്റെ നേതാവിനൊപ്പം ഉറച്ചുനിന്നു. നാലു മണിയോടെ യോഗം അവസാനിച്ചുവെങ്കിലും മാണിയുടെ പ്രഖ്യാപനം പിന്നെയും നാലു മണിക്കൂർ നീണ്ടു.

നേതാവിനു തുണ: ഉണ്ണിയാടൻ

തിരുവനന്തപുരം∙പാർട്ടി ചെയർമാനും ലീഡറും മന്ത്രിയുമായ കെ.എം മാണിയുടെ രാജിക്ക് ഇടയായ സാഹചര്യം വന്നുചേർന്നതിൽ അങ്ങേയറ്റത്തെ വിഷമവും പ്രയാസവുമുണ്ടെന്ന് തോമസ് ഉണ്ണിയാടൻ. നീതിന്യായ വ്യവസ്ഥയോടുള്ള നീതിയും കൂറും പുലർത്തിയാണ് അദ്ദേഹം രാജിവയ്ക്കുന്നത്. അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞാൻ ചീഫ് വിപ് സ്ഥാനം രാജി വയ്ക്കുന്നു: ഉണ്ണിയാടൻ പറഞ്ഞു.

ആരോപണം ഉയർന്ന് ഒരു വർഷം പിന്നിട്ടപ്പോൾ രാജി

തിരുവനന്തപുരം ∙ മാണി കൈക്കൂലി വാങ്ങി എന്ന ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ ഒരു വർഷം മുൻപത്തെ വെളിപ്പെടുത്തലാണ് എംഎൽഎ പദത്തിന്റെ 50–ാം വർഷത്തിൽ കേരള കോൺഗ്രസിന്റെ സമുന്നത നേതാവിന്റെ പടിയിറക്കത്തിനു വഴിവച്ചത്. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് പരിഗണിച്ച വിജിലൻസ് കോടതി തുടരന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ വിജിലൻസ് നൽകിയ അപ്പീലിൽ തിങ്കളാഴ്ച ഉണ്ടായ വിധിയാണു രാജിയിലേക്കു നയിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.