Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിസാറിന് ഒരാമുഖം, കേരളാ കോൺഗ്രസിനും

mani

നിങ്ങളീ കേരളാ കോൺഗ്രസു മാണി സാറു, മാണി സാറു കേരള കോൺഗ്രസു എന്നൊക്കെ പറയുന്നവരു മാണിസാറിനേം കേരളാ കോൺഗ്രസിനേംകുറിച്ചൊരു ഇൻട്രൊഡക്ഷൻ വായിക്കുക. പാലാ സ്ലാങ്ങിൽ.

സാർ

ഒന്നാമതു മനസിലാക്കണ്ടതു ബ്രിട്ടീഷുകാര് ഇന്ത്യേന്നു പോയശേഷം സാർ പദവി കിട്ടീട്ടുള്ള ഒരാളേയുള്ളു. അതു മാണി സാറാ. പണ്ടു ചെറിയാൻ കാപ്പൻ സാറിന്റെകൂടെ പാലേടെ ഹൃദയത്തിലേക്കു വന്നയാളാ മാണി സാറു. ആദ്യവെല്ലാരും കുഞ്ഞുമാണീന്നാ വിളിച്ചിരുന്നേ. പിന്നെ സാറു വളർന്നപ്പം സാറിനു തോന്നി, എനിമൊതൽ താൻ മാണിസാറാന്നു. അങ്ങനാ കുഞ്ഞുമാണി, മാണിസാറായേ.

മാണിസാറും മാണിസാറിനെ മാണിസാറെന്നാ വിളിക്കുന്നേ. നമ്മളൊക്കെ വീട്ടീന്നെറങ്ങുമ്പോ, ഞാൻ എറങ്ങുവാ കേട്ടോ എന്നല്ലേ പറയുന്നേ. മാണിസാറു അങ്ങനല്ല, മാണിസാറു എറങ്ങുവാ എന്നാ പറയുന്നേ - കേട്ടോ എന്നു മാണിസാറിനു നിർബന്ധവൊന്നുവില്ല.

കുഞ്ഞുമാണിയല്ല, മാണിസാർ

KM Mani കെ.എം. മാണിയുടെ ഒരു ആദ്യകാല ചിത്രം

പിന്നേ, മാണിസാറേന്നൊള്ള വിളി മാണിസാറിനെത്ര ഇഷ്ടവാന്നറിയണേൽ പറയാൻ പറ്റുന്ന ഒരാളൊണ്ടാരുന്നു. മരിച്ചുപോയി. പാലക്കാരനാരുന്നു. ഒന്നാന്തരം കുടുംബക്കാരൻ. പേരു പടിഞ്ഞാറേക്കര ഉമ്മച്ചൻ. പടിഞ്ഞാറേക്കര ഉമ്മച്ചനും കുഞ്ഞുമാണീം കൂട്ടുകാരാരൂന്നു. ഒരുമിച്ചു പഠിച്ചതാണോന്നും സംശയമൊണ്ടു. ഉമ്മച്ചൻ മാണിസാറിനേ കുഞ്ഞുമാണീന്നേ വിളിക്കുവൊള്ളാരുന്നു. ഉമ്മച്ചാ കുഞ്ഞുമാണിയൊക്കെ പണ്ടു, ഞാൻ മാണിസാറാന്നു മാണിസാറു പറഞ്ഞപോലെ ഉമ്മച്ചനു തോന്നി. കുഞ്ഞുമാണീ, സാറേന്നൊന്നും വിളിക്കാൻ എന്നേ കിട്ടുകേല കേട്ടോന്നു ഉമ്മച്ചൻ പറഞ്ഞു. നല്ല കളി! കൂടെപഠിച്ചതാരിക്കും കളിച്ചതാരിക്കും, പക്ഷെ കേരളാ കോൺഗ്രസുകാരനാണേൽ മാണിസാറേന്നു വിളിക്കണം. എന്താണേലും ഉമ്മച്ചൻ പാർട്ടീന്നു പോയി.

മരിച്ച സ്വന്തം വീട്ടിൽ മാണിസാർ

മരിച്ചവീട്ടി പോയാ മാണി സാറു വീട്ടുകാരനായി മാറുന്ന കഥകളൊക്കെ നിങ്ങക്കറിയാം. അതിലേ ബെസ്റ്റു കഥയൊരെണ്ണം ഒരുപ്രാവശ്യംകൂടി പറയുന്നകൊണ്ടു ആർക്കും നഷ്ടവൊന്നുവില്ലല്ലോ: മാണി സാറു കാറേ പോകുമ്പം പൊറകിൽ ഒന്നു രണ്ടു റീത്തു കരുതിയേക്കും. ഏതേലും മരിച്ചവീടു കണ്ടാൽ കേറാനും വെക്കാനുമാ. അങ്ങനൊരു ദിവസം റീത്തുംവച്ചോണ്ടു പോകുമ്പം ദേ ഒരു മരിച്ചവീടു. വണ്ടി ബ്രേക്കിട്ടു. സെക്രട്ടറീനോടു പറഞ്ഞു, പോയി കളം പഠിച്ചോച്ചുവരാൻ. സെക്രട്ടറി കടപ്പാട്ടൂരു അമ്പലത്തിനടുത്തെങ്ങാണ്ടൊള്ള ഒരു നല്ല നായരാരുന്നു. കക്ഷി മരിച്ചവീട്ടി കേറിച്ചെന്നപ്പം, പള്ളീലച്ചൻ പ്രാർഥന ചൊല്ലിക്കോണ്ടു നിക്കുവാ...‘‘ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു, എന്റെ ഓട്ടം പൂർത്തിയാക്കി.

അതിനാൽ...’’ യുദ്ധം ചെയ്തെന്നു കേട്ടപ്പം സെക്രട്ടറിക്കു സംഗതീടെ ഗുട്ടൻസു പിടികിട്ടി. മാണിസാറിന്റടുത്തുചെന്നു പറഞ്ഞു, ‘മാണി സാറേ, മരിച്ചതു പട്ടാളക്കാരനാ’. ദാ മാണിസാറു വീട്ടിലോട്ടു കേറുന്നു. പിന്നെനടന്നതു, വെള്ളിമൂങ്ങാ സിനിമേൽ ബിജു മേനോൻ മരിച്ചവീട്ടി ചെല്ലുന്ന സീനൊണ്ടല്ലോ, അതുപോലൊരണ്ണവാ. പടികൾ ചവിട്ടുമ്പഴേ മാണിസാറിന്റെ മൊഖം സങ്കടങ്കൊണ്ടു നെറഞ്ഞു, കൂമ്പി. ശവപ്പെട്ടീടത്തുചെന്നു നിന്നപ്പം കൂമ്പലു കൊറെക്കൂടെ കൂടി. മാണിസാറു ശബ്ദമൊണ്ടാക്കാതെ ബാവായ്ക്കും പുത്രനും റൂഹാദകുദിശായ്ക്കും ചൊല്ലി, കുരിശുവരച്ചു. അടുത്തുനിക്കുന്നതു മരിച്ചുകെടക്കുന്ന അപ്പാപ്പന്റെ മോനാന്നു ഒരു ചീളു കേരളാ കോൺഗ്രസുകാരൻ മാണിസാറിന്റെ ചെവീ പൊറുപൊറുത്തു. മാണിസാറു കേറി അപ്പാപ്പന്റെ മോന്റെ കൈയ്യേൽ പിടിച്ചമക്കി. എന്നിട്ടൊരു കാച്ച്: ‘സങ്കടപ്പെടെണ്ട. ഒന്നുവല്ലേലും രാജ്യത്തിനുവേണ്ടിയല്ലേ.’ അപ്പാപ്പന്റെ മോൻ ഞെട്ടിപ്പോയി. പത്തുപതിനഞ്ചു വർഷമായിട്ടു തളന്നു കെടക്കുവാരുന്ന അപ്പൻ മരിച്ചപ്പം ദേ മാണി സാറു പറയുന്നു, രാജ്യത്തിനുവേണ്ടിയാന്നു. നല്ല വണ്ണം യുദ്ധം ചെയ്ത കഥ മോനറയില്ലല്ലോ! അതാണു മാണിസാറു.

ഇതിക്കൂടുതലു മാണിസാറിനെക്കുറിച്ചു പറഞ്ഞാൽ അഡീഷണാലിറ്റിയാകും. അതുകൊണ്ടു വേണ്ട.

KM Mani കെ.എം. മാണിയുടെ ഒരു ആദ്യകാല ചിത്രം

കേരളത്തിന്റെ കോൺഗ്രസ്

എന്നായെനി കേരളാ കോൺഗ്രസിനേക്കുറിച്ചു ചെല കാര്യങ്ങളൊക്കെ പറയാം. ചരിത്രവറിഞ്ഞിരുന്നാ ചേർത്തുവായിക്കുമ്പം പലതും എളുപ്പം പിടികിട്ടും. പി.ടി. ചാക്കോസാറൊണ്ടാരുന്നു. പണ്ടു കേരളാ കോൺഗ്രസിലൊണ്ടാരുന്ന പി.സി. തോമസിന്റപ്പൻ. തോമസു കേന്ദ്ര മന്ത്രിയൊക്കെയാരുന്നു. റബറെന്നു പറഞ്ഞു ഡൽഹീലെ വഴീലൊക്കെ കെടന്നു കൊറെ ഉരുണ്ടിട്ടൊള്ളയാളാ ഈ തോമസു. കൊറെ കാലമായിട്ടു ബിജെപീടെ കൂടാ. ഇപ്രാവശ്യം പഞ്ചായത്തി തോമസിന്റെ പാർട്ടിക്കു 5178 വോട്ടു കിട്ടി. അതവിടെ നിക്കട്ടെ. പി.ടി. ചാക്കോയുടെ കാര്യം പറയാം. ആദ്യം കമ്യൂണിസ്റ്റു മന്ത്രിസഭയൊണ്ടായപ്പം പി.ടി. ചാക്കോയാരുന്നു പ്രതിപക്ഷ നേതാവു. ഒത്തം പൊക്കം, നല്ല മീശ. സുമുഖൻ. സുന്ദരൻ. അസലു പ്രസംഗോം. മെത്രാൻമാരും നായമ്മാരുംകൂടെ വിമോചനസമരം നടത്തി ഇഎംഎസിന്റെ മന്ത്രിസഭേനെ പൊറത്താക്കിയല്ലോ. അപ്പഴാ പട്ടത്തിന്റെ എക്യെമുന്നണി സർക്കാരൊണ്ടായേ. അതിൽ ചാക്കോയും മന്ത്രിയാരുന്നു. ആഭ്യന്തരോം, റവന്യൂം, വൈദ്യുതീമൊക്കെയാരുന്നു വകുപ്പുകൾ. പി.ടീനെ ക്രിസ്ത്യാനികൾക്കൊക്കെ ഇഷ്ടവാരുന്നു. അച്ചൻമാർക്കു ഇഷ്ടവല്ലാരുന്നു. പി.ടിക്കു അച്ചൻമാരെ അത്ര പിടിയല്ലാരുന്നു. പണ്ടത്തെ വടക്കനച്ചനൊണ്ടല്ലോ, ഫാ.വടക്കൻ. ആ അച്ചൻ രാഷ്ട്രീയം കളിക്കാൻ പോയപ്പം ചാക്കോ പ്രസംഗിച്ചതാ രാഷ്ട്രീയം അച്ചൻമാരുടെ പണിയല്ലെന്നു.

ചാക്കോ പീച്ചിക്ക്

ചാക്കോ ഒരു ദിവസം കാറോടിച്ചു പീച്ചിക്കു പോയപ്പം, പിൻസീറ്റിൽ ഒരാളൊണ്ടാരുന്നു. അവരു രണ്ടുംകൂടെ പീച്ചിക്കു പോയതാന്നു പലരും പറഞ്ഞുപരത്തിയാരുന്നു. അങ്ങനല്ല സത്യമെന്നു പരത്തിവയർക്കും അറിയാമാരുന്നു. പറഞ്ഞുവെരുന്നതു അതല്ല. തൃശൂരുവെച്ചൊരു ആക്സിഡന്റൊണ്ടായി. ചാക്കോയുടെ കാറിന്റെ ഡോറേൽ ഒരു പിടിവണ്ടി തട്ടി. പിടിവണ്ടീം വണ്ടിക്കാരനും വീണു. ആരും മരിച്ചൊന്നുവില്ല. എന്നതാണേലും, വടക്കനച്ചന്റെ ‘തൊഴിലാളി’ പത്രവെല്ലാങ്കൂടെ സംഭവമെടുത്തിട്ടലക്കി. ചാക്കോ രാജിവയ്ക്കണമെന്നു കമ്യൂണിസ്റ്റുകാരു ബഹളംവച്ചു. വിഷയം നിയമസഭേൽ വന്നപ്പം ചാക്കോ അസലൊരു പ്രസംഗം പ്രസംഗിച്ചിട്ടു പറഞ്ഞു, രാജിവെക്കാമെന്ന്. മറ്റേ മന്ത്രിമാരെല്ലാംകൂടെ പറഞ്ഞു, അതൊന്നും വേണ്ടെന്നു. പട്ടം മാറി, ആർ.ശങ്കർ മുഖ്യമന്ത്രിയായാരുന്നു.

mani-joseph കെ.എം. മാണിയും പി.ജെ ജോസഫും

മാടായി പ്രഹ്ളാദൻ

പാർട്ടി കോൺഗ്രസല്ലേ, പാരയ്ക്കു വെല്ലോ പഞ്ഞോമുണ്ടോ? ചാക്കോ രാജിവച്ചേ പറ്റൂന്നു പറഞ്ഞു മാടായി മണ്ഡലത്തീന്നൊള്ള കോൺഗ്രസുകാരൻ എംഎൽഎ പ്രഹ്ളാദൻ ഗോപാലൻ നിയമസഭേടെ മുന്നിൽ ധർണയിരുന്നു. 1964ൽ ഗാന്ധിജീടെ ഓർമ്മദിവസം ജനുവരി 30നാ ധർണ തൊടങ്ങിയേ. അന്നു കളിച്ച ഒരാളു സി.കെ.ഗോവിന്ദൻ നായരാരുന്നു. മൂപ്പരന്നു ചെലരോടൊക്കെ പറഞ്ഞതാ:‘‘മറ്റവനെയാ പിടിക്കേണ്ടിയിരുന്നത്. കെണിയിലായതു പി.ടി.ചാക്കോയാ, പാവം.’’ മറ്റവൻന്നുദ്ദേശിച്വതു ആർ.ശങ്കറെയാ. എന്നതാണേലും പ്രഹ്ളാദന്റെ ധർണ തൊടങ്ങി 20 ദെവസം കഴിഞ്ഞപ്പം, ഫെബ്രുവരി 20നു പി.ടി.രാജിവച്ചു. സത്യം പറഞ്ഞാ, ചാക്കോയ്ക്കു നേരെയൊണ്ടായ ചൊറിച്ചിലുകളുടെ കാലത്താ കേരളാ കോൺഗ്രസിന്റെ വിത്തു പാകിയേ.

ചാക്കോയെ രാജിവെപ്പിച്ചതു ഇഷ്ടപ്പെടാത്ത ഒത്തിരി കോൺഗ്രസുകാരൊണ്ടാരുന്നു. രാജിവെപ്പിക്കാൻ ഡൽഹിക്കു പോയപ്പം ചാക്കോയും ശങ്കറുമായിട്ടും ഒരസി. ശങ്കറിൽ എനിക്കു വിശ്വാസവില്ലെന്നൊക്കെ ചാക്കോ പരസ്യവായിട്ടു പറഞ്ഞു. എന്നതാണേലും ചാക്കോഗ്രൂപ്പിസം മൂത്തു. ചാക്കോയ്ക്കും കൊറച്ചു വാശിയൊക്കെ ഒണ്ടായി. അങ്ങനെ കക്ഷി കേറി കെപിസിസി പ്രസിഡന്റായിട്ടുവരെ മൽസരിച്ചു. ജയിക്കാനല്ല, കൂടെ എത്രപേരൊണ്ടെന്നു നോക്കാനാ ഉദ്ദേശമെന്നാ ചാക്കോ, പാലായിലെ പുലിക്കുന്നേലെ അപ്പച്ചായനെന്ന ജോസഫ് പുലിക്കുന്നനോടു പറഞ്ഞത്. അതു അപ്പച്ചായൻതന്നെ പറഞ്ഞിട്ടൊണ്ട്. എന്നതാണേലും, എലക്ഷനു ചാക്കോയ്ക്ക് 70 വോട്ടു കിട്ടി. ജയിച്ച കെ.സി.എബ്രാഹത്തിനു 112 വോട്ടും. ഡയബറ്റിസൊക്കെയൊണ്ടാരുന്ന ചാക്കോ ആഗസ്റ്റ് ഒന്നാം തീയതി മരിച്ചു. കോഴിക്കോട്ടുവച്ച്. അന്നു ബോഡി വാഴൂരേ വീട്ടിലേക്കു കൊണ്ടുവന്ന രീതിയൊക്കെ പലർക്കു ഇഷ്ടവായില്ല. ശങ്കറു കളിച്ചന്നൊക്കെ പലരും പറഞ്ഞു. അതൊന്നുവത്ര ശരിയല്ലാരുന്നു.

കുഞ്ഞനവിശ്വാസം

ചാക്കോ രാജിവെച്ചപ്പം പൂഞ്ഞാറ്റീന്നൊള്ള ടി.എ.തൊമ്മനെയാ മന്ത്രിയാക്കിയേ. അതു സുഖിക്കാഞ്ഞയൊരാളു കെ.എം.ജോർജാ. കേരളാ കോൺഗ്രസിന്റെ ഫസ്റ്റ് പ്രസിഡന്റ്. ആ കാലത്തു കൊറെ കളിച്ചയാളാ സി.എം.സ്റ്റീഫൻ. ശങ്കറിനെവെട്ടി മുഖ്യമന്ത്രിയാകാനാരുന്ന സ്റ്റീഫന്റെ കളി. എന്നാണേലും, സെപ്റ്റംബറിൽ ശങ്കറിന്റെ മന്ത്രിസഭ വീണു. അന്നു പി.കെ.കുഞ്ഞിന്റെ അവിശ്വാസ പ്രമേയത്തെ 15 കോൺഗ്രസുകാരു പിന്തുണച്ചാരുന്നു. കെ.എം.ജോർജും ആർ.ബാലകൃഷ്ണപിള്ളേം, കെ.നാരായണക്കുറുപ്പും, കുസുമം ജോസഫുമൊക്കെ. ഈ 15 പേരും കോൺഗ്രസീന്നു പൊറത്തായി. തിരിച്ചു കോൺഗ്രസിലോട്ടു പോകണവെന്നു കെ.എം. ജോർജിനു ആലോചനയുണ്ടായിരുന്നു.

പൊറത്താക്കപ്പെട്ടവരും സഹതാപംതോന്നിയവരുവൊക്കെ എറണാകൊളത്തെ എംബസി ഹോട്ടലിലൊരു യോഗം ചേർന്നു. കെ.എം. ജോർജാരുന്നു അധ്യക്ഷൻ. ചെറിയാൻ കാപ്പൻ എത്തിയപ്പം താമസിച്ചുപോയി. കാപ്പനെ ഒതുക്കിയതാന്നൊക്കെ ചെലരു പറഞ്ഞുപിടിച്ചു. അതങ്ങനല്ലാരുന്നു. പുതിയ പാർട്ടിയൊണ്ടാക്കിയ കാശാരു മൊടക്കവുന്നെക്കെയാരുന്നു ചർച്ച.

KM Mani പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റ് അവതരിപ്പിക്കുന്ന കെ.എം. മാണി

ലക്ഷ്മിയിൽ തുടങ്ങിയ കേരളാ കോൺഗ്രസ്

കാശൊന്നുവൊണ്ടാക്കാതാ ചാക്കോ മരിച്ചതെന്നോർക്കണം. വീട്ടുകാർക്കു നല്ല കടോവൊണ്ടാരുന്നു. അങ്ങനാ കൊറേ പേരു ചേർന്ന് ഒരു ലക്ഷത്തിക്കൂടുതലു പിരിച്ചൊണ്ടാക്കിയേ. തിരുനക്കര മൈതാനത്തുവച്ചു കാശു ചാക്കോയുടെ വീട്ടുകാർക്കു മന്നത്തു പത്മനാഭനെക്കൊണ്ടു കൊടുപ്പിക്കാൻ തീരുമാനിച്ചു. തീയതീം തീരുമാനിച്ചു: ഒക്ടോബർ ഒൻപത്. നാലു മണിക്കു.

അന്നു മാത്തച്ചൻ കുരുവിനാക്കുന്നേലാ കോട്ടയം ഡിസിസി പ്രസിഡന്റ്. ചാക്കോഗ്രൂപ്പുകാരുടെ ഒരു യോഗം അന്നു രാവിലെ 10നു കോട്ടയത്തെ ലക്ഷ്മിവിലാസ് ഓഡിറ്റോറിയത്തി ചേരുവെന്നു മാത്തച്ചനാ പലരേം അറിയിച്ചേ. ആ യോഗത്തിലവതരിപ്പിക്കാൻ ജോസഫ് പുലിക്കുന്നനാ പ്രമേയമെഴുതിയൊണ്ടാക്കിയേ. കേരളത്തിലെ ഒറിജിനിൽ കോൺഗ്രസായതിനാൽ നമ്മക്കു കേരളാ കോൺഗ്രസെന്നു പേരിടാമെന്നും ആ യോഗത്തിലാ തീരുമാനിച്ചേ. ഉച്ചകഴിഞ്ഞു തിരുനക്കരേലേ യോഗത്തിൽ മന്നത്തു പത്മനാഭനാ അനൗൺസ് ചെയ്തതു, കേരള കോൺഗ്രസ് എന്നൊരു പാർട്ടി ഒണ്ടായിരിക്കുന്നെന്ന്. അങ്ങനൊരു സംഗതി സംഭവിച്ചെന്നു കെ.എം.ജോർജു മന്നത്തോടു സ്റ്റേജേവച്ചാ പറഞ്ഞേ. മന്നോമായിട്ടു ഇവർക്കൊക്കെ നേരത്തെതന്നെ നല്ല ഡീലിങ്സാരുന്നു. മാണി സാറു എൻഎസ്എസ് ആസ്ഥാനത്തോട്ടു പോകുന്നൂന്നൊക്കെ കഴിഞ്ഞ ദിവസം ടിവിക്കാരു ഊഹിച്ച് അടിച്ചുവിട്ടില്ലേ. അതിനൊരു ചരിത്രമൊണ്ടന്നു മനസിലായല്ലോ.

കേ.കോ.മു.ലി

പിന്നെ, ഇപ്പം മുസ്ലിം ലീഗു മാണിസാറിനോടൊരു സോഫ്റ്റ് ലൈൻ എടുക്കുന്നതിനും ചരിത്രവൊണ്ട്. കേരളാ കോൺഗ്രസു തൊടങ്ങിയപ്പംതൊട്ടേ ലീഗുമായിട്ടു നല്ല അടുപ്പവാരുന്നു. ഒണ്ടായപ്പം മറ്റെല്ലാരും കേരളാ കോൺഗ്രസിനെ തെറിവിളിച്ചാരുന്നു. ലീഗ് അങ്ങനൊന്നും പറഞ്ഞില്ല. ബാഫക്കി തങ്ങളും കേരളാ കോൺഗ്രസ് നേതാക്കളുവായിട്ടു ചർച്ചേം നടത്തി. കേരളാ കോൺഗ്രസിനോടു സി.രാജഗോപാലാചാരീടെ സ്വതന്ത്ര പാർട്ടീം അടുപ്പവാരുന്നു. എലക്ഷനായപ്പം മൂന്നു ലക്ഷം രൂപ കൊടുക്കാവെന്നുവരെ രാജാജീം മീനു മസാനീമൊക്കെ ഏറ്റതുപോലുമാ. എന്നതാണേലും ആദ്യ കാലത്തു കേരളാ കോൺഗ്രസുകാരു കാശില്ലാതെ ഒത്തിരി കഷ്ടപ്പെട്ടതാ. വയനാട്ടി പോയപ്പം ഒരണ വെലയൊള്ള രണ്ടു സോഡ മേടിക്കാൻ പോയപ്പം വേണ്ട, ഒന്നു മതീന്നു കെ.എം.ജോർജ് വെലക്കിയതൊക്കെ പുലിക്കുന്നൻ എഴുതീട്ടൊണ്ട്. (സംഭാവന ചോദിച്വോണ്ടു കെ.എം.ജോർജ് എഴുതിയ കത്തിന്റെ കോപ്പി ഇതിന്റെ കൂടെ കൊടുത്തിട്ടൊണ്ട്. പാർട്ടിയുടെ ദാരിദ്യ്രം വായിച്ചാ സങ്കടം വെരും! കേരളത്തെ രക്ഷിക്കാൻ കാശുകൊടുക്കാനാ കെ.എം.ജോർജ് പറഞ്ഞേ).

1965 ഫെബ്രുവരീലേ എലക്ഷനിലാ മാണിസാറു പാലായീന്നു മൽസരിക്കുന്നേ. അന്നു മാണിസാറു കോട്ടയത്തെ ഡിസിസി സെക്രട്ടറിയാ. മാണിസാറിനോ സ്ഥാനാർഥിയാക്കുന്നതിനേ കുരുവിനാക്കുന്നേ മാത്തച്ചൻ അസലായിട്ടു എതിർത്തതാ. ജോസഫ് ചാഴിക്കാടനേ സ്ഥാനാർഥിയാവെന്നാരുന്നു മാത്തച്ചന്റെ ലൈൻ. അന്നു മാണിസാറിനുവേണ്ടി കാര്യവായിട്ടു വാദിച്ചതു താനാന്നു പുലിക്കുന്നൻ ഏറ്റുപറഞ്ഞെഴുതീട്ടൊണ്ട്. ‘‘മാണിക്കു സീറ്റു നൽകിയ പാപത്തിനുത്തരവാദി പുലിക്കുന്നനാണ്’’ എന്നു പാർട്ടീന്നു ഒൗട്ടായശേഷം മാത്തച്വൻ പുലിക്കുന്നനോടു പറഞ്ഞിട്ടുവൊണ്ട്.

പാപവാണേലും പുണ്യവാണേലും, മാണി സാറു മൽസരിച്ചു. കുതിരയാരുന്നു ചിഹ്നം. ടിവീക്കാരു കഴിഞ്ഞ ദിവസം പറയുന്ന കേട്ടു മാണി സാറു പാലാ അരമനേലോട്ടു പോകുന്നൂന്നു. ഒള്ളതു പറയണവല്ലോ, കേരളാ കോൺഗ്രസു ഒണ്ടായ കാലത്തു മാണിസാറും പാലായിലെ വയലിൽ പിതാവുമായിട്ടു രസത്തിലല്ലാരുന്നു. എലക്ഷനു വയലിൽ പിതാവു മാണിസാറിനേ പരസ്യവായിട്ടു എതിർത്തു. എന്നിട്ടും മാണി സാറു ജയിച്ചു, കിട്ടിയതു 25,833 വോട്ട്. കെ.എം.ജോർജിനു കോതമംഗലത്തു 18,744 വോട്ട്. ആർക്കും ഭൂരിപക്ഷമില്ലാഞ്ഞകൊണ്ടു അത്തവണ സർക്കാരൊണ്ടായില്ല. അതൊന്നും മാണിസാറിനൊരു പ്രശ്നവായില്ല.

അവിടുന്നങ്ങോട്ടു വെച്ചടി വെച്ചടി കേറി മാണിസാറു എവിടെവരെയെത്തി, ഒടുവിലത്തെ വിവരങ്ങൾക്കായി ടിവി കണ്ടാ മതി. പത്രം വായിച്ചാലും മതി. എന്നാഒക്കെ പറഞ്ഞാലും മാണിസാറൊരു സംഭവാ.

കേരള കോൺഗ്രസിന്റെ ഒരു ആദ്യകാല നോട്ടീസ്

Kerala Congress Notice
Kerala Congress Notice
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.