Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതശബ്ദം എന്ന അപകടകാരി

കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതത്തിലാണ് നാമെല്ലാവരും. നൂറിനു മുകളിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമാകുകയും മുന്നൂറിലധികം വ്യക്തികൾ മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ, ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതിനിധി എന്ന നിലയിൽ ചില കാര്യങ്ങൾ പറയാതിരിക്കാൻ നിവൃത്തിയില്ല.

കുറച്ചു വർഷങ്ങളായി അമിത ശബ്ദത്തിന്റെ സ്ഥായിയായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ലോകത്തുതന്നെ ഏറ്റവും ശബ്ദശല്യമുള്ള നാടായ കേരളത്തിൽ ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത് അസാധാരണമല്ല. പാരമ്പര്യത്തിന്റെ പേരു പറഞ്ഞ് രക്ഷപ്പെടുന്ന ഭരണവർഗവും മതത്തിന്റെ പേരിൽ സ്വാർഥലാഭത്തിനായി മറ്റുള്ളവരെ ഉപദ്രവിക്കാൻ മടികാണിക്കാത്ത പൊതുപ്രവർത്തകരുമാണ് കേരളത്തിന്റെ ശാപം. ശബ്ദം സുന്ദരമാണ്. അധികമായാൽ ഏറ്റവും അപകടം പിടിച്ചതും. ശബ്ദത്തെ അളക്കുന്നതു ഡെസിബെൽ (ഡിബി) എന്ന യൂണിറ്റിലാണ്. സീറോ ഡെസിബെൽ (0 ഡിബി) ഒരു വ്യക്തി കേൾക്കാവുന്ന ഏറ്റവും ചെറിയ ശബ്ദമാണ്. ഓരോ 10 ഡിബിയും പത്തിരട്ടി വീതമാണ്. അതിനർഥം 20 ഡിബി 100 ഇരട്ടിയും 30 ഡിബി 1000 ഇരട്ടിയുമാണ്. 100 ഡിബി 1000 കോടിയും 120 ഡിബി ഒരു ലക്ഷം കോടിയും 160 ഡിബി നൂറുകോടി കോടിയും ആണെന്നു മനസ്സിലാക്കണം. ശബ്ദം ശരിക്കും തരംഗരൂപത്തിൽ സഞ്ചരിക്കുന്ന വായു സമ്മർദമാണ് (Pressure Wave). 70 ഡിബിക്കു മുകളിലുള്ള ശബ്ദങ്ങൾ അൽപനേരത്തേക്കാണെങ്കിൽപോലും ആരോഗ്യത്തിനു ഹാനികരമാണ്.

സ്ഥായിയായിട്ടുള്ള കേൾവിക്കുറവ്, കാതിൽ മൂളൽ, തലകറക്കം എന്നിവയ്ക്കൊപ്പം ഓർമക്കുറവ്, ഉറക്കമില്ലായ്മ, മാനസിക സമ്മർദം, അമിത രക്തസമ്മർദം, ഹൃദയമിടിപ്പ് കൂട്ടൽ, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടൽ, അസിഡിറ്റി എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ മൂർച്ഛിക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭിണികൾക്ക് അബോർഷൻ, ഗർഭസ്ഥശിശുവിന് അംഗവൈകല്യം എന്നിവയും അമിത ശബ്ദത്തിന്റെ ദോഷഫലങ്ങളാണ്. കഴിഞ്ഞ കുറെ നാളുകളായി ഈ വസ്തുതകൾ പത്രങ്ങൾ വഴിയും മറ്റും ഐഎംഎ നിരന്തരം പൊതുജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. വെടിക്കെട്ടുകളുടെ ശക്തി 130 മുതൽ 160 ഡിബി വരെയാണ്. പരവൂരിലെ ഈ വെടിക്കെട്ടിൽ കാഴ്ചക്കാരായി എത്തിയ എല്ലാ വ്യക്തികൾക്കും അവർ അറിഞ്ഞോ അറിയാതെയോ വലിയ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സംഭവിച്ചിരിക്കാനിടയുണ്ട്. ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്ന ഗവൺമെന്റും പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരും സ്വയം വിമർശനത്തിനു തയാറാകണം.

ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും നാടിനോടും ജനങ്ങളോടും ആത്മാർഥത ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അതിന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ തയാറാണ്. വെടിക്കെട്ട് ആഘോഷങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ഐഎംഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അധികാരികളിൽനിന്നു ലഭിക്കാത്ത നീതി കോടതിയിൽനിന്നു ലഭിക്കുമെന്നാണു വിശ്വാസം. പ്രബുദ്ധരായ നമ്മുടെ ജനങ്ങൾ ഈ സന്ദർഭത്തിൽ ഐഎംഎയോടൊപ്പം നിൽക്കണമെന്ന് ആഗ്രഹിക്കുന്നു.

(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സേഫ് സൗണ്ട് ഇനിഷ്യേറ്റീവിന്റെ നാഷനൽ കോ–ഓർഡിനേറ്റർ ആണ് ലേഖകൻ).

Your Rating: