Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പുതപ്പു മാറ്റി അവർ കണ്ടു; മരണത്തിന്റെ വിറങ്ങലിച്ച മുഖം

kollam-tension- കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നു പുറത്തേക്കു കൊണ്ടുവരുമ്പോൾ തിരിച്ചറിയാനായി ഉത്കണ്ഠയോടെ നിൽക്കുന്ന ബന്ധുക്കൾ.

കൊല്ലം ∙ ജില്ലാ ആശുപത്രിയുടെ മോർച്ചറിമുറ്റത്തെ സ്റ്റീൽ മേശകളിൽ മരണം വെള്ളപുതച്ചു നിരന്നുകിടന്നു. പേരുകൾക്കു വിലയില്ലാത്ത ജീവനറ്റ ശരീരങ്ങൾ തേടിയെത്തിയ ബന്ധുക്കളുടെ കണ്ണുകളിൽ മരണം കണ്ടു മടുത്തതിന്റെ മരവിപ്പ് തങ്ങിനിന്നു. തലേന്നു വീട്ടിൽനിന്നിറങ്ങിപ്പോയ ഉറ്റവരുടെ മുഖമാകരുതേ കാണുന്നതെന്ന നിശ്ശബ്ദപ്രാർഥനയോടെയാണു പലരും വെള്ളക്കോടി ഉയർത്തി നോക്കിയത്.

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെക്കുറിച്ചു കേട്ടുണർന്ന പുലർച്ചെമുതൽ ജില്ലാ ആശുപത്രിയിലേക്കു പല സംഘങ്ങൾ ഓടിയെത്തി. ആരും ആവശ്യപ്പെടാതെതന്നെ രാഷ്ട്രീയ – സാംസ്കാരിക രംഗങ്ങളിലെ സംഘടനകളുടെ പ്രവർത്തകർ സന്നദ്ധപ്രവർത്തകരായി മാറിയത് പൊലീസിനു നന്നേ ആശ്വാസമായി. സമൂഹമാധ്യമങ്ങളിലൂടെ, പരുക്കേറ്റവർക്കു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ പാഞ്ഞു. പുലർച്ചെമുതൽ സന്നദ്ധപ്രവർത്തനം നടത്തുന്നവർക്കും പരുക്കേറ്റവർക്കൊപ്പം നിൽക്കാനെത്തിയവർക്കും സൗജന്യ ലഘുഭക്ഷണവുമായി ചില സംഘങ്ങൾ ഒതുങ്ങിയ മൂലകളിൽ സ്ഥാനംപിടിച്ചു.

ആരോഗ്യവകുപ്പ് രാവിലെതന്നെ ജില്ലാ ആശുപത്രിയിൽ സഹായകേന്ദ്രം ആരംഭിച്ചു. രാവിലെതന്നെ ഉറ്റവരിലാരെയോ നഷ്ടമായ ഒരമ്മ മോർച്ചറി വാതിൽക്കലേക്കു കണ്ണീരുമായി നടന്നടുത്തു. ആകെ വിറച്ചുകൊണ്ടു മോർച്ചറിക്കുള്ളിലേക്കു കയറാൻ തുനിഞ്ഞ അവരെ വനിതാ പൊലീസുകാർ ത‍ടഞ്ഞ് ആശ്വസിപ്പിച്ചു. മോർച്ചറിമുറ്റത്തെ ജീവനില്ലാത്ത കാഴ്ചകൾ കാണാൻ കരുത്തില്ലാത്ത അവർ പൊലീസുകാര‍ിയെ കെട്ടിപ്പിടിച്ചു കുഴഞ്ഞുവീണു. മുഖമില്ലാതെ തിരിച്ചറിയാത്ത ദേഹമായിപ്പോകുമായിരുന്ന ഒരാളെ പ്രിയപ്പെട്ടവരിലൊരാൾ തിരിച്ചറിഞ്ഞതു മോതിരത്തിലെ പ്രിയതമയുടെ പേരു കണ്ടാണ്. പിന്നെപ്പിന്നെ മോർച്ചറിയിലേക്കു വന്നവര‍ുടെ കണ്ണുകളിൽ മരണം കണ്ടു മരവിച്ചു കണ്ണീർപോലും വറ്റി. നിസ്സംഗത മാത്രമായിരുന്നു പല മുഖങ്ങളിലും.

ആശുപത്രിക്കു മുന്നിൽ രാവിലെതന്നെ ആരോഗ്യവകുപ്പിന്റെ സഹായകേന്ദ്രമൊരുങ്ങി. ഉറ്റവരെത്തേടി എത്തുന്നവർക്കു വഴികാട്ടാനിരുന്നവർക്കു മുന്നിലേക്കു കണ്ണീർവീണു കലങ്ങിയ മുഖങ്ങളായിരുന്നു ആദ്യമെത്തിയത്. കാണാതായ പ്രിയപ്പെട്ടവരെത്തേടി പല ആശുപത്രികൾ കയറിയിറങ്ങിയശേഷം ഇവിടേക്കെത്തിയവരെ അത്യാഹിത വിഭാഗത്തിലേക്ക് ആദ്യം അയച്ചു. ചിലർക്കു പരുക്കേറ്റെങ്കിലും ജീവനോടെ ഉറ്റവരെ അവിടെ കണ്ടെത്ത‍ാനായി. അവിടെയും കാണാതെവന്നവരെ മോർച്ചറിയിലേക്ക് അയച്ചു. ചിലർ ജീവനില്ലാത്ത ഉടലുകളിൽ പ്രിയപ്പെട്ടവരുടെ ഛായ തിരിച്ചറിഞ്ഞു. അവിടെയും ഉറ്റവരെ കാണാത്ത ചിലർ ഇനി എവിടേക്കു തിരഞ്ഞുപോകുമെന്ന അങ്കലാപ്പിൽ കുഴങ്ങി.

പരുക്കേറ്റവരിൽ പലർക്കും എന്താണു സംഭവിച്ചതെന്ന ഓർമപോലുമുണ്ടായില്ല. പലരും ഒരുനിമിഷത്തെ നടുക്കത്തിനുശേഷം ഓർമയിലേക്കു കൺതുറന്നപ്പോൾ കണ്ടത് ആശുപത്രിമച്ചിലെ കറങ്ങുന്ന ഫാനുകളായിരുന്നു. ക്ഷേത്രത്തിനു പിന്നിൽ നിൽക്കുകയായിരുന്ന താൻ സ്ഫോടനശബ്ദം കേട്ട് ഓടുന്നതിനിടയിൽ വീണതു മാത്രമേ പൂതക്കുളം സ്വദേശി സുധീഷിന് ഓർമയുള്ളൂ. കണ്ണു തുറന്നപ്പോൾ തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിലായിരുന്നു.

മടവൂർ സ്വദേശി ദേവരാജനു പരുക്കുപറ്റിയതാകട്ടെ, തൊട്ടടുത്തിരുന്ന പ്രായമായ മനുഷ്യനെ രക്ഷിക്കാൻ അദ്ദേഹത്ത‍ിനുമേൽ ചാഞ്ഞു കിടന്നപ്പോൾ കനമുള്ളതെന്തോ തലയ്ക്കുമേൽ പതിച്ചതുകൊണ്ടും.

Your Rating: