Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3.20: കാലം കരിഞ്ഞുവീണു

Kollam Temple Fireworks Mishap വെടിക്കെട്ടിനായി മണ്ണിൽ ഉറപ്പിച്ചു നിർത്തിയ അമിട്ടുകുറ്റികൾ.

പരവൂർ∙ ആഘോഷത്തിന്റെ രാവ് അവസാന നിമിഷത്തിലേക്ക് അടുക്കുമ്പോഴായിരുന്നു ആ നിമിഷം. എന്തെന്നോ ഏതെന്നോ അറിയാത്തൊരു പ്രകമ്പനം. അതുവരെ അനുഭവിച്ച ആവേശത്തിന്റെ തുടർതരംഗങ്ങളെ നിശ്ചലമാക്കിയ ഉഗ്രവിസ്ഫോടനം. ചെവികൾ കൊട്ടിയടച്ച്, കണ്ണുകളിൽ ഇരുൾനിറഞ്ഞ്, ചലനമറ്റ്...ബോധം തിരിച്ചുകിട്ടി ഭയവിഹ്വലതയോടെ നോക്കുമ്പോൾ കാണുന്നതു ചിതറിത്തെറിച്ച മൃതദേഹങ്ങൾ. ഞൊടിയിടയിൽ പ്രദേശമാകെ ശവപ്പറമ്പായി. കണ്ടവരും കാണാനായി ഓടിയവരും വാക്കുകളില്ലാതെ മിഴിച്ചുനിന്നു, എന്തു ചെയ്യണമെന്ന് ആർക്കുമറിയില്ലായിരുന്നു.

പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടുകാണാൻ ശനിയാഴ്ച സന്ധ്യയോടെ ആയിരങ്ങളാണ് അണിനിരന്നത്. നോട്ടിസിൽ മൽസരക്കമ്പം(വെടിക്കെട്ട്) ഉണ്ടെന്നു പറഞ്ഞിരുന്നു. ഈ ആവേശത്താലും അവധി ആയിരുന്നതിനാലും വിവിധ ദേശങ്ങളിൽ നിന്നുള്ളവർ ക്ഷേത്രവളപ്പിലും സമീപത്തെ കെട്ടിടങ്ങൾക്കു മുകളിലും ആകാശാത്ഭുതം കാണാൻ കാത്തിരുന്നു. എന്നാൽ, ജില്ലാ കലക്ടർ ഇടപെട്ട് മൽസരക്കമ്പത്തിന് അനുമതി നിഷേധിച്ചിരുന്നു.

രാത്രി 11.55നു വെടിക്കെട്ട് ആശാൻ വർക്കല കൃഷ്ണൻകുട്ടി ശ്രീകോവിലിൽ പോയി ദീപം സ്വീകരിച്ചു. ക്ഷേത്രത്തിന്റെ നാലുവശത്തു കെട്ടിയിരുന്ന മാലപ്പടക്കങ്ങളിലേക്കാണ് ആദ്യം അഗ്നി പകർന്നത്. പതിവിനു വിപരീതമായി ഈ മാലപ്പടക്കത്തിനൊപ്പം ഉഗ്രശേഷിയുള്ള അമിട്ടുകളും കെട്ടിയിരുന്നു. ഇതു പൊട്ടിയപ്പോൾ തന്നെ പ്രകമ്പനം ഉണ്ടായി. പത്തുമിനിറ്റുകൊണ്ടു മാലപ്പടക്കങ്ങൾ പൊട്ടിത്തീർന്നു. അഗ്നിശമനസേന വെള്ളം തളിച്ചശേഷം ക്ഷേത്രത്തിനു മുന്നിലെ വെടിക്കെട്ടുൽസവത്തിനു തുടക്കമിട്ടു. വട്ടിക്കെട്ടു പടക്കങ്ങൾ പൊട്ടിച്ചാണു തുടക്കമിട്ടത്. ഇതിൽ നാലായിരത്തോളം പടക്കങ്ങളാണു പൊട്ടിയമർന്നത്. ഇത് അവസാനിക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു.

പിന്നാലെയാണ് അമിട്ടുകളുടെ വർണപ്രപഞ്ചം ആരംഭിച്ചത്. മണ്ണിൽ കുഴിച്ചു നിർത്തിയിരുന്ന ഇരുമ്പു കുഴലുകളിൽ അമിട്ടുകൾ നിറച്ചു. തെക്കേ കമ്പപ്പുരയിൽ ശേഖരിച്ചിരുന്ന അമിട്ടുകൾ നിരനിരയായി നിന്ന ആൾക്കാർ കൈമാറിക്കൈമാറി ഇരുമ്പു കുഴലുകൾക്കടുത്ത് എത്തിച്ചുകൊണ്ടിരുന്നു; ആശാന്മാരും സഹായികളും നിറച്ചുകൊണ്ടിരുന്നു. ഇതിനിടെ അമിട്ടു നിറച്ച ഇരുമ്പ് പൈപ്പ് ചരിഞ്ഞപ്പോൾ അതിനുള്ളിൽ ഇരുന്ന് അമിട്ടു പൊട്ടി. ഇതിന്റെ ചീളുകൾ തെറിച്ചു രണ്ടുപേർക്കു പരുക്കേറ്റു. പതിവില്ലാത്ത സംഭവം ഉണ്ടായതിനാൽ പൊലീസ് ഇടപെട്ടു. അൽപനേരം വെടിക്കെട്ടു നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും കമ്പക്കാർ അനുസരിച്ചില്ല. ജനക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം ചേർന്ന് അവർ അമിട്ടു പൊട്ടിക്കൽ തുടർന്നു.

കഴക്കൂട്ടം സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വെടിക്കെട്ടുസംഘവും ചേർന്നതോടെ വെടിക്കെട്ടു ശബ്ദം ദിക്കുകൾ കടന്നുപോയി. വൈകാതെ വെടിക്കെട്ട് ആശാന്മാർ മൽസരിക്കുന്ന മുഖാമുഖം ആരംഭിച്ചു. വിവിധ ഇനങ്ങളുമായി ഇവർ മൽസരിക്കുകയായിരുന്നു.

ഇതിനിടെ ഇരുമ്പു കുഴൽ ചരിഞ്ഞു. ഇതിനുള്ളിലെ അമിട്ടു കത്തി വെടിമരുന്നുകൾ കൈമാറിക്കൊണ്ടിരുന്നവരുടെ അടുത്തേക്കു വീണു. സമയം 3.20... നിമിഷ നേരം വേണ്ടിവന്നില്ല, കോൺക്രീറ്റിൽ നിർമിച്ചിരുന്ന തെക്കേ കമ്പപ്പുരയാകെ പൊട്ടിത്തെറിച്ചു. അടുത്തുനിന്നവർക്ക് ഒന്നു ചലിക്കാൻ പോലും സാധിച്ചില്ല. അപ്പോഴേക്കും അവർ കരിഞ്ഞു വീഴുകയായിരുന്നു. വെടിക്കെട്ട് ഉള്ളതിനാൽ ക്ഷേത്രവളപ്പിൽ രാത്രി അഗ്നിശമനസേന വെള്ളം ഒഴിച്ചിരുന്നു. ചെറുകുഴികളിൽ വെള്ളം കെട്ടിക്കിടന്നതിനാൽ അധികമാളുകൾ വെടിക്കെട്ടു നടക്കുന്നതിന് അടുത്തേക്കു വന്നിരുന്നില്ല. വെടിക്കെട്ടു സാമഗ്രികളിൽ ഭൂരിഭാഗവും കത്തിച്ചുതീർന്നശേഷമാണു സ്ഫോടനം ഉണ്ടാകുന്നത്.

Your Rating: