Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടരഹിതം, ദുബായ് വെടിക്കെട്ട്

LP-DUBAI-FIRE-WORKS-5-col

ദുബായ്∙ ലോകത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന വെടിക്കെട്ടു കാഴ്ചകളിലൊന്ന് അരങ്ങേറുന്നത് ദുബായിലാണ്. വർഷംതോറും ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി പുതുവർഷപ്പുലരിയെ വരവേറ്റുകൊണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലും ദുബായ് ക്രീക്കിൽ ഒഴുകുന്ന അബ്രയിലും ജനക്കൂട്ടം തിങ്ങിനിറയുന്ന ഗ്ലോബൽ വില്ലേജിലുമെല്ലാം തീർത്തും അപകടരഹിതമായി ഈ വർണക്കാഴ്ച അരങ്ങേറുന്നതിനു പിന്നിൽ അതീവ ജാഗ്രതയും സുരക്ഷാ മുന്നൊരുക്കങ്ങളും ഏറെയാണ്. പേടിപ്പിക്കുന്ന ശബ്‌ദമോ പുകയോ ഇല്ലാതെ ശാസ്‌ത്രീയ സംവിധാനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

∙ പരിശോധന ഓരോ ഘട്ടത്തിലും

ബുർജ് ഖലീഫയിൽ കഴിഞ്ഞ പുതുവർഷപ്പുലരിയിൽ നടത്തിയ വെടിക്കെട്ടിനു പിന്നിൽ ഫ്രാൻസിൽനിന്നുള്ള സംഘമായിരുന്നു. കരാർ സംബന്ധിച്ച് മാസങ്ങൾക്കു മുൻപേ ധാരണയിലെത്തും. പ്രഫഷനൽ കമ്പനികൾക്കു മാത്രമാണ് അവസരം. ലൈസൻസ്, യോഗ്യത, മുൻപരിചയം എന്നിവ പ്രത്യേകം പരിഗണിക്കും. വെടിക്കെട്ട് നടത്താനെന്ന പോലെ ഓരോ സാമഗ്രിയും ഇറക്കുമതി ചെയ്യാനും പ്രത്യേക അനുമതി വേണം. ഇറക്കുമതി, മരുന്നു നിറയ്ക്കൽ, വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കൽ എന്നിങ്ങനെ ഓരോ ഘട്ടത്തിലും സൂക്ഷ്മപരിശോധനയുണ്ടാകും. കത്തി തീർന്നാലുടൻ തനിയെ അണയുന്ന വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. നിരോധിക്കപ്പെട്ട വസ്തുക്കളുടെ പ്രത്യേക പട്ടിക കർശനമായി പാലിക്കും. ലൈസൻസും സർട്ടിഫിക്കറ്റും ഉള്ള വിദഗ്ധർക്കു മാത്രമാകും ക്രമീകരണങ്ങൾ നടത്താനുള്ള അനുമതി.

∙ എല്ലാം വിദൂരനിയന്ത്രിതം

വെടിമരുന്നിന് തീ കൊളുത്തുക എന്ന രീതി ഇല്ല. കംപ്യൂട്ടർ ശൃംഖല വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലോ വോൾട്ടേജ് സ്പാർക്ക് വഴിയാണ് ഇതു സാധ്യമാക്കുക. വിദൂരനിയന്ത്രിത സംവിധാനമായതിനാൽ സ്ഫോടക സാമഗ്രികൾക്കു സമീപം മനുഷ്യ സാന്നിധ്യമുണ്ടാകില്ല. ഒന്നിൽനിന്നു മറ്റൊന്നിലേക്ക് തീപടരുന്നത് ഒഴിവാക്കാൻ ഓരോ ഇനത്തിനും പ്രത്യേക ട്രിഗറിങ് സംവിധാനമുണ്ട്. ഇത്തവണ ഇതിനായി 70 കിലോമീറ്റർ നീളത്തിൽ കേബിളുകൾ ഉപയോഗിച്ചു. 409 ഭാഗങ്ങളിൽ നിന്ന് ഒരേസമയം വർണവെളിച്ചം പുറപ്പെടും വിധമായിരുന്നു ക്രമീകരണം.

∙ജാഗ്രത ആദ്യവസാനം

1.6 ടൺ കരിമരുന്നാണ് ഇത്തവണ ഉപയോഗിച്ചത്. പ്രത്യേക സുരക്ഷാസംവിധാനമുള്ള വാഹനങ്ങളിലാണ് വെടിമരുന്ന് എത്തിക്കുന്നത്. പൊലീസ്, അഗ്നിശമന സേന (സിവിൽ ഡിഫൻസ്) അകമ്പടിയുമുണ്ടാകും. സാമഗ്രികൾ വീഴുകയോ, കൂട്ടിമുട്ടുകയോ ചെയ്താൽപോലും തീപിടിക്കാത്ത രീതിയിൽ ആവരണങ്ങളുണ്ടാകും. വെടിമരുന്നു നിറയ്ക്കുന്നതും ജനവാസമില്ലാത്ത മേഖലകളിൽ. സ്ഫോടക സാമഗ്രികൾ കൊണ്ടുപോകുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിൽ കാഴ്ചക്കാരെ എത്ര അകലത്തിൽ നിർത്തണം എന്നതു സംബന്ധിച്ച് സുരക്ഷിത മേഖല (സേഫ്റ്റി സോൺ) മുൻകൂട്ടി തീരുമാനിക്കും.

ഉപയോഗിക്കുന്ന കരിമരുന്നിന്റെ തീവ്രതയും വ്യാപ്തിയും അനുസരിച്ചാണിത്. കരിമരുന്ന് പ്രയോഗത്തിന് അരമണിക്കൂർ മുൻപേ ഈ ദൂരപരിധി പാലിക്കുന്നതായി ഉറപ്പാക്കും. ബുർജ് ഖലീഫയിൽ പുതുവർഷ വെടിക്കെട്ട് വേളയിൽ ഇക്കുറി അയ്യായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. നാലായിരത്തിലേറെ സുരക്ഷാ ക്യാമറകൾ സ്‌ഥാപിച്ചു. രക്ഷാദൗത്യങ്ങൾക്കായി പ്രത്യേക പാതകൾ ഒഴിച്ചിട്ടു. ഇലക്‌ട്രോണിക് സൈൻ ബോർഡുകളിൽ യഥാസമയം നിർദേശങ്ങൾ നൽകി. സ്‌മാർട് ഫോൺ ആപ്പും ഉപയോഗപ്പെടുത്തി.

Your Rating: