Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിറങ്ങലിച്ച് മെഡിക്കൽ കോളജ് ആശുപത്രിയും പരിസരവും

hospital കെ‍ാല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടയിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിൽ നോക്കുന്നവർ. ചിത്രം: മനോരമ.

തിരുവനന്തപുരം ∙ സമയം പുലർച്ചെ 4.30. രോഗികളും കൂട്ടിരിപ്പുകാരും പാതിമയക്കത്തിലാണ്. ചിലർ രോഗികൾക്ക് അതിരാവിലെ നൽകേണ്ട കരിക്കൻവെള്ളവും മറ്റും വാങ്ങാൻ പുറത്തേക്കിറങ്ങി. പെട്ടെന്നു മിന്നൽ പോലെ ഒന്നിനു പുറകെ ഒന്നായി ആംബുലൻസുകൾ പാഞ്ഞെത്തി. ആദ്യം ആർക്കും ഒന്നും മനസ്സിലായില്ല. എന്നാലും വലിയ എന്തൊക്കെയോ സംഭവവികാസങ്ങൾ നടന്നതായി കരുതി ആശുപത്രി ജീവനക്കാരും അത്യാഹിത വിഭാഗവും എല്ലാം തയാറായി.

ആംബുലൻസുകളിൽ എത്തിയവരെ പെട്ടെന്ന് അത്യാഹിത വിഭാഗത്തിലേക്കെടുത്തു. ഇതിനിടയിൽ ഉന്നത കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് എത്തി. ‘കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടയിൽ അപകടം; നൂറിലധികം പേർക്കു പരുക്ക്. എല്ലാവരും ജാഗ്രതയോടെ ഇരിക്കുക.’

അറിയിപ്പ് ലഭിച്ച് അരമണിക്കൂറിനകം മെഡിക്കൽ കോളജ് പരിസരം മുഴുവൻ ആംബുലൻസുകളെക്കൊണ്ടു നിറഞ്ഞു. അതിൽ നിന്നു പുറത്തിറക്കിയവരെ കണ്ടു പലരും കണ്ണുപൊത്തി. ചിലർ ബോധംകെട്ടു വീണു. മനുഷ്യരൂപങ്ങൾ തന്നയാണോയെന്നു സംശയിക്കുന്ന നിലയിൽ ശരീരം മുഴുവൻ പൊള്ളിവീർത്തു നിലവിളിക്കാൻ പോലും കഴിയാത്ത രൂപങ്ങൾ.

ആശുപത്രി ജീവനക്കാരും ഡ്യൂട്ടി നഴ്സുമാരും ഒക്കെ ചേർന്നു വന്നവരെ കൈമെയ് മറന്നു ശുശ്രൂഷിച്ചു. ഇതിനിടയിൽ സംഭവമറിഞ്ഞു ഡോക്ടർമാരും ആശുപത്രിയിലേക്കു പാഞ്ഞെത്തി. അവധി ദിവസം ആയതിനാൽ ഡോക്ടർമാർ കുറവായിരുന്നെങ്കിലും അനവധി പേർക്കു സംഭവിച്ച ദുരന്തത്തിൽ പങ്കാളികളായി അവരെ ശുശ്രൂഷിക്കാൻ ഡോക്ടർമാരും ഓടിയെത്തി. ജീവനുകൾ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കി‌ടയിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും എത്തിച്ചേർന്നു. അവയിൽ പലതും അതി ദാരുണമായ അവസ്ഥയിൽ ആയിരുന്നു. കത്തിക്കരിഞ്ഞ്, ചിതറിത്തെറിച്ചു തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.

സമയം രാവിലെ ആറ്

ആറു മണിയായതോടെ ആശുപത്രിയും പരിസരവും ആംബുലൻസുകളെയും ജനങ്ങളെയും പൊലീസിനെയും കൊണ്ടു നിറഞ്ഞു. നൂറോളം ആംബുലൻസുകളാണു മെഡിക്കൽ കോളജ് പരിസരത്താകെ വന്നുചേർന്നത്.

ഇതിനു മുൻപു തന്നെ മെഡിക്കൽ കോളജ് ഐസിയുകൾ ഉൾപ്പെടെ സജ്ജമായി. പാർട്ടി പ്രവർത്തകരും സന്നദ്ധ സഹായങ്ങൾക്കായി ആശുപത്രിയിൽ എത്തി. ബിജെപി പ്രവർത്തകരാണ് ആദ്യം എത്തിയത്. പുറകെ കോൺഗ്രസ്, സിപിഎം പ്രവർത്തകരും എത്തി. ഡിസിപിമാരുടെ നേതൃത്വത്തിൽ പൊലീസ് ജനത്തെ നിയന്ത്രിക്കുന്നതിനും ആംബുലൻസുകൾക്കു വഴിയൊരുക്കുന്നതിനും മെഡിക്കൽ കോളജ് പരിസരം ഏറ്റെടുത്തു. കലക്ടർ ബിജു പ്രഭാകറും സ്ഥിതിഗതികൾ നിയന്ത്രിക്കാനായി രംഗത്തെത്തി.

അത്യാഹിത വിഭാഗത്തിൽ ജീവനക്കാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിൽ പ്രത്യേക വിഭാഗത്തിനു രൂപം നൽകി. ഹെൽപ് ഡെസ്കും തയാറായി. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലെ ഉച്ചഭാഷിണികളിൽ നിന്ന് അറിയിപ്പ് മുഴങ്ങിത്തുടങ്ങി. ജനം ആംബുലൻസിനു വഴിയൊരുക്കണമെന്നും അത്യാഹിത വിഭാഗത്തിനു മുന്നിൽ കൂട്ടംകൂടരുതെന്നുമുള്ള അഭ്യർഥന മുഴങ്ങി. ജനം അത് അനുസരിച്ചു.

ഏഴു മണിയായിട്ടും കൊല്ലത്തു നിന്നുള്ള ആംബുലൻസുകളുടെ വരവ് കുറഞ്ഞില്ല. പൊള്ളലേറ്റവരെ എത്തിക്കുന്നവർക്കു പേരോ മേൽവിലാസമോ അറിയില്ലായിരുന്നെങ്കിലും ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അതിരാവിലെ മുതൽ കഠിനാധ്വാനം നടത്തി. ജനത്തിനൊപ്പം മാധ്യമപ്രവർത്തകരും അത്യാഹിത വിഭാഗവും മെഡിക്കൽകോളജ് പരിസരവും ഏറ്റെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വന്ന പൊള്ളലേറ്റവരുടെ ബന്ധുകളുടെ ഉറക്കമില്ലാതെ നീര് കെട്ടിയ കണ്ണുകളിൽ നിറഞ്ഞുനിന്നതു ഭീതി മാത്രമായിരുന്നു. ചെറിയ പൊള്ളലേറ്റ പലരോടും അപകടത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പലർക്കും മറുപടി പറയാനുള്ള ശേഷിയുണ്ടായില്ല.

ഏഴ് മണി

മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുൻവശം ജനപ്രളയമായി. ആംബുലൻസുകൾ വരുന്നതും പോകുന്നതും യഥേഷ്ടം തുടർന്നു. ഏഴു മണിവരെ അൻപതിലധികം പേരെ മെഡിക്കൽ കോളജിലേക്കു കൊണ്ടുവന്നു. അപകടത്തിന്റെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതോടെ ആകെ വിറങ്ങലിച്ച നിലയിലായിരുന്നു ആശുപത്രിയും പരിസരവും. ആരും പരസ്പരം വർത്തമാനങ്ങളില്ല. ശോകമൂകമായ അന്തരീക്ഷം. ഇതിനിടയിലും അംബുലൻസുകൾ വന്നുകൊണ്ടിരുന്നു.

വിശ്രമമേതുമില്ലാതെ ജീവനക്കാരും ഡോക്ടർമാരും പൊള്ളലേറ്റവർക്കു ചികിത്സ നൽകി . എട്ടരയോടെ ആംബുലൻസുകളുടെ വരവിൽ കുറവുണ്ടായി. അപ്പോഴും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരുടെ എണ്ണം 100 കടന്നിരുന്നു. ഇതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ് എത്തിയ അനിൽ പ്രദീപ് എന്നയാൾ മരിച്ചതായി സ്ഥിരീകരണം വന്നു. സന്നദ്ധ പ്രവർത്തകരും പാർട്ടി അണികളും സേവനപ്രവർത്തനങ്ങളുമായി അപ്പോഴും രംഗത്തു തന്നെയുണ്ടായിരുന്നു.

വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കളും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിത്തുടങ്ങിയിരുന്നു. എട്ടരയോടെ അപകടത്തിൽപ്പെട്ടവരുടെ വരവിനു കുറവുണ്ടായെങ്കിലും രാത്രി വൈകിയും മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടവിവരം തിരക്കിയുള്ള ഒഴുക്ക് തുടരുകയാണ്.

Your Rating: