Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേൾക്കണ്ട ഇനി; ഇലയനക്കം പോലും

lp-night-temple-7col പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം നടന്ന സ്ഥലത്തിന്റെ ഇന്നലത്തെ ദൃശ്യം.

കൊല്ലം ∙ അരയാലില ഇളകുന്നതുപോലും മുഴക്കമായി കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നവർ, ആണ്ടോടാണ്ടു ക്ഷേത്രമൈതാനത്ത് അരങ്ങേറുന്ന വെടിക്കെട്ടിനെ ജീവിതത്തിന്റെ താളമെന്നോണം ലാളിച്ചിരുന്നവർ... ചെറിയൊരു ശബ്ദം പോലും അവരെ ഇപ്പോൾ പേടിപ്പിക്കുന്നു. കാതടച്ചുപിടിച്ച് അവർക്കു കഴിയണം. വെടിക്കെട്ടപകടത്തിനു ശേഷം പരവൂർ പുറ്റിങ്ങൽ പ്രദേശത്തെ ഒട്ടേറെപ്പേർ മാനസികാഘാതത്തിലാണ്. ചെറിയൊരുശബ്ദം കേൾക്കുന്നതു പോലും അവരെ പേടിപ്പിക്കുന്നു. ഇന്നലെ പ്രദേശത്തെ വീടുകളിൽ എത്തിയ മെഡിക്കൽ സംഘം കണ്ടകാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. പുറത്ത് ഇലയനങ്ങുന്ന ഒച്ചപോലും പേടിച്ച് പതിനേഴ് വയസ്സുള്ള പെൺകുട്ടി മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്നു.

ഞായറാഴ്ച പുലർച്ചെ വെടിക്കെട്ടപകടം ഉണ്ടായതിന്റെ ആഘാതത്തിനുശേഷം ഈ കുട്ടി തുള്ളിവെള്ളം കുടിച്ചില്ല. വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാട്ടുന്ന പെൺകുട്ടിയെ ആരോഗ്യവകുപ്പു സംഘം തന്നെ ആശുപത്രിയിലാക്കി. മാനസികവിഭ്രമത്തിന്റെ ലക്ഷണങ്ങൾ കാട്ടുന്ന വയോധികയെയും സംഘം കണ്ടെത്തി. ആരോഗ്യവകുപ്പു നടത്തിയ സർവേയിൽ മാനസികാഘാതം മൂലം ഗുരുതര പ്രശ്നങ്ങൾ നേരിടുന്ന ഇരുപതോളം പേരെയാണു കണ്ടെത്തിയത്. സ്ത്രീകളും കുട്ടികളുമാണ് ഇവരിൽ കൂടുതലും. ഇവർക്കു കൗൺസലിങ്ങും ചികിത്സയും നൽകാൻ സംവിധാനമേർപ്പെടുത്തി. ഒട്ടേറെപ്പേരുടെ കേൾവിശക്തിക്കും സാരമായ തകരാർ സംഭവിച്ചു. ഇഎൻടി ഡോക്ടർമാർ ഇവരെ പരിശോധിച്ചു. പുറ്റിങ്ങൽ പരിസരത്ത് ആളൊഴിഞ്ഞിട്ടില്ല. ദുരന്തവാർത്ത അറിഞ്ഞതോടെ തമിഴ്നാട്ടിൽനിന്നുവരെ ആളുകൾ കൂട്ടത്തോടെ എത്തുന്നു. പരിസരവാസികളിൽ നല്ലൊരു പങ്കും രാവിലെതന്നെ ദുരന്തസ്ഥലത്തെത്തി. അവരുടെ മുഖങ്ങളിൽ പരിഭ്രാന്തി വിട്ടൊഴിഞ്ഞിട്ടില്ല. ഇന്നലെ ദുരന്തസ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്താൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ പുറ്റിങ്ങലിനു ചുറ്റും പലതവണ വട്ടമിട്ടു.

ഹെലികോപ്ടറിന്റെ മുരളിച്ചയിൽ പേടിച്ചരണ്ട മുഖങ്ങളും കൂട്ടത്തിൽ കണ്ടു. ഇന്നലെ പകൽ ക്ഷേത്രപരിസരത്തു പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന്റെ എൻജിനിൽ ഷോർട്ട് സർക്യൂട്ടു മൂലം ചെറിയൊരു ഒച്ചയുണ്ടായി. പടക്കം പൊട്ടുന്നപോലൊരു ഒച്ച. അതുകേട്ടു പോലും പിന്തിരിഞ്ഞോടാൻ തുനിഞ്ഞവർ ഏറെയുണ്ടായിരുന്നു. അരയാലുകൾ തലയുയർത്തി നിൽക്കുന്ന പുറ്റിങ്ങൽ ക്ഷേത്രമൈതാനം ഉൽസവ ദിവസങ്ങളല്ലെങ്കിൽ ശാന്തമാണ്. ക്ഷേത്രമുറ്റത്തെ രണ്ടു കളിത്തട്ടുകളിൽ പകലും രാത്രിയിലും ആളുണ്ടാകും.

ഉത്സവമാകുമ്പോൾ പ്രദേശം ആഹ്ലാദത്തിലമരും. വളരെ പണ്ടുമുതൽ സിംഗപ്പൂരിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ജോലിതേടി പോയവരാണ് ഈ ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. അവരുടെ അഭിമാനമാണു പുറ്റിങ്ങൽ ഉത്സവം. വെടിക്കെട്ടിന്റെ സൗന്ദര്യവും വാശിയും ഓരോ വർഷവും വർധിപ്പിക്കുന്നതിലായിരുന്നു നാടിന്റെ ശ്രദ്ധ. അവിടെയാണിപ്പോൾ ചെറിയൊരൊച്ച പോലും വേദനയാകുന്നത്.

Your Rating: