Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി-കുഞ്ഞാലിക്കുട്ടി രഹസ്യചർച്ച; തെളിവ് പുറത്തുവിടുമെന്ന് ബിജെപി

kunhalikutty-Pinarayi

പാലക്കാട്∙ മലപ്പുറം ഉപതിര‍ഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആവർത്തിച്ച് ബിജെപി. വളാഞ്ചേരിയിലെ വ്യവസായിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ചയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പാലക്കാട്ട് പറഞ്ഞു. ഇക്കാര്യം ഇരുകൂട്ടരും നിഷേധിച്ചാല്‍ കൂടുതല്‍ തെളിവ് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുപരിപാടിയിൽവച്ചല്ല ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് രാധാകൃഷ്ണൻ പറ‍ഞ്ഞു. മലപ്പുറത്തെ പ്രമുഖ വ്യവസായിയും മലപ്പുറം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നയാളുമായ അഷ്റഫിന്റെ വീട്ടിലാണ് ഇരുവരും രഹസ്യമായി ചർച്ച നടത്തിയതെന്നും രാധാകൃഷ്ണൻ ആരോപിച്ചു. ഇരുവർക്കും പുറമെ മുസ്‍ലിം ലീഗ് എംപി അബ്ദുൽ വഹാബ്, എംഇഎസ് നേതാവ് ഫസൽ ഗഫൂർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നാലുപേരും അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂറോളം ചർച്ച നടത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് സ്ഥാനാർഥിയും അടച്ചിട്ട മുറിയിൽ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. അഷ്റഫിന്റെ വീട്ടിൽ പോയകാര്യം ഇരുവരും നിഷേധിച്ചാൽ തെളിവു പുറത്തുവിടുമെന്നും രാധാകൃഷ്ണൻ ഭീഷണി മുഴക്കി.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും മു‍സ്‍ലിം ലീഗും ഒത്തുകളിക്കുകയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. ഏതാനും ദിവസങ്ങൾക്കു മുൻപ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. അണിയറയിൽ കുഞ്ഞാപ്പയെ (കുഞ്ഞാലിക്കുട്ടി) വിജയിപ്പിക്കാനുള്ള അടവു നയത്തിലാണ് പിണറായിയും സംഘവുമെന്നായിരുന്നു ആരോപണം. മലപ്പുറത്തു ലീഗും സിപിഎമ്മും തമ്മിൽ സൗഹൃദമൽസരമാണ് നടക്കുന്നത്. തികച്ചും മച്ചാ മച്ചാ മൽസരം. കുഞ്ഞാലിക്കുട്ടി ജയിച്ചുകാണാൻ ഏററവും കൂടുതൽ ആഗ്രഹിക്കുന്നത് പിണറായി വിജയനാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി മറ്റു ബിജെപി നേതാക്കളും രംഗത്തെത്തുകയായിരുന്നു. 

related stories