Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിനു പണം: ആർകെ നഗറിൽ 50 കോടിവരെ ഇറങ്ങുമെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്

RK Nagar Election അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) സ്ഥാനാർഥി ഇ. മധുസൂദനൻ ആർകെ നഗറിൽ പ്രചാരണത്തിൽ. ചിത്രം–മനോരമ

ചെന്നൈ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടിലെ ആര്‍കെ നഗറില്‍ വോട്ടര്‍മാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാര്‍ട്ടികള്‍ അൻപത് കോടി രൂപവരെ ഇറക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പ്രചാരണത്തിന്‍റെ അവസാന ഘട്ടങ്ങളില്‍ വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും നല്‍കുന്നത് വ്യാപകമാകുമെന്നും സംസ്ഥാന ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നല്‍കി.

ആർകെ നഗറില്‍ വോട്ടിനു പണം നൽകുന്നത് വ്യാപകമായിരിക്കുകയാണ്. ഒരു വോട്ടിന് നിലവില്‍ 2500 രൂപ വരെയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് അടക്കുന്തോറും നിരക്ക് ഏറെ വര്‍ധിക്കുമെന്നാണ് സംസ്ഥാന ഇന്‍റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിനായി അൻപത് കോടി രൂപ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പണവിതരണത്തിന് അണ്ണാ ഡിഎംകെയെന്നോ ഡിഎംകെയെന്നോ വ്യത്യാസമില്ല.

പണ വിതരണത്തിന് എന്തെങ്കിലും കാരണവശാല്‍ തടസം നേരിട്ടാല്‍ സമാന്തര ക്രമീകരണവും പാര്‍ട്ടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

Your Rating: