Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാറിൽ ഭയപ്പെടുന്നത് സംഭവിച്ചാൽ

mullaperiyar-dam7

മുല്ലപ്പെരിയാർ മാത്രമല്ല, ഏത് അണക്കെട്ടിന്റെ കാര്യത്തിലും സമഗ്ര ദുരന്ത സാധ്യതാ വിശകലന രൂപരേഖ സർക്കാരിന്റെ കൈവശം വേണം. ഊർജോൽപാദനം, ജലസേചനം തുടങ്ങിയവയ്‌ക്കു വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുമ്പോൾ തന്നെ അണക്കെട്ടുകൾ വലിയ അപകട ഭീഷണി ഉയർത്തുന്നുമുണ്ട്. അപകടം സംഭവിച്ചാൽ എങ്ങനെ നേരിടും എന്ന മാർഗരേഖയാണ് ‘ഡാം ബ്രേക്ക് അനാലിസിസ്’. മിക്ക വികസിത രാജ്യങ്ങളിലും അണക്കെട്ടുകൾ നിർമിക്കുമ്പോൾ തന്നെ ഡാം ബ്രേക്ക് അനാലിസിസും പൂർത്തിയാക്കിയിരിക്കണമെന്നു നിർബന്ധമാണ്. ഇന്ത്യയിലും പല സംസ്‌ഥാനങ്ങളിലും ഇത്തരം രൂപരേഖകൾ തയാറാക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഒരു അണക്കെട്ടിന്റെ കാര്യത്തിൽപോലും ബ്രേക്ക് അനാലിസിസ് ചെയ്‌തിട്ടില്ല.

*ഡാം ബ്രേക്ക് അനാലിസിസ് *

അണക്കെട്ടിന് ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ ജനങ്ങളുടെ ജീവനും സ്വത്തിനും പ്രകൃതിക്കുമുള്ള നാശനഷ്‌ടം എത്രമാത്രം ഉണ്ടാകാം, ഇതിനെ എങ്ങനെ നേരിടാം, അപകടത്തിന്റെ വ്യാപ്‌തി ലഘൂകരിച്ചു പരമാവധി പേരെ എങ്ങനെ രക്ഷപ്പെടുത്താം എന്നീ കാര്യങ്ങളുടെ വിശകലനമാണ് ഡാം ബ്രേക്ക് അനാലിസിസ്.

ഭൂചലനം, കാലപ്പഴക്കം, ശക്‌തമായ ജലപ്രവാഹം, കൊടുങ്കാറ്റ്, അപ്രതീക്ഷിത പ്രളയം തുടങ്ങിയ പല കാരണങ്ങളാലും അണക്കെട്ടുകൾക്ക് അപകടം സംഭവിക്കാം. പെട്ടെന്നുള്ള തകർച്ചയോ ഘട്ടം ഘട്ടമായുള്ള തകർച്ചയോ സംഭവിക്കാം. അണക്കെട്ടിൽ കുറഞ്ഞ അളവിൽ വെള്ളമുള്ളപ്പോഴോ കൂടിയ അളവിൽ വെള്ളമുള്ളപ്പോഴോ ദുരന്തമുണ്ടാകാം. ഇങ്ങനെ ഓരോ സാഹചര്യവും വെവ്വേറെയെടുത്തു സമഗ്ര വിശകലനം നടത്തിയാണു ഡാം ബ്രേക്ക് അനാലിസിസ് തയാറാക്കുക. അണക്കെട്ടിനു താഴെയുള്ള ഭൂപ്രകൃതി, ജനസംഖ്യ, കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെ വിലയിരുത്തി വേണം ഇതു തയാറാക്കാൻ.

*ജലബോംബ് *

വെള്ളം കണ്ടാൽ ആളൊരു പാവത്താനെന്നു തോന്നും. പക്ഷേ, ജലത്തിന്റെ ശക്‌തിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഉശിരോടെ മുദ്രാവാക്യവുമായി പാഞ്ഞടുക്കുന്ന സമരക്കാർക്കു നേരെ ചെറിയൊരു പൈപ്പിലൂടെ ജലപീരങ്കി ഉപയോഗിക്കുമ്പോൾ മനുഷ്യർ പറന്നുപോകുന്നതു ചാനലുകളിൽ കണ്ടിട്ടില്ലേ? സൂനാമിത്തിരമാലകളിലും വെള്ളപ്പൊക്കങ്ങളിലുമൊക്കെ ബസും ട്രെയിലറുകളും മറ്റു കൂറ്റൻ വാഹനങ്ങളും കടലാസുതോണികൾ പോലെ ചിതറിപ്പോകുന്നതും ലോകം കണ്ടതാണ്. നാലു വർഷം മുൻപു പന്നിയാറിൽ പെൻസ്‌റ്റോക്ക് പൈപ്പ് പൊട്ടിയപ്പോൾ, കെട്ടിനിർത്തിയ ജലം പ്രവഹിക്കുമ്പോഴുള്ള ശക്‌തി കേരളീയർ നേരിട്ടുകണ്ടു. കുന്നും മലയും തകർത്തെറിഞ്ഞായിരുന്നു ജലപ്രവാഹം. മുല്ലപ്പെരിയാറിൽ എണ്ണായിരം ഹെക്‌ടറിൽ 136 അടി ഉയരത്തിൽ സംഭരിച്ചുവച്ച ജലത്തിന്റെ ശക്‌തിയെക്കുറിച്ച് ഊഹിക്കുകപോലും ഭീതിജനകമാണ്.

ചില പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചാണു ഡാം ബ്രേക്ക് അനാലിസിസ് നടത്തേണ്ടത്. അണക്കെട്ട് തകർന്നാൽ ജലം ഏതെല്ലാം വഴിയിലൂടെ എത്ര വേഗത്തിൽ എത്ര ഉയരത്തിൽ പ്രവഹിക്കാം എന്നു കണ്ടെത്തണം. ഇതു മൂലമുണ്ടാകാവുന്ന നാശത്തിന്റെ തോത് എത്ര? എവിടെയെല്ലാം മുങ്ങിപ്പോകും? ഈ പ്രദേശങ്ങളിൽ എത്ര ജനങ്ങളുണ്ട്? മറ്റു വസ്‌തുവകകൾ എന്തെല്ലാം? ജലപ്രവാഹമുണ്ടായാൽ അനുബന്ധമായി അപകടത്തിലാകാവുന്ന വസ്‌തുക്കളുണ്ടോ? ദുരന്തം ബാധിക്കാൻ സാധ്യതയുള്ള സ്‌ഥലങ്ങളിലെ ജനങ്ങളെ എങ്ങനെ രക്ഷിക്കാം? ജനങ്ങൾ എങ്ങോട്ടു പോകണം? തുടങ്ങിയ വിവരങ്ങളെല്ലാം വേണം. ഒരു മിനിറ്റിനകം വെള്ളം എവിടെയെത്തും, രണ്ടു മിനിറ്റിനകം, മൂന്നു മിനിറ്റിനകം.... ഇങ്ങനെ വിശദമായ രൂപരേഖയാണു തയാറാക്കേണ്ടത്.

ദുരന്തം ബാധിക്കാൻ സാധ്യതയുള്ള സ്‌ഥലങ്ങളിൽ തന്നെ ഉയരത്തിലുള്ള കുന്നും ബലമുള്ള കെട്ടിടങ്ങളും മറ്റുമൊക്കെ ഉണ്ടാകാം. ഇവ മുൻകൂട്ടി കണ്ടെത്തണം. ജനങ്ങൾക്കു സുരക്ഷിതമായി കയറി നിൽക്കാൻ ടവറുകൾ നിർമിക്കുകയും വേണം. അടിയന്തരഘട്ടത്തിൽ എങ്ങോട്ടാണ് ആദ്യം മാറിനിൽക്കേണ്ടതെന്നു ജനങ്ങളെ ബോധവൽക്കരിക്കണം. ഇവിടെനിന്നു ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റാനുള്ള സംവിധാനം വേണം.

ചില സ്‌ഥലങ്ങളിൽ ചെറിയൊരു നിർമാണം നടത്തിയാൽ ഒരുപക്ഷേ, വലിയൊരു പ്രദേശത്തെ പ്രളയത്തിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞേക്കാം. ഇത്തരം സ്‌ഥലങ്ങൾ കണ്ടെത്തി അവിടെ സുരക്ഷാഭിത്തികൾ നിർമിക്കണം.പൈതൃകസ്‌മാരകമായി സംരക്ഷിക്കേണ്ട കെട്ടിടങ്ങളുണ്ടാകും. മുല്ലപ്പെരിയാറിന്റെ കാര്യത്തിലാണെങ്കിൽ കാലടി ഉദാഹരണം. ഇത്തരം സ്‌ഥലങ്ങളിൽ പ്രത്യേകമായ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വേണം.ജനങ്ങൾക്കുള്ള ബോധവൽക്കരണം വളരെ പ്രധാനമാണ്. വില്ലേജ്/പഞ്ചായത്ത് തലം വരെ ദുരന്ത നിവാരണ സംവിധാനം വേണം. അപകടം സംഭവിച്ചാൽ എന്തു ചെയ്യണമെന്നു ജനങ്ങൾക്ക് വൊളന്റിയർമാർ വിശദീകരിച്ചു കൊടുക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.