Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി ജന്മിയായി; നടക്കുന്നത് തമ്പ്രാൻ ഭരണം: കുമ്മനം

kummanam-rajasekharan

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ വിലയിരുത്തുന്നു: 

∙ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. സർക്കാരിനെക്കുറിച്ചു ബിജെപിയുടെ വിലയിരുത്തൽ എന്താണ്?

പിണറായി വിജയൻ ഏറ്റവു വലിയ പരാജയമാണെന്നതിന്റെ ഏറ്റവും വലിയ ദൃഷ്‌ടാന്തമാണ് ഈ ഒരു വർഷത്തെ ഭരണം. ഒരു കാര്യത്തിലും ഒരു നേട്ടവും ഉണ്ടാക്കാൻ കഴി‍ഞ്ഞിട്ടില്ല. മുന്നണിയിലെ പാർട്ടികൾ തമ്മിൽ പരസ്പരം ആരോപണ–പ്രത്യാരോപണങ്ങൾ നടത്തുകയല്ലാതെ ഒരു രംഗത്തും ഏതെങ്കിലും തരത്തിലുള്ള പുരോഗതി കൈവരിക്കാൻ സർക്കാരിനു സാധിച്ചില്ല. 1.75 ലക്ഷത്തിലധികം അക്രമക്കേസുകളാണ് ഈ ഒരു വർഷത്തിനുള്ളിൽ റജിസ്റ്റർ ചെയ്തത്. അതിൽ കൊലപാതകമുണ്ട് മോഷണമുണ്ട്.  ദലിത് വിഭാഗങ്ങളെയും സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുന്ന കേസുകൾ വലിയരീതിയിൽ വർധിച്ചു. 19 രാഷ്ട്രീയ കൊലപാതകക്കേസുകളാണുണ്ടായത്. അതായത് ഒരു വർഷം ഭരിച്ചപ്പോൾതന്നെ 19 കേസുകൾ. ഇതെല്ലാം ക്രമസമാധാനപാലനത്തിന്റെ വീഴ്ചയാണെന്നതിൽ ഒരു സംശയവുമില്ല. 

നിയമപരിപാലനത്തിന്റെ കാര്യത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ട കാഴ്ചയാണ്. തമ്മിൽതല്ലും കൊലപാതകവും കൊണ്ട് വളരെ അസ്വസ്ഥജനകമായ അന്തരീക്ഷമാണു കേരളത്തിൽ നിലനിൽക്കുന്നത്. കാർഷികരംഗത്ത് എന്തെങ്കിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ല. കർഷകർക്ക് ഇതുവരെയും താങ്ങുവില കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കോടിക്കണക്കിനു രൂപയാണ് ഇവിടുത്തെ‌ കർഷകർക്കു കൊടുക്കാനുള്ളത്. കർഷകർക്കു സാമ്പത്തിക സഹായംനൽകാത്തതിനാൽ അവർ ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണ്. കുടിക്കാൻ വെള്ളമില്ല. രൂക്ഷമായ വരൾച്ച ഉണ്ടാകുമെന്നു മുന്നറിയിപ്പു കിട്ടിയിട്ടും നടപടിയെടുത്തില്ല. 

ഹരിതകേരളം എന്നൊക്കെ പൊന്നോമനപ്പേരിട്ടു മേനിനടിച്ചു നടന്നിട്ടു കാര്യമില്ല. വരൾച്ചയെ തടയണമെങ്കിൽ ഭൂഗർഭജലത്തിന്റെ അളവ് ഉയർത്തണം. അതിനു മഴക്കാലത്തേ നടപടി സ്വീകരിക്കണം. ഇവിടുള്ള പാടവും കാവും തോടുമെല്ലാം നശിപ്പിക്കുകയാണ്. മൂന്നാറിൽ വ്യാപകമായ കയ്യേറ്റമാണ്. പരിസ്ഥിതി ദുർബലപ്രദേശമായ മൂന്നാറിൽ കയ്യേറ്റം നടത്തിയാൽ എങ്ങനെ വെള്ളമുണ്ടാകും? കയ്യേറ്റക്കാർക്കു സ്വൈര്യവിഹാരം നടത്താൻ ഇവിടുത്തെ കാടുകളെല്ലാം വിട്ടുകൊടുത്തിരിക്കുകയാണ്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ കയ്യേറ്റം നടത്തി പതിനെട്ടും പത്തൊൻപതും നിലകളുള്ള കെട്ടിടങ്ങൾ നിർമിച്ചിരിക്കുകയാണ്. 

പരിസ്ഥിതിലോല പ്രദേശമായതിനാൽ കെട്ടിടങ്ങൾ നിർമ്മിക്കാൻ മൂന്നാർ മേഖലയിൽ നിയന്ത്രണങ്ങളുണ്ട്. അവയെല്ലാം അധികാരത്തിന്റെ ബലത്തിൽ മറികടക്കുകയാണ്. മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലാണ്. ഉരുൾപൊട്ടലാണ്. രണ്ടുദിവസം മഴപെയ്താൽ വെള്ളപ്പൊക്കമാണ്. വേനൽക്കാലമായാൽ കൊടുംവരൾച്ചയും. പ്രകൃതിസംരക്ഷണത്തിന് താൽപര്യമില്ലാത്ത സർക്കാരുകൾവരുത്തിവച്ച വിനയാണിത്. റേഷൻകടകളിൽ അരിയില്ല. ഇപ്പോഴും റേഷൻകാർഡ് വിതരണം ചെയ്യാൻകഴിഞ്ഞിട്ടില്ല. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകൾ അരി വന്നു നിറഞ്ഞു കിടക്കുകയാണ്. 

രണ്ടരലക്ഷത്തോളം ഭൂരഹിതരുണ്ട്. പാട്ടക്കാലാവധികഴിഞ്ഞ തോട്ടങ്ങളുണ്ട്. മിച്ചഭൂമി കിടക്കുന്നു. ഒരിഞ്ചുഭൂമിപോലും പാവപ്പെട്ട ഭൂരഹിതനു കൊടുക്കുന്നില്ല. കയ്യേറ്റക്കാർക്കു വലിയ സ്വീകരണമാണ്. അവർ പണക്കാരാണ്. അന്നം, വെള്ളം, മണ്ണ്, പാർപ്പിടം. അത് ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ്. യുവാക്കൾക്കു തൊഴിൽ കൊടുക്കുന്നില്ല. അവരെല്ലാം ഇവിടം വിട്ടുപോകുകയാണ്. പുതിയ തൊഴിൽ സംരംഭങ്ങളുണ്ടാകുന്നില്ല. വ്യവസായശാലകൾ ഉണ്ടാകുന്നില്ല. യുവാക്കൾക്ക് എന്തെങ്കിലും പണിയെടുത്തു ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തിലില്ല. അപ്പോൾ ഇവിടെ ഏതുമേഖലയിൽ എന്തു വികസനമാണ് ഉണ്ടായിട്ടുള്ളത്. 

കേന്ദ്രസർക്കാർ കൊ‌ടുക്കുന്ന പണം ഉപയോഗിച്ചു പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട് എന്നതല്ലാതെ മറ്റെന്താണ് ഇവിടെ നടക്കുന്നത്. റെയിൽവേ വികസനം നടക്കുന്നില്ല. കാര‌ണം ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ല. കേരള സർക്കാരാണു ഭൂമി ഏറ്റെടുക്കേണ്ടത്. ദേശീയപാത നാലുവരിയാക്കാനും ആറുവരിയാക്കാനും പണം നൽകാമെന്നു കേന്ദ്രം അറിയിച്ചിട്ടും ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ല. അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ കഴിയുന്നില്ല. അതേസമയം തുക ചെലവഴിക്കാതെ പാഴായി കൊണ്ടിരിക്കുകയാണ്. 6534 കോടിരൂപയാണ് കേന്ദ്രവിഹിതം. 3067 കോടി രൂപയാണ് ചെലവഴിച്ചത്– 47 ശതമാനം. അപ്പോൾ ഇതിൽനിന്ന് എന്താണ് മനസിലാക്കേണ്ടത്. പദ്ധതി നടത്തിപ്പിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നു. 

∙സർക്കാരിന് ഏറ്റവും കൂടുതൽ വീഴ്ച സംഭവിച്ച മേഖല ഏതാണ്? 

ക്രമസമാധാനം. ജീവിക്കാൻ വയ്യാത്ത സാഹചര്യമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിനു കഴിയുന്നില്ല. മറ്റെന്തു കിട്ടിയിട്ടും ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ എന്തെങ്കിലും കാര്യമുണ്ടോ? ഇവിടെ അരിയില്ല, തുണിയില്ല, വീട‌ില്ല, ഭൂമിയില്ല അതോടൊപ്പം ജീവിക്കാനും നിവൃത്തിയില്ല. കമ്മ്യൂണിസ്റ്റല്ലെങ്കിൽ ഇവിടെ ജീവിക്കാൻ പറ്റില്ല.

∙ഒരു വർഷത്തിനിടെ ഒരു മേഖലയിലും നേട്ടമുണ്ടായില്ല എന്നാണോ?

ഒന്നും ശരിയായിട്ടില്ല. ‘ശരിപ്പെടുത്തുകയല്ലേ’ അവർ. ഏതെങ്കിലും ഒരു സ്ഥാപനം രക്ഷപ്പെട്ടോ? കെഎസ്ആർടിസി രക്ഷപെ‌ട്ടോ? ഏതു പൊതുമേഖലാ സ്ഥാപനമാ‌ണ് രക്ഷപെട്ടത്. അതേസമയം, കേന്ദ്ര ഇടപെടൽ കാരണം പല സ്ഥാപനങ്ങളും രക്ഷപെടുന്നുണ്ട്. ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽ ലിമിറ്റഡ് പൂട്ടാനൊരുങ്ങിയ സ്ഥാപനമാണ്. അതിന് 1800 കോടി കൊടുത്തു പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്. എഫ്എസിടിക്കു സാമ്പത്തിക സഹായം നൽകാനുള്ള നടപടികൾ നടക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനം രക്ഷപ്പെടുത്താൻ ഇവർ നടപടി സ്വീകരിച്ചോ? ടൈറ്റാനിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. നന്നായി നടക്കുന്ന ഏതെങ്കിലും സ്ഥാപമുണ്ടോ? എല്ലായിടത്തും നഷ്ടവും തകർച്ചയുമാണ്.

സർക്കാരിന്റെ ഏറ്റവും വലിയ മണ്ടത്തരമാണ് എല്ലാ പേയ്മെന്റും ട്രഷറി വഴിയാക്കിയത്. പെൻഷൻ കിട്ടേണ്ടവരൊക്കെ അവിടെപോയി ക്യൂ നിൽക്കുകയാണ്. എന്നിട്ടു കേന്ദ്രത്തെയാണു സർക്കാർ കുറ്റം പറയുന്നത്. ‌എന്തിനാണ് ഇടപാട് ട്രഷറി വഴിയാക്കുന്നത്. സംസ്ഥാന സർക്കാരിനു പണം അങ്ങോട്ടുമിങ്ങോട്ടും മറിക്കുന്നതിനാണ്. ഖജനാവിൽ പണമില്ല. അതുകൊണ്ടു മറ്റുരീതിയിൽ കിട്ടേണ്ടപണമെല്ലാം ഇങ്ങോട്ടുവരുത്തുകയാണ്. ഇതു ബാങ്കിലാക്കിയാൽ എന്താ കുഴപ്പം. മറ്റു സംസ്ഥാനങ്ങളൊക്കെ അങ്ങനെയല്ലേ? ജനം ഒന്നും ചെയ്യേണ്ട അക്കൗണ്ടിൽ പണം വരും.

∙ അനാവശ്യ തർക്കങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടോ? ഒരു വർഷമായിട്ടും ഉദ്യോഗസ്ഥ തർക്കവും നിസഹകരണവും നീളുകയാണ്?

മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഭക്ഷ്യമന്ത്രിയും എല്ലാവരും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും തർക്കമാണ്. ഒരു കാര്യവും നടക്കുന്നില്ല. അതു തന്നെയാണ് ഓഫിസുകളുടേയും അവസ്ഥ. പത്തുശതമാനം ഫയൽപോലും നീങ്ങുന്നില്ല. എല്ലാം കെട്ടിക്കിടക്കുകയാണ്. ഉദ്യോഗസ്ഥരെ വെറുപ്പിച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ വെറുപ്പിച്ചു. ധാർഷ്ട്യത്തിന്റെ വടികൊണ്ട് അവരെയെല്ലാം മെരുക്കാമെന്നാണ് വിചാരിക്കുന്നത്. അങ്ങനെ മെരുക്കാൻ കഴിയുമോ? കാലം മാറിയില്ലേ. ഭരണരംഗത്തു ദുഷ്പ്രഭുത്വമാണ്. ഫ്യൂഡലിസ്റ്റ് വ്യവസ്ഥയാണ്. മുഖ്യമന്ത്രി ജൻമിയായി മാറി; തമ്പ്രാൻ ഭരണം. 19 കൊലപാതകങ്ങൾ നടന്നു. മരിക്കുന്നതാരാ പാവങ്ങളല്ലേ? കമ്മ്യൂണിസം തമ്പ്രാൻ ഭരണത്തിനെതിരാണ്. പക്ഷേ, കമ്മ്യൂണിസ്റ്റുകൾ തമ്പ്രാനായാൽ എന്തു ചെയ്യും.

∙മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണ്, അതാണ് ഭരണരംഗത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണോ?

പാർട്ടിയുടെ ഫാസിസ്റ്റ് മുഖമാണ് സർക്കാരിന്റെ ഈ നടപടികളിലൂടെ വ്യക്തമാകുന്നത്. പാർട്ടിക്കോ സർക്കാരിനോ ജനകീയ മുഖമില്ല. അങ്ങനെ ഉണ്ടായിരുന്ന‌െങ്കിൽ പ്രശ്നം വരില്ലായിരുന്നു. പ‌‌‌‌‌ഴമയുടെ പഴകി ദ്രവിച്ച മാമൂലുകളെല്ലാം ഇപ്പോൾ തിരികെ വരികയാണ്. മാർക്സിസ്റ്റുകാരല്ലാത്തവരെയെല്ലാം ആട്ടിയോട്ടിക്കുകയാണ്. അതു മറ്റൊരു തൊട്ടുകൂടായ്മയാണ്. രാഷ്ട്രീയരംഗത്തായാലും സാമൂഹികരംഗത്തായാലും മേലാളൻമാരുടെ ഭരണമാണ്. അനുസരിക്കാത്ത ഒറ്റ ഉദ്യോഗസ്ഥർക്ക് ഇരിക്കാൻ നിവൃത്തിയില്ല. ആർഎസ്എസുകാരെ അറസ്റ്റു ചെയ്യണമെന്നു പറഞ്ഞാൽ അറസ്റ്റു ചെയ്യണം. അല്ലെങ്കിൽ പുറത്താകും. സെക്രട്ടേറിയറ്റ് എകെജി സെന്ററായി. എകെജി സെന്റർ സെക്രട്ടേറിയറ്റുമായി.

∙ബിജെപിയുടെ കേരളത്തിലെ ഏക എംഎൽഎയായ ഒ.രാജഗോപാലിന്റെ പ്രവർത്തനത്തെ എങ്ങനെയാ‌ണു വിലയിരുത്തുന്നത്?

അദ്ദേഹത്തിനു ചെയ്യാൻ സാധിക്കുന്നതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരു അംഗം മാത്രം വിചാരിച്ചാൽ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ കഴിയില്ല. അതിനു പിന്തുണവേണം. അപ്പോൾ ചർച്ചയിൽ ഇടയ്ക്ക് എന്തെങ്കിലും ഇടപെട്ട് സംസാരിക്കാനേ കഴിയൂ. അത് കേട്ടാലായി ഇല്ലെങ്കിലായി.