Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരഞ്ജൻ ഇനി ജ്വലിക്കുന്ന ഓർമ

niranjan മണ്ണാർക്കാട് എളമ്പുലാശ്ശേരി കളരിക്കൽ തറവാട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിനു ശേഷം ലഫ്. കേണൽ നിരഞ്ജന്റെ ഔദ്യോഗിക യൂണിഫോം ഏറ്റുവാങ്ങി വിതുമ്പുന്ന ഭാര്യ ഡോ. കെ.ജി. രാധിക.

മണ്ണാ‍ർക്കാട് ∙ ദേശസ്നേഹത്തിന്റെ പതാകകളേന്തിയെത്തിയ ആയിരങ്ങളെ സാക്ഷിനിർത്തി രാജ്യത്തിന്റെ മുഴുവൻ ആദരമേറ്റുവാങ്ങി ലഫ്. കേണൽ ഇ.കെ. നിരഞ്ജൻ ജ്വലിക്കുന്ന ഓർമയായി. പഞ്ചാബിലെ പത്താൻകോട്ടിൽ രാജ്യസുരക്ഷയ്ക്കു നേരെ വെടി ഉതിർത്ത ബാക്കി ഭീകരരെക്കൂടി തുരത്താനുള്ള പോരാട്ടം നടക്കുന്നതിനിടെ വീരമൃത്യു വരിച്ച മണ്ണാർക്കാട് എളമ്പുലാശ്ശേരി സ്വദേശി ലഫ്. കേണൽ ഇ.കെ. നിരഞ്ജനു നാടു കണ്ണീരിൽ കുതിർന്ന വിട നൽകി.

നിരഞ്ജന്റെ ഭൗതികശരീരം ഇന്നലെ രാവിലെ ഏഴു മുതൽ 11.45 വരെ എളമ്പുലാശ്ശേരി കെഎയുപി സ്കൂളിൽ പൊതു ദർശനത്തിനു വച്ചു. നാടിന്റെ മുഴുവൻ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം മൃതദേഹം പൂർണ സൈനിക, പൊലീസ് ബഹുമതികളോടെ എളമ്പുലാശ്ശേരി കളരിക്കൽ തറവാട്ടുവളപ്പിലാണു സംസ്കരിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു.

ഇ.കെ. നിരഞ്ജന്റെ ഭാര്യ ഡോ. കെ.ജി. രാധിക, മകൾ വിസ്മയ, പിതാവ് ഇ.കെ. ശിവരാജൻ, അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ സ്കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സ്കൂളിൽ സൈന്യത്തിന്റെ ചടങ്ങുകൾക്കുശേഷം മൃതദേഹം 11.45ന് ആയിരങ്ങളുടെ അകമ്പടിയോടെ സൈനിക വാഹനത്തിൽ സംസ്കാര സ്ഥലത്തേക്കു കൊണ്ടുപോയി. ഇവിടെ വച്ച് കര, വ്യോമ സേനയും സംസ്ഥാന പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ആചാരാനുഷ്ഠാനങ്ങളോടെയായിരുന്നു സംസ്കാരം.

നിരഞ്ജന്റെ സഹോദരൻ ശശാങ്കും പിതൃസഹോദര പുത്രൻമാരും ചേർന്നാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. നിരഞ്ജന്റെ കുടുംബത്തിനു സംസ്ഥാന സർക്കാർ എല്ലാവിധ സഹായവും നൽകുമെന്നും ഇതേക്കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേ‍ായമ്പത്തൂർ മധുക്കര ആർട്ടിലറി റജിമെന്റ് സ്റ്റേഷൻ കമാൻഡർ ലഫ്. കേണൽ ശൈലേന്ദർ ആര്യ, വ്യോമസേനയുടെ സൂലൂർ സ്റ്റേഷൻ ഗ്രൂപ്പ് ക്യാപ്റ്റൻ വി.ആർ. ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൈനിക ബഹുമതികൾ അർപ്പിച്ചത്. എൻഎസ്ജി ഐജി മോനി ചാണ്ടി, ജില്ലാ സൈനിക ഒ‍ാഫിസർ പി.കെ. കുട്ടൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെ. ബാബു, എ.പി. അനിൽകുമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ തിങ്കളാഴ്ച രാത്രി വൈകി വീട്ടിലെത്തി നിരഞ്ജന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. നടൻ സുരേഷ് ഗോപി, സംവിധായകൻ മേജർ രവി തുടങ്ങിയവരും എംപിമാരും എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികളും നാടിന്റെ പ്രിയപുത്രന് അന്ത്യോപചാരമർപ്പിക്കാനെത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.