Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരഞ്ജൻ ധീരനക്ഷത്രം

niranjan-family നിരഞ്ജൻ, ഭാര്യ ഡോ. കെ.ജി. രാധിക, മകൾ വിസ്മയ.

പത്താൻകോട്ട് (പഞ്ചാബ്) ∙ ദേശീയ സുരക്ഷാ സേനയിൽ (എൻഎസ്ജി) ബോംബ് നിർ‌വീര്യമാക്കൽ സംഘത്തിലെ അംഗമായിരുന്ന ലഫ്. കേണൽ ഇ. കെ. നിരഞ്ജന്റെ ജീവനെടുത്തത് പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തിയ ഭീകരന്റെ മൃതദേഹത്തിലുണ്ടായിരുന്ന ഗ്രനേഡ്. ഇത് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഉഗ്രസ്ഫോടനത്തിൽ നിരഞ്ജൻ കൊല്ലപ്പെടുകയും ഏഴ് എൻഎസ്ജി ഭടന്മാർക്കു പരുക്കേൽക്കുകയും ചെയ്തു.

മൂന്നു വർഷമായി എൻഎസ്ജി ഓഫിസറായി സേവനമനുഷ്ഠിക്കുന്ന നിരഞ്ജൻ, പാലക്കാട് എളമ്പുലാശ്ശേരി കളരിക്കൽ ഇ. കെ. ശിവരാജന്റെയും പരേതയായ രാജേശ്വരിയുടെയും മകനാണ്. 1981 മേയ് രണ്ടിനു ജനനം. പഠിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. മല്ലേശ്വരം സ്റ്റെല്ലാ മേരീസ് സ്കൂളിലും ബിപി ഇന്ത്യൻ പബ്ലിക് സ്കൂളിലുമാണു പ്രാഥമിക വിദ്യാഭ്യാസം.

ജാലഹള്ളി ബിഇഎൽ പിയു കോംപസിറ്റ് കോളജ് പഠനത്തിനുശേഷം യെലഹങ്ക എം. വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയ നിരഞ്ജൻ മിലിട്ടറി എൻജിനീയറിങ് സർവീസിലൂടെ സൈന്യത്തിൽ എത്തി. 2003 ഒക്ടോബറിൽ കരസേനയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് ആൻഡ് സെന്ററിൽ (എംഇജി അഥവാ മദ്രാസ് സാപ്പേഴ്സ്) ലഫ്റ്റനന്റായി. ബെംഗളൂരുവിലെ അൾസൂർ എംഇജിയിൽ പരിശീലനം പൂർത്തിയാക്കിയശേഷം അസമിലായിരുന്നു ആദ്യനിയമനം. തുടർന്നു ജമ്മു കശ്മീർ, മിസോറം, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലെ സേവനത്തിനുശേഷം എൻഎസ്ജിയിൽ ചേർന്നു. 22 മാസമായി എൻഎസ്ജിയിലാണ്. ഡൽഹിയിലാണു താമസം.

മലപ്പുറം പുലാമന്തോൾ പാലൂരിൽ ഗോപാലകൃഷ്ണപ്പണിക്കരുടെ മകളും ഡന്റൽ ഡോക്ടറുമായ കെ. ജി. രാധികയാണു ഭാര്യ. മകൾ: വിസ്മയ (രണ്ട്). ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) പ്രൊഡക്‌ഷൻ കൺട്രോൾ മാനേജരായിരുന്നു നിരഞ്ജന്റെ അച്ഛൻ ശിവരാജൻ. ഡൽഹി പാലം വ്യോമസേനാ താവളത്തിൽ സേവനം അനുഷ്ഠിക്കുന്ന സ്ക്വാഡ്രൻ ലീഡർ ശരത്, ബെംഗളൂരുവിൽ ഫ്രീലാൻസ് ടീച്ചർ ട്രെയിനറായ ഭാഗ്യലക്ഷ്മി, ടിസിഎസിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറായ ശശാങ്ക് എന്നിവർ സഹോദരങ്ങളാണ്.

ബെംഗളൂരുവിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്ന് റോഡ് മാർഗം പാലക്കാട്ടെ കുടുംബവീടായ കരിമ്പുഴയിലെ എളുമ്പിലാശേരിയിലെത്തിക്കും. തുടർന്നു കെഎ യുപി സ്കൂളിൽ പെ‍ാതുദർശനത്തിനു വയ്ക്കും. കളരിക്കൽ തറവാട്ടുക്ഷേത്രത്തിനു തെക്കുഭാഗത്തെ സ്ഥലത്താണ് നിരഞ്ജന് അന്ത്യവിശ്രമം ഒരുക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.