Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരാക്രമണം: സർക്കാർ ഇരുട്ടിൽ തപ്പുന്നതായി കോൺഗ്രസ്

by സ്വന്തം ലേഖകൻ
congress

ന്യൂഡൽഹി ∙ പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു ഗുരുതര വീഴ്‌ചയുണ്ടായെന്നു കോൺഗ്രസ് വിലയിരുത്തൽ. എല്ലാ അധികാരവും പ്രധാനമന്ത്രിയിൽ കേന്ദ്രീകരിച്ചിരിക്കുന്നതും ബന്ധപ്പെട്ട ഏജൻസികൾക്കിടയിൽ ഏകോപനമില്ലാത്തതും കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി നിർജീവമായതും രാജ്യസുരക്ഷയെ അപകടത്തിലാക്കിയിരിക്കുന്നുവെന്നു പാർട്ടി കരുതുന്നു.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിലും പാക്കിസ്‌ഥാനിൽനിന്നുള്ള ഭീഷണി കൈകാര്യം ചെയ്യുന്നതിലും യുപിഎ പരാജയമാണെന്ന പ്രചാരണം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന ആയുധമായിരുന്നു. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പാക്കിസ്‌ഥാനെതിരെ നടത്തിയ പ്രഖ്യാപനങ്ങൾ പ്രചാരണ യോഗങ്ങളിൽ ആവേശമായി. യുപിഎയുടെ ഇരുത്തംവന്ന നിലപാടുകളും എൻഡിഎ സർക്കാരിന്റെ നൈമിഷിക സമീപനങ്ങളും തമ്മിൽ തട്ടിച്ചുനോക്കേണ്ട അവസരമായിരിക്കുന്നുവെന്നാണു കോൺഗ്രസിന്റെ പക്ഷം. പാക്ക് പ്രധാനമന്ത്രിക്കു ജന്മദിനാശംസ നേരാൻ ഒരുദിവസം രാവിലെ പാക്കിസ്‌ഥാനിലെത്തുന്നതു തലക്കെട്ടു നേടാൻ മാത്രമേ ഉപകരിക്കൂവെന്ന് അവർ നേരത്തേ വിമർശിച്ചിരുന്നു.

പ്രധാനമന്ത്രിയിൽ മാത്രം അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായതെന്നു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ പറഞ്ഞു. യുപിഎ ഭരണകാലത്തു പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി, ധനമന്ത്രി എന്നിവർ ഉൾപ്പെട്ട സമിതിയാണു (സിസിഎസ്) ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്. അടിയന്തര യോഗങ്ങൾ ചേർന്നു സ്‌ഥിതിഗതികൾ വിലയിരുത്തുകയും ഭാവി നടപടികൾ തീരുമാനിക്കുകയുമായിരുന്നു പതിവ്. സിസിഎസ് നിഷ്‌ക്രിയമായിരിക്കുന്നുവെന്നാണു പത്താൻകോട്ട് ആക്രമണത്തിനുശേഷം ലഭിക്കുന്ന സൂചന. സമിതിയുടെ അടിയന്തര യോഗമുണ്ടായില്ല. വിവിധ സർക്കാർ ഏജൻസികളും മന്ത്രിമാരും നൽകിയ വിവരങ്ങൾ പരസ്‌പര വിരുദ്ധമായിരുന്നു.

ഭീകരർക്കെതിരായ നടപടി അവസാനിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ഭക്ഷ്യസംസ്‌കരണമന്ത്രി ഹർസിമ്രത് കൗർ ബാദലും ജനങ്ങളെ അറിയിച്ചപ്പോൾ സൈനിക നടപടി തുടരുകയായിരുന്നു. ആക്രമണത്തിന്റെ സ്വഭാവത്തെയും ഭീകരരുടെ എണ്ണത്തെയും കൊല്ലപ്പെട്ട ഭീകരരെയും കുറിച്ചു രാജ്‌നാഥ് സിങ്ങിന് ഊഹമുണ്ടായിരുന്നില്ല. മുംബൈ ഭീകരാക്രമണകാലത്തു ഗുജറാത്തിൽനിന്നു മുംബൈയിലെത്തിയ മോദി അന്നത്തെ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, പത്താൻകോട് സന്ദർശിക്കാനോ സൈനികർക്ക് ആത്മവീര്യം പകരാനോ ഒരു മുതിർന്ന മന്ത്രിപോലും ഇനിയും തയാറായിട്ടില്ല.

തിരഞ്ഞെടുപ്പു പ്രചാരണകാലത്തു പാക്കിസ്‌ഥാനെ പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചു വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന പ്രധാനമന്ത്രി ഇപ്പോൾ പാക്കിസ്‌ഥാനെന്ന പേര് ഉച്ചരിക്കുന്നതുതന്നെ വിലക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്‌ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തുന്നതിൽ യുപിഎ വിജയിച്ച സ്‌ഥാനത്താണിത്. ഭീകരാക്രമണങ്ങൾ വർധിക്കുകയും രാജ്യം ഭീതിയിലാവുകയും ചെയ്‌തിരിക്കുമ്പോൾ സർക്കാർ ഇരുട്ടിൽ തപ്പുന്നത് അപകടകരമാണ് – മാക്കൻ മുന്നറിയിപ്പു നൽകി. ഇതേസമയം, പാക്കിസ്‌ഥാനുമായി വിദേശകാര്യ സെക്രട്ടറിതല ചർച്ചകൾ നിർത്തിവയ്‌ക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ഭീകരതയും സമാധാന ചർച്ചയും ഒന്നിച്ചു കൊണ്ടുപോകാനാവില്ലെന്ന നിലപാട് അവർ ആവർത്തിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.