Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്താൻകോട്ട് അന്വേഷണം ദുരൂഹതകളിലേക്ക്

spy-2

ന്യൂഡൽഹി ∙ പത്താൻകോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തുന്ന അന്വേഷണം മുൻപുനടന്ന ഏതാനും ദുരൂഹ സംഭവങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. പത്താൻകോട്ട് വ്യോമതാവളത്തിൽ ജോലി ചെയ്യുന്നതിനിടെ ചാരപ്പണിക്ക് പിടികൂടിയ ഉദ്യോഗസ്ഥനെയും ഭട്ടിൻഡ വ്യോമതാവളത്തിൽ ജോലി ചെയ്യുന്നതിനിടെ കുടുംബസമേതം പാക്കിസ്ഥാനിലേക്കു പോയി പിന്നീട് കാണാതായ വ്യക്തിയെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം.

ഭീകരർക്കു പ്രവേശിക്കാൻ പത്താൻകോട്ട് താവളത്തിന്റെ ചുറ്റുമതിലിലെ ലൈറ്റ് കെടുത്തിയതും ദിശമാറ്റിയതും ആരെന്നതും അന്വേഷിക്കുന്നു. പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ ഈയിടെ വ്യോമസേനയിൽ നിന്നു പിടിയിലായ മലയാളി കെ.കെ. രഞ്ജിത്തിന്റെ പങ്കും അന്വേഷണത്തിന്റെ ഭാഗമാക്കി. സംശയത്തിന്റെ നിഴലിലുള്ള ഗുർദാസ്പൂർ മുൻ എസ്പി സൽവീന്ദർ സിങ്ങിനെ നുണപരിശോധന നടത്താൻ ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ജോലി ചെയ്തിരുന്ന സുനിൽ ഭട്ടിയെ 2014 ഓഗസ്റ്റിൽ പാക്ക് ചാരസംഘടനയായ െഎഎസ്ഐയുമായുള്ള ബന്ധത്തിന്റെ പേരിൽ പിടികൂടിയിരുന്നു. ഈ ഉദ്യോഗസ്ഥനെതിരേ പ്രോസിക്യൂഷൻ നടപടിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല.

സുനിലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എൻഐഎ. ഭട്ടിൻഡ എയർഫോഴ്സ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഫരീദ്കോട്ട് സ്വദേശിയായ സുനിൽ സിങ് എന്ന ഉദ്യോഗസ്ഥനെയും കുടുംബത്തെയും കഴിഞ്ഞ വർഷം മുതലാണ് കാണാതായത്. ഇവർ പാക്കിസ്ഥാനിലേക്ക് ഒരു തീർഥയാത്രയ്ക്കു പോയ ശേഷം മടങ്ങി വന്നിട്ടില്ല. ഭാര്യ സുനിത, മക്കൾ സുമേർ സിങ്, ഉമാ കൗർ എന്നിവർക്കൊപ്പമാണ് സുനിൽ സിങ് പോയത്. സുനിൽ സിങ് പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി ചെയ്യുകയായിരുന്നു എന്നാണ് എൻഐഎ കണ്ടെത്തിയത്.

Ranjith കെ.കെ. രഞ്ജിത്ത്.

അടുത്തിടെയാണ് കെ.കെ. രഞ്ജിത്തിനെ ചാരവൃത്തിക്ക് അറസ്റ്റു ചെയ്തത്. ഭട്ടിൻഡ എയർ ബേസിലാണ് രഞ്ജിത് ജോലി ചെയ്തിരുന്നത്. വ്യോമസേനാ താവളവുമായും യുദ്ധവിമാനങ്ങളുമായും ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ ഇയാൾ െഎഎസ്ഐക്ക് കൈമാറി എന്നാണ് ആരോപണം. ഗുർദാസ്പൂർ മുൻ എസ്പി സൽവീന്ദർ സിങ്ങിനെ കൂടുതൽ ചോദ്യം ചെയ്യാനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് എൻഐഎ സമൻസയച്ചു. ‌

എൻഐഎയും പഞ്ചാബ് പൊലീസും നേരത്തേ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മൊഴികളിൽ വൈരുധ്യം കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം, പഞ്ചാബ് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച റിപ്പോർട്ടിൽ സൽവീന്ദർ സിങ്ങിനെ കുറ്റപ്പെടുത്തുന്നില്ല. തട്ടിക്കൊണ്ടു പോയതിനു ശേഷം മോചിപ്പിക്കപ്പെട്ട ഉടൻ എസ്പി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്. അതനുസരിച്ച് പഞ്ചാബ് പൊലീസ് സംസ്ഥാനമൊട്ടാകെ സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എന്നാൽ സൽവീന്ദർ തന്നെ നേരത്തേ നടത്തിയ വെളിപ്പെടുത്തലുകൾ ഇതിനു വിരുദ്ധമാണ്. ഭീകരരിൽ നിന്ന് മോചനം കിട്ടി പുലർച്ചെ മൂന്നു മണിയോടെ ഗുർദാസ്പൂർ എഎസ്പിയെ വിവരം അറിയിച്ചുവെങ്കിലും ഗൗരവമായി എടുത്തില്ല എന്നാണ് സൽവീന്ദർ പറഞ്ഞത്. രാവിലെ ആറു മണിക്കു ശേഷമാണ് പിസിആർ വാനിൽ നിന്ന് പ്രതികരണം ഉണ്ടായതും ഒരു ഡിഎസ്പി സഹായത്തിന് എത്തിയതും എന്നാണ് സൽവീന്ദർ പറഞ്ഞത്.

അതിർത്തി പ്രദേശത്തുനിന്നും വ്യോമതാവളത്തിൽ നിന്നും എൻഐഎ ശേഖരിച്ച, ഭീകരരുടേതെന്ന് കരുതുന്ന കാലടയാളങ്ങളെപ്പറ്റിയും അന്വേഷണം തുടരുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.