Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്താൻകോട്ട് ഭീകരാക്രമണം: അവശേഷിക്കുന്ന രണ്ട് ഭീകരരെയും വധിച്ചതായി സൂചന

Indian-army

പത്താൻകോട്ട്∙ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിലും സ്ഫോടനങ്ങളിലും ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ആകെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം അഞ്ചായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിനിടെ, രണ്ട് സംഘങ്ങളായാണ് ഭീകരർ ആക്രമണം നടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥർ താമസിക്കുന്ന കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്.

അതേസമയം, പത്താൻകോട്ട് വ്യോമസേനാ താവളത്തിലെ ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്നാണ് എൻഎസ്ജി മേജർ ജനറൽ ദുഷ്യന്ത് സിങ് ഒടുവിൽ അറിയിച്ചത്. അഞ്ച് ഭീകരരെ വധിച്ചു, തിരച്ചിൽ അവസാനഘട്ടത്തിലാണ്. കൂടുതൽ സേനാംഗങ്ങൾ ഇവിടെ എത്തിയിട്ടുണ്ട്. വ്യോമസേനാ താവളത്തിന്റെ സ്ഥലം വളരെ വലുതാണ്. അതിനാൽ തിരച്ചിൽ അവസാനിക്കാൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

pathankote-attack-7

എൻഎസ്ജിയും ഗരുഡ് സേനയും ഒന്നിച്ചാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടത്തുന്നത്. വ്യോമസേന വിമാനങ്ങൾ അടക്കമുള്ളവയുടെ സുരക്ഷ ഉറപ്പാക്കിയാണ് നടപടി. ഇവിടുള്ള എല്ലാ ഉദ്യോഗസ്ഥരും ആയുധങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും. ഇതൊരു ചെറിയ നഗരത്തിനു സമമാണ്. കുടുംബങ്ങളായി ഇവിടെ താമസിക്കുന്നവരുണ്ട്, സ്കൂളുകളുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്തണം – മേജർ ജനറൽ ദുഷ്യന്ത് സിങ് പറഞ്ഞു.

Army Soldiers

വ്യോമസേന താവളത്തിലെ ആയുധങ്ങളും വിമാനങ്ങളും നശിപ്പിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് സൈനിക മേധാവിയും വ്യക്തമാക്കി. എന്നാൽ ആ നീക്കത്തെ നമ്മൾ തകർത്തു. ഇവിടുള്ളതെല്ലാം സുരക്ഷിതമാണ്. ഇപ്പോഴും ഇവിടെ സൈനിക നീക്കം തുടർന്നുവരികയാണ്. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടത്തിലെ തിരച്ചിലുകളാണ് തുടരുന്നത്. വ്യോമസേന ഉദ്യോഗസ്ഥർ താമസിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ഭീകരർ ഒളിച്ചിരുന്നത്. ഏറ്റുമുട്ടലിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയവരെയും പരുക്കേറ്റവരെയും നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലിനെപ്പറ്റിയുള്ള വിവരങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

Army-soldiers

അതിനിടെ, പഞ്ചാബിൽ ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. പാക്കിസ്ഥാൻ, ചൈന, ബ്രസീൽ എന്നിവിടങ്ങളിൽ നിർമ്മിച്ച ആയുധങ്ങളും പാക്ക് മൊബൈൽ സിം കാർഡുകളും ഇവരിൽ നിന്നും കണ്ടെടുത്തു. എകെ 47 തോക്കുകളും തിരകളും കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബിലെ മൊഹാലിയിൽ വച്ചാണ് മൂന്നു പേരെ പിടികൂടിയത്. പിടിയിലായവർ അതിർത്തി കടന്നുള്ള കള്ളക്കടത്തും കൊലപാതകം അടക്കമുള്ള നിരവധി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരാണെന്ന് മൊഹാലി പൊലീസ് പറ‍ഞ്ഞു. ഗുർജൻ സിങ്, സന്ദീപ് സിങ്, ജിതേന്ദർ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Indian-soldiers

അതേസമയം, ആക്രമണത്തിനിടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ പ്രതിരോധമന്ത്രാലയം മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി. അതേസമയം, ഭീകരാക്രമണ വിഷയം പാക്കിസ്ഥാൻ സർക്കാരിനോട് ഇന്ത്യ ഉന്നയിക്കും. എഴുപത്തിരണ്ടു മണിക്കൂറിനുള്ളിൽ ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുന്നതിനാകും ആവശ്യപ്പെടുക. രഹസ്യന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളും ഭീകരസംഘടനയ്ക്കെതിരെ ശേഖരിച്ച വിവരങ്ങളെയും അടിസ്ഥാനപ്പെടുത്തി നടപടിയെടുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.