Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടെടുത്ത ആയുധങ്ങൾ പാക്ക് നിർമിതം

defence-minister-pathan പത്താൻകോട്ട് വ്യോമതാവളത്തിൽ എത്തിയ പ്രതിരോധമന്ത്രി മനോഹർ പരീക്കർ. കരസേനാ മേധാവി ജന​റൽ ദൽബീർ സിങ് സുഹാഗ്, എയർ കമ്മഡോർ ജെ.എസ്.ദാമൂൻ എന്നിവർ സമീപം.

പത്താൻകോട്ട് (പഞ്ചാബ്) ∙ പത്താൻകോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനു പിന്നിലെ പാക്ക് ബന്ധം വ്യക്തമായതായി കേന്ദ്രസർക്കാർ. ഭീകരർ ഉപയോഗിച്ച ചില ആയുധങ്ങൾ പാക്കിസ്ഥാൻ നിർമിതമാണെന്നു സൂചനയുള്ളതായി പ്രതിരോധമന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ പാക്കിസ്ഥാനോടു നിയമനടപടി ആവശ്യപ്പെടുന്ന കത്തും കൊല്ലപ്പെട്ട ഭീകരരുടെ ഡിഎൻഎ സാംപിളുകളും ഇന്ത്യ ഉടൻ പാക്കിസ്ഥാനു കൈമാറും. ഭീകരാക്രമണത്തിനു പിന്നിലുള്ളവരെ പിടികൂടാൻ സഹായിക്കുന്ന തെളിവുകളും സൂചനകളും ഇതോടൊപ്പം കൈമാറും. 36 മണിക്കൂർ നീണ്ട സൈനിക നടപടിക്കൊടുവിൽ ആറു ഭീകരരെയും വധിച്ചെങ്കിലും സുരക്ഷാപരമായ ‘ചില പഴുതുകൾ’ ഉണ്ടെന്നു കണ്ടതായി പ്രതിരോധമന്ത്രി മനോഹർ പാരിക്കർ സമ്മതിച്ചു. 24 കിലോമീറ്റർ ചുറ്റളവിൽ 2000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യോമസേനാ താവളത്തിനകത്തു ഭീകരർ എങ്ങനെ കയറിപ്പറ്റി എന്നതു തന്നെ അലട്ടുന്നുവെന്ന് പത്താൻകോട്ടെ സേനാ താവളം സന്ദർശിച്ചശേഷം പ്രതിരോധമന്ത്രി പറഞ്ഞു. 40–45 കിലോഗ്രാം വെടിയുണ്ടകളും ഒട്ടേറെ സ്ഫോടകവസ്തുക്കളുമാണു ഭീകരർ കൊണ്ടുവന്നത്.

Nawaz-Sharif നവാസ് ഷരീഫ്.

ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചു. ചില പഴുതുകളുണ്ടായിരുന്നതായി കാണുന്നു. എന്നാൽ, സുരക്ഷയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിർത്തിയിലെ ഏതു ഭാഗത്തുകൂടി ഭീകരർ നുഴഞ്ഞുകയറി എന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ബിഎസ്എഫിനോടു നിർദേശിച്ചിട്ടുണ്ട്. പാക്ക് ബന്ധം വ്യക്തമായതോടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. സൈനികരുടെ ജീവഹാനിയിൽ ദുഃഖം പ്രകടിപ്പിച്ച ഷരീഫ്, ഭീകരർക്കെതിരെ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്നു മോദിക്ക് ഉറപ്പു നൽകി. ശ്രീലങ്കയിൽ പര്യടനത്തിലായിരുന്ന ഷരീഫ് ഇന്നലെ ഉച്ചകഴിഞ്ഞാണു മോദിയെ വിളിച്ചത്. ഇരുരാജ്യങ്ങൾക്കിടയിലെ സമാധാനശ്രമങ്ങൾ അട്ടിമറിക്കാൻ ഭീകരർ എപ്പോഴും ശ്രമിക്കുമെന്നും ഇന്ത്യ നൽകുന്ന തെളിവുകൾ പിന്തുടർന്ന് അന്വേഷിക്കാനും ഇന്ത്യയോടു പൂർണമായി സഹകരിക്കാനും പാക്കിസ്ഥാൻ സന്നദ്ധമാണെന്നും ഷരീഫ് അറിയിച്ചു.

പത്താൻകോട്ട് ഭീകരാക്രമണത്തിനു പിന്നിലെ സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ നടപടി അടിയന്തരമായി ഉണ്ടാകണമെന്നു മോദിയും ആവശ്യപ്പെട്ടു. ‘ശനിയാഴ്ച രാവിലെ മൂന്നരമുതൽ ഞായറാഴ്ച വൈകിട്ട് ഏഴരവരെ നീണ്ട സൈനിക നടപടിയിലൂടെയാണ് ആറു ഭീകരരെയും ഇല്ലായ്മ ചെയ്തത്. നിലവിൽ ഭീകരരെന്നു സംശയമുള്ള ആരും അവിടെയില്ല. എങ്കിലും വ്യോമസേനാ താവളത്തിലും പരിസരത്തും സുരക്ഷാസേനയുടെ തിരച്ചിൽ ഇന്നുകൂടി തുടരും.’– പ്രതിരോധമന്ത്രി പറഞ്ഞു. പ്രദേശത്തു ഭീകരർ ഉപേക്ഷിച്ച സ്ഫോടകവസ്തുക്കളുണ്ട്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഭീകരരുടെ ദേഹത്തു ഘടിപ്പിച്ചിട്ടുള്ളതിനാൽ ആറു ഭീകരരുടെയും മൃതദേഹങ്ങൾ നീക്കംചെയ്തിട്ടില്ല. മലയാളിയായ ലഫ്. കേണൽ ഇ.കെ. നിരഞ്ജൻ മരിച്ചത് കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിൽ ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു. വ്യോമസേനാ താവളത്തിലെ തന്ത്രപ്രധാനമായ കെട്ടിടങ്ങളും വസ്തുവകകളും കുടുംബങ്ങളും സുരക്ഷിതമാണെന്നും പാരിക്കർ പറഞ്ഞു.

pathankot-patrolling പത്താൻകോട്ട് വ്യോമസേന താവളത്തിനു പുറത്തുകൂടി വാഹനത്തിൽ തോക്കുമായി റോന്തുചുറ്റുന്ന സൈനികർ. ചിത്രം: പിടിഐ

വ്യോമസേനാ താവളത്തിൽ മൂവായിരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഏതാനും രാജ്യങ്ങളിൽനിന്നു പരിശീലനത്തിന് എത്തിയവരുമുണ്ട്. ഇവരെയും വസ്തുവകകളെയും സംരക്ഷിക്കുകയായിരുന്നു സുരക്ഷാസേനയുടെ മുഖ്യദൗത്യം. ജീവത്യാഗം ചെയ്ത ഏഴു സൈനികരെയും രക്തസാക്ഷികളായി ആദരിക്കും. യുദ്ധസമാന സാഹചര്യങ്ങളിൽ പോരാടി ജീവൻ വെടിയുന്നവർക്കു ലഭ്യമാക്കുന്ന എല്ലാ അംഗീകാരങ്ങൾക്കും ആനുകൂല്യങ്ങൾക്കും അവർക്ക് അർഹതയുണ്ടാകുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തെ ജപ്പാനും ഫ്രാൻസും അപലപിച്ചു. യുഎസ്, ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാഷ്ട്രങ്ങൾ നേരത്തേ അപലപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.