Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് ഭീകരത വീണ്ടും

01-ATTACK-LIVE-5col

ഗുർദാസ്പൂരിൽ എസ്പിയടക്കം പത്തുപേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുൻപാണ് പഞ്ചാബിൽ വീണ്ടും ഭീകരാക്രമണം നടക്കുന്നത്. കഴിഞ്ഞ ജൂലൈ 27ന് ആയിരുന്നു ഗുർദാസ്പൂരിലെ ഭീകരാക്രമണം. അഞ്ചുമാസം പിന്നിടുമ്പോൾ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ നടന്ന ആക്രമണത്തിന് ഗുർദാസ്പൂർ ആക്രമണവുമായി ഏറെ സമാനതകളുണ്ട്. ഭീകരർ ആക്രമണത്തിനു പാക്കിസ്ഥാനിൽനിന്നു കടന്നെത്തിയ വഴികൾ പോലും സമാനമാണ്.

പാക്ക് അതിർത്തിയിൽനിന്നു 35 കിലോമീറ്റർ അകലെയുള്ള ദിനനഗറിൽ സൈനികവേഷത്തിലെത്തിയ ഭീകരരാണ് ഗുർദാസ്പൂരിൽ ആക്രമണം നടത്തിയത്. വെടിവയ്പിൽ പഞ്ചാബ് പൊലീസ് സൂപ്രണ്ട് ബൽജിത് സിങ് അടക്കം ഏഴുപേർ കൊല്ലപ്പെട്ടു. 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനുശേഷം സുരക്ഷാസൈനികർ മൂന്നു ഭീകരരെയും വെടിവച്ചുകൊന്നു.

ഭീകരർ ആക്രമണത്തിനു മുൻപ് അമൃത്‌സർ–പത്താൻകോട്ട് റയിൽപ്പാതയിൽനിന്ന് അഞ്ചിടത്ത് ബോംബ് വച്ചിരുന്നു. ഇതു കണ്ടെത്താനായത് ഭാഗ്യമായി. മറിച്ചായിരുന്നുവെങ്കിൽ വൻ ദുരന്തമായേനെ. പുലർച്ചയോടെ ദിനനഗറിലെത്തിയ സംഘം കാർ തട്ടിയെടുക്കുകയും ബസിനു നേരെ നിറയൊഴിക്കുകയും തുടർന്നു പൊലീസ് സ്റ്റേഷൻ സമുച്ചയം ആക്രമിക്കുകയും ആണുണ്ടായത്. ബസിനു നേരെയുള്ള വെടിവയ്പിൽ കാര്യമായ അപകടമുണ്ടായില്ല. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലാണ് ബൽജിത് സിങ്ങും മറ്റു മൂന്നു പൊലീസ് ഉദ്യോഗസ്ഥരും മൂന്നു നാട്ടുകാരും കൊല്ലപ്പെട്ടത്.

പാക്കിസ്ഥാനിലെ നാരോവാലിൽനിന്നാണ് അന്ന് ഭീകരർ എത്തിയതെന്നായിരുന്നു നിഗമനം. പാക്കിസ്ഥാനിൽനിന്നു ഗുർദാസ്പൂർ പട്ടണത്തിലെത്താൻ രവി നദി കുറുകെ കടന്നാൽ മതി. തൊട്ടടുത്തു ദിനനഗറാണ്. പഞ്ചാബിലെ 460 കിലോമീറ്റർ വരുന്ന രാജ്യാന്തര അതിർത്തി മുഴുവൻ കനത്ത സുരക്ഷാവേലിയുണ്ട്. രാത്രി മുഴുവൻ ഫ്ലഡ്‌ലൈറ്റുകളും പ്രകാശിക്കും. എന്നിട്ടും ഭീകരർ അതിർത്തി കടന്നെത്തിയത് കനത്ത സുരക്ഷാവീഴ്ചയായി വിലയിരുത്തിയിരുന്നു.

ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും അതിർത്തി അടയ്ക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായി പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദൾ തന്നെ അഭിപ്രായപ്പെട്ടത് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കുകയും ചെയ്തു. ആക്രമണം ആസൂത്രണം ചെയ്തത് പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗുർദാസ്പൂർ ആക്രമണത്തിന്റെ രക്തക്കറ മായുംമുൻപാണ് സമാനമായ രീതിയിൽ പത്താൻകോട്ടും പാക്ക് ഭീകരർ ആക്രമണം നടത്തിയത്.

LP-SEARCHING-TWO-5-col

*കാണ്ഡഹാ‍ർ മുതൽ പത്താൻകോട്ട് വരെ *

പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടന. കശ്മീരിനെ ഇന്ത്യയിൽനിന്നു സ്വതന്ത്രമാക്കുക ലക്ഷ്യം. മൗലാന മസൂദ് അഷർ സ്ഥാപകൻ. ഹർത്തുൽ മുജാഹിദ്ദീൻ ഭീകരർ 1999 ഡിസംബറിൽ ഇന്ത്യൻ എയർ ലൈൻസ് വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയത് ഇന്ത്യയിൽ ജയിലിലുണ്ടായിരുന്ന മസൂദ് അഷറിനെ മോചിപ്പിക്കാനായിരുന്നു. ജയിൽമോചിതനായശേഷം 2000ൽ അഷർ സ്ഥാപിച്ചതാണു ജയ്ഷെ മുഹമ്മദ്.

ലഷ്കറെ തയിബയുമായി സഹകരിച്ചു 2001ലെ പാർലമെന്റ് ആക്രമണം നടത്തിയതു ജയ്ഷെ മുഹമ്മദാണ്. 2002 ജനുവരിയിൽ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫ് ജയ്ഷെ മുഹമ്മദ് സംഘടനയെ നിരോധിച്ചു. ഇതേത്തുടർന്നു സംഘടന പേരു മാറ്റിയിരുന്നു. നിരോധനമുണ്ടെങ്കിലും പാക്കിസ്ഥാനിൽ ഭീകര ക്യാംപുകൾ സജീവം. കറാച്ചിയിൽനിന്ന് അമേരിക്കൻ പത്രപ്രവർത്തകൻ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ചതും ജയ്ഷെ ഭീകരരാണെന്നു സംശയിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.