Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2020–ൽ പത്താൻകോട്ട് ആവർത്തിക്കില്ല, രാജ്യം സുരക്ഷിതം!

soldier-looks

ഇന്ത്യയുടെ ബഹിരാകാശ ഏജൻസി രാജ്യാന്തര തലത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വിലപ്പെട്ട ടെക്നോളജിയും സേവനങ്ങളും നൽകിവരുന്ന ഐഎസ്ആർഒയുടെ വരും വർഷങ്ങളിലേക്ക് വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. അതിർത്തിയിലും കരയിലും കടലിലും വായുവിലും പ്രതിരോധ മേഖലയെ സഹായിക്കാനായി നിരവധി ഉപഗ്രഹങ്ങളും മറ്റു സംവിധാനങ്ങളും വികസിപ്പിച്ചെടുക്കൽ പദ്ധതിക്ക് വർഷങ്ങൾക്ക് മുൻപെ തുടങ്ങി കഴിഞ്ഞു.

സ്വന്തമായി ജിപിഎസ്

രാജ്യത്തെ ജിപിഎസ് നിയന്ത്രണത്തിലെ പാളിച്ചകളാണ് ഭീകരര്‍ക്ക് നുഴഞ്ഞുകയറ്റത്തിനു ലക്ഷ്യസ്ഥാനത്തെത്തി ആക്രണം നടത്താനും സാധിക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ് സംവിധാനം വരുന്നതോടെ അതിർത്തി കടന്നെത്തുന്ന ഭീകരരെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.

അമേരിക്കയുടെ ജിപിഎസ് ഉപേക്ഷിച്ച് ഇന്ത്യ മറ്റൊരു നാവിഗേഷൻ സംവിധാനം പരീക്ഷിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു കഴിഞ്ഞു. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ( ജിപിഎസ്) നിലവിൽ രാജ്യത്ത് എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമാണ്. എന്നാൽ രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്കായി മറ്റൊരു നാവിഗേഷൻ സംവിധാനം ഉടനെ വരുമെന്നാണ് അറിയുന്നത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ഐആർഎൻഎസ്എസ്) എ‌ന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.

maps-gps

പ്രതിരോധ മേഖലയുടെ നാവിഗേഷനും റേഞ്ചിങ്ങിനുമായി ഐഎസ്ആർഒ വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് ഐആർഎൻഎസ്എസ്. ഈ പദ്ധതി മുന്നിൽകണ്ട് 2013 ജൂലൈ 1നാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. അടുത്ത വർഷത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മുതിർന്ന ശാസ്ത്രജ്ഞരും ടെക്ക് കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും. ഹാൻഡ്സെറ്റുകളിൽ പ്രത്യേകം ഘടിപ്പിച്ച ഹാർഡ്‌വയറിന്റെ സഹായത്തോടെ 7 ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ സ്വീകരിക്കാനാകും. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വയറുകളും ഉപയോഗിച്ചേക്കും.

ഈ വർഷം മാർച്ച് മാസത്തോടെ ഏഴു ഉപഗ്രഹങ്ങളും പ്രവർത്തനസജ്ജമാകുമെന്നാണ് റിപ്പോർട്ട്. ജിപിഎസിനു സമാനമായി ലോകത്ത് എവിടെയും ലഭ്യമാകുന്ന രീതിയിലാണ് IRNSS സംവിധാനവും നടപ്പിലാക്കുക. അതെ, 2018 ൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ്.

അതിർത്തിയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ

അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ സൈന്യത്തിന്റെ മാതൃകയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നു. ഉടനെ തന്നെ ജമ്മുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. പുതിയ സംവിധാനം നിലവിൽവരുന്നതോടെ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കാൻ കഴിയുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.

gun

ദുർഘടമായ ഭൂപ്രകൃതിയും മഞ്ഞു വീഴ്ച്ചയും അതിർത്തിയിൽ പട്രോളിങ് ന‌‌ടത്തുന്നതിന് സൈന്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിർത്തി വേലികളുടെ നിർമ്മാണം പലയിടത്തും പൂർത്തിയായെങ്കിലും മഞ്ഞുകാലത്തിന്റെ ആനുകൂല്യം മുതലെടുത്താണ് നുഴഞ്ഞുകയറ്റം നടക്കുന്നത്. ഈ വർഷം 300ന് മുകളിൽ നുഴഞ്ഞുകയ‌റ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ഭാഗത്തും ആൾനാശം ഉണ്ടായി. ഈ സാഹചര്യത്തിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ സൈന്യം തയ്യാറെടുക്കുന്നത്. ദുർഘടമായ മേഖലകളിലെ പട്രോളിങ് ഒഴിവാക്കാൻ ഇതിലൂടെ സൈന്യത്തിന് സാധിക്കും. നേരിട്ടുള്ള ഏറ്റുമുട്ടലുകളും കുറയും.

ഭീകരർ കടക്കാത്ത അതിർത്തി, അതാണ് ലക്ഷ്യം

ലോകത്ത് ഭീകരാക്രമണം ഉണ്ടാകുമ്പോഴെല്ലാം ഉയരുന്ന ചോദ്യമാണ്- എന്തു കൊണ്ട് ഇസ്രായേൽ അക്രമണങ്ങളെ അതിജീവിക്കുന്നു? അതിശക്തമായ ഇൻറലിജൻസ് സംവിധാനങ്ങളും മുന്നൊരുക്കങ്ങളുമാണ് ഇതിനവരെ സഹായിക്കുന്നത്. മറ്റൊരു പ്രധാനഘടകം ഇസ്രായേൽ അതിർത്തിയിലെ സെൻസറുകൾ ഘടിപ്പിച്ച കോൺക്രീറ്റ് മതിലുകളാണ്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങളാണ് അതിർത്തി മതിലുകളിൽ ഇസ്രായേൽ സൈന്യം സ്ഥാപിച്ചിരിക്കുന്നത്. ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ അതിർത്തിമേഖലയിലെ വസ്തുക്കളുടെ ചലനങ്ങൾ സൈൻസറുകൾ ഫീൽഡ് കമാൻഡറേയോ ഓപ്പറേറ്ററേയോ അറിയിക്കും. ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ കൺട്രോൾ റൂമിലിരുന്നുകൊണ്ട് ആയുധങ്ങൾ നിയന്ത്രിക്കാൻ ഓപ്പറേറ്റർക്ക് കഴിയും. ഇതേ മാതൃകയാണ് ഇസ്രായേലിന്റെ സഹായത്തോ‌ടെ ഇന്ത്യയും പിൻതുടരാൻ ഒരുങ്ങുന്നത്. ഏറ്റുമുട്ടലിൽ സൈനികർ നഷ്‌ടപ്പെടുന്നത് പരമാവധി ഒഴിവാക്കാനും,നുഴഞ്ഞുകയറ്റം ഇല്ലാതാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.

indo-pakistan-border-space-pic

പ്രത്യേകം തയ്യാറാക്കിയ ടവറുകളിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ സ്ഥാപിക്കുന്നത്. ഈ ആയുധങ്ങൾ എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കും. പ്രത്യേക കവചത്തിനുള്ളിലാണ് ആയുധങ്ങളുടെ സ്ഥാനം. 150 ഡിഗ്രിവരെ തിരിക്കാനും കഴിയും. അതിർത്തിയോട് ചേർന്ന് 80 മീറ്റർ മാറിയാണ് ആയുധങ്ങൾ സ്ഥാപിക്കുന്നത്. പ്രധാന ആയുധം 7.62x39 എംഎം ലൈറ്റ് മെഷീൻ ഗണ്ണായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടവറിൽ സ്ഥപിക്കുന്ന മറ്റ് ആയുധങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല.

അതിർത്തി കാക്കാൻ ചാരഉപഗ്രഹം

മിക്ക രാജ്യങ്ങളും അതിർത്തി കാക്കാൻ ചാരഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയ്ക്കും അത്തരത്തിലുള്ള ഉപഗ്രഹങ്ങളുണ്ട്. വർഷങ്ങൾക്ക് മുൻപെ ഇത്തരം ചാര ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിർത്തിയിൽ നിക്കം നടത്താറുണ്ട്. എന്നാൽ ഈ ഉപഗ്രഹങ്ങളുടെ ശേഷി ഉയർത്തിയപ്പോൾ അതിർത്തി കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും. 2014 ൽ റിസാറ്റ്–2 എന്നൊരു ചാരഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്സും ഐഎസ്ആർഒയും ചേർന്നാണ് ഇത് നിയന്ത്രിക്കുന്നത്.

Risat-2

ഈ ഉപഗ്രഹത്തില്‍ അതിശക്തമായ ക്യാമറയുണ്ട്. ഈ ക്യാമറയ്ക്ക് വിദൂരചിത്രങ്ങള്‍ വ്യക്തതയോടെ പകര്‍ത്താനാവും. ഇന്തോ-പാക്ക്, ചൈന അതിർത്തികൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസാറ്റ്–2 വിക്ഷേപിച്ചത്. ചാര ഉപഗ്രഹത്തിലെ ശക്തമായ ക്യാമറയ്ക്ക് ഡിജിറ്റല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. കെട്ടിടങ്ങള്‍, വാഹനങ്ങളുടെ ചലനങ്ങള്‍, തന്ത്രപ്രധാന സ്ഥലങ്ങള്‍ എല്ലാം ഈ ഉപഗ്രഹക്യാമറ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.

നിരീക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനങ്ങള്‍

drone

മിക്ക രാജ്യങ്ങളും പ്രതിരോധ മേഖലയിൽ അത്യാധുനിക ഡ്രോണുകളാണ് (ആളില്ലാ വിമാനങ്ങൾ) ഉപയോഗിക്കുന്നത്. ഇന്ത്യയും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോണുകൾ പരീക്ഷിക്കാൻ പോകുകയാണ്. ആകാശത്തു നിന്നു ബോംബിടാനും വെടിവയ്ക്കാനും ശേഷിയുള്ള ഡ്രോണുകളാണ് നിർമ്മിക്കുന്നത്. പത്താൻകോട്ട് തൽസമയം വിവരങ്ങൾ എത്തിക്കാനായി കമാൻഡോകൾ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

അതെ, 2018, അല്ലെങ്കിൽ 2020 ൽ രാജ്യം സാങ്കേതിക നേട്ടങ്ങളിൽ ഏറെ മുന്നിലെത്തും. അതിർത്തികൾ സുരക്ഷിതമാകും. ഭീകരാക്രമണം ആവർത്തിക്കില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.