Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരർക്ക് ലഭിച്ചത് കസബിനും സംഘത്തിനും കിട്ടിയതിനേക്കാൾ മികച്ച പരിശീലനം

Pathankot Attack പത്താൻകോട്ട് വ്യോമസേന താവളത്തിനു സമീപം കാവൽ നിൽക്കുന്ന സുരക്ഷാ സൈനികർ

ന്യൂഡൽഹി∙ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തിയ ഭീകരർ പ്രകടിപ്പിച്ച പോരാട്ടവീര്യവും തന്ത്രങ്ങളും പ്രൊഫഷണൽ സൈനികരെ അതിശയിക്കുന്ന തരത്തിലെന്ന് ഇന്ത്യൻ സുരക്ഷാ സേന. 26/11 ലെ മുംബൈ ആക്രമണം നടത്തിയവർക്ക് ലഭിച്ചതിനേക്കാൾ മികച്ച പരിശീലനമാണ് പത്താൻകോട്ടിൽ ആക്രമണം നടത്താൻ എത്തിയവർക്ക് ലഭിച്ചതെന്നാണ് സുരക്ഷാ വിഭാഗം നൽകുന്ന സൂചന. ഇതോടെ, ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ സംശയത്തിന്റെ നിഴലിലുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ പങ്ക് കൂടുതൽ വ്യക്തമാവുകയാണ്.

വലിയ അളവിലുള്ള സ്ഫോടകവസ്തുക്കളും റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളും ആക്രമണം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രൊഫണൽ പോരാളികളുടേതിന് സമാനമായ നീക്കങ്ങളാണ് ആക്രമണം നടത്തിയ ഭീകരരുടേതെന്നാണ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.

Ajmal Kasab അജ്മൽ കസബ് (ഫയൽ ചിത്രം)

ജാഗ്രത പുലർത്തുന്നതിൽ സൈനികർ അയവു വരുത്തുന്ന വെളുപ്പാൻ കാലത്ത്, പ്രത്യേകിച്ച് പുലർച്ചെ മൂന്ന് മണിയോടെ ആക്രമണം നടത്തിയതും, ആയുധങ്ങൾ കരുതിവച്ചുകൊണ്ടുള്ള ആക്രമണവും കൃത്യമായ പരിശീലനത്തിന്റെ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഭീകരരെല്ലാം കൊല്ലപ്പെട്ടുവെന്ന പ്രതീതിയുണർത്തി ഏറെ സമയത്തേക്ക് നിശബ്ദത പാലിച്ചതിനുശേഷം പൂർവാധികം ശക്തിയോടെ തിരിച്ചടിക്കുന്ന തരത്തിലുള്ള തന്ത്രങ്ങളും ഭീകരർ പ്രയോഗിച്ചിരുന്നു. തൻമൂലം, സൈനിക നടപടി അവസാനിച്ചുവെന്ന് കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി പോലും ട്വീറ്റ് ചെയ്തിരുന്നു.

ഇതിനുപുറമെ, ആളുകൾ ഏറ്റവും കൂടുതലുള്ള, അതേസമയം, കൂടുതൽ പേരും നിരായുധരായിട്ടുള്ള സ്ഥലം തന്നെ കണ്ടെത്തി ആക്രമണം നടത്തിയതും ഭീകരരുടെ സൈനിക സമാനമായ ജാഗരൂകതയാണ് വെ‌ളിവാക്കുന്നത്.

ഭീകരർ തന്നെ മർദ്ദിച്ചശേഷം ഔദ്യോഗിക വാഹനം തട്ടിയെടുത്തുവെന്ന ഗുർദാസ്പൂർ എസ്പി സൽവീന്ദർ സിങ്ങിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പത്താൻകോട്ട് വ്യോമസേനാ താവളത്തിലേക്ക് ജാഗ്രതാ സന്ദേശം എത്തുന്നതിന് മുൻപ്തന്നെ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ എത്തിയിരുന്നുവെന്നാണ് അനുമാനം. അതായത്, സൽവീന്ദർ സിങ്ങിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അന്വേഷിച്ച് പഞ്ചാബ് പൊലീസ് പാഴാക്കിക്കളഞ്ഞ മണിക്കൂറുകൾ ഭീകരർക്ക് ഇവിടെയെത്തുന്നതിനും ആക്രമണത്തിന് തയ്യാറെടുക്കുന്നതിനും ആവശ്യത്തിന് സമയം നൽകിയെന്ന് വ്യക്തം. ആക്രമണ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിന് പിന്നാലെ ഭീകരർക്ക് ഒരിക്കലും കടന്നുവരാനാവാത്തവിധം ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നു.

തന്റെ ഔദ്യോഗിക വാഹനം സൈനികവേഷത്തിലെത്തിയവർ തട്ടിയെടുത്തുവെന്ന് വ്യക്തമാക്കി എസ്പി സൽവീന്ദർ സിങ് പഞ്ചാബ് പൊലീസിന് മൊഴി നൽകിയിരുന്നുവെങ്കിലും അവരത് കാര്യമായിട്ടെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, സംഭവത്തിന്റെ യാഥാർഥ്യം തേടിപ്പോയി 15 മണിക്കൂറോളം പാഴാക്കുകയും ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.