Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദ്യങ്ങൾ ഏറെ ബാക്കി

LP-PATHANKOT-PATROLE-3-col പത്താൻകോട്ട് ബമിയൽ അതിർത്തിയിലെ മുള്ളുവേലിക്കരികിലൂടെ പട്രോളിങ് നടത്തുന്ന ബിഎസ്എഫ് ജവാൻമാർ.

പത്താൻകോട്ട് വ്യോമസേനാ ആസ്ഥാനത്തെ തീവ്രവാദി ആക്രമണം നമ്മുടെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും അതിർത്തിയിലെ കാവലിനെക്കുറിച്ചും ഗുരുതരമായ പല ചോദ്യങ്ങളും ഉയർത്തുന്നു. കഴിഞ്ഞ കാലത്തെ തീവ്രവാദി ആക്രമണങ്ങളിൽനിന്ന് ഇന്ത്യ ഒന്നും പഠിച്ചില്ല എന്നു കരുതിയാൽ തെറ്റില്ല. ആറു തീവ്രവാദികൾ നടത്തിയ ആക്രമണം മൂന്നാം ദിവസവും പൂർണമായി ചെറുത്തുതോൽപ്പിക്കാനായില്ല എന്നതു ലജ്ജാകരവും അപലപനീയവുമാണ്.

വെള്ളിയാഴ്ച രാവിലെയാണു പഞ്ചാബിലെ ഗുരുദാസ്പ്പൂരിലെ എസ്പിയായിരുന്ന സൽവീന്ദർ സിങ്, തന്നെ അഞ്ചു തീവ്രവാദികൾ തട്ടിക്കൊണ്ടുപോവുകയും ഒരു മണിക്കൂറിനുശേഷം മോചിപ്പിക്കുകയും ചെയ്തു എന്നു പറഞ്ഞത്. ആദ്യം അഞ്ചു തീവ്രവാദികൾ എന്നു പറഞ്ഞ എസ്പി പിന്നീടതു നാലുപേർ എന്നാക്കി. ഇദ്ദേഹത്തെ രണ്ടു ദിവസം മുമ്പാണു ഗുരുദാസ്പ്പൂരിൽനിന്നു ജലന്ധറിലെ പിഎപി 75–ാം ബറ്റാലിയന്റെ അസിസ്റ്റന്റ് കമൻഡാന്റായി മാറ്റിയത്. സൽവീന്ദർ സിങ്ങിനെയും ജ്വല്ലറി ഉടമയായ സുഹൃത്ത് രാജേഷ് വർമയെയും പാചകക്കാരൻ മദൻ ഗോപാലിനെയുമാണു തീവ്രവാദികൾ എസ്പിയുടെ തന്നെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്. എസ്പിയുടെ ഫോൺ ഉപയോഗിച്ച് അവർ പാക്കിസ്ഥാനിലേക്കു വിളിക്കുകയും ചെയ്തു.

എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്കു മുമ്പുതന്നെ സൽവീന്ദർ സിങ് തന്നെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വിവരം പുറത്തു പറഞ്ഞിട്ടും 20 മണിക്കൂറോളം ഒരു നടപടിയുമുണ്ടായില്ല. വെള്ളിയാഴ്ച രാത്രിയാണു തീവ്രവാദികൾ പത്താൻകോട്ട് വ്യോമസേനാ ആസ്ഥാനത്തേക്കു കയറുന്നത്. ശനിയാഴ്ച അതിരാവിലെ മൂന്നു മണിയോടെയാണ് അവർ ആദ്യത്തെ ആക്രമണം നടത്തുന്നത്. തട്ടിയെടുത്ത എസ്പിയുടെ വാഹനം ഓടിച്ചാണ് ഇവർ പത്താൻകോട്ടിനു സമീപം വരെ എത്തിയത്. ഇത്രയും സമയം എന്തുകൊണ്ട് ഇവരെ ഒരു സുരക്ഷാ പോയിന്റിലും തടയാനായില്ല. മുകളിൽ നീല സിഗ്നൽ ലൈറ്റ് ഉള്ളതുകാരണം ഈ വാഹനത്തെ എങ്ങും തടയാതെ വിട്ടു എന്നാണ് പഞ്ചാബ് പൊലീസിന്റെ വിശദീകരണം. ഒരു പകൽ മുഴുവൻ ഈ വാഹനം ഇങ്ങനെ ഓടി എന്നതാണ് അവിശ്വസനീയം.

തീവ്രവാദികൾ എപ്പോൾ എങ്ങനെ പത്താൻകോട്ട് വ്യോമസേനാ താവളത്തിനുള്ളിൽ കടന്നു എന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു ധാരണയില്ല. 12 അടി ഉയരമുള്ള മതിൽ കയറിയാണു തീവ്രവാദികൾ അകത്തു കടന്നത് എന്ന് ഒരു പക്ഷം. അതല്ല പൈപ്പ് വഴി ഒരു കെട്ടിടത്തിന്റെ അടുക്കളഭാഗത്തു കടന്നതാണെന്നു വേറൊരു പക്ഷം. അതല്ല പൈപ്പ് വഴി കയറിയതാണ് എന്നു മറ്റൊരു വാദം. ഏതായാലും ആറു തീവ്രവാദികളും വെള്ളിയാഴ്ച അർധരാത്രിയോടെ താവളത്തിനുള്ളിലെത്തി എന്നതാണു വസ്തുത.

എസ്പി സൽവീന്ദർ സിങ് പറയുന്നതു ശരിയെങ്കിൽ നാലു തീവ്രവാദികളേ ആ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. അതിന്നർഥം മറ്റു രണ്ടു പേർ വേറെ വഴിക്കു പത്താൻകോട്ട് എത്തി എന്നാണ്. ഇപ്പോൾ അനുമാനിക്കുന്നതു തീവ്രവാദികൾ രണ്ടു സംഘമായി വേർതിരിഞ്ഞാണ് ആക്രമണം നടത്തിയത് എന്നാണ്; നാലു പേർ ഒരു ഭാഗത്തും രണ്ടു പേർ മറ്റൊരു ഭാഗത്തും.

ഇന്ത്യാ–പാക്ക് അതിർത്തി പൂർണമായും മുള്ളുവേലി കെട്ടിയതാണ്. 24 മണിക്കൂറും ഇവിടെ അതിർത്തിരക്ഷാ സേനയുടെ റോന്തു ചുറ്റൽ ഉണ്ട്. ഇതിനു പുറമേ തെർമൽ ഇമേജിങ് ക്യാമറ വേലിയുടെ പല ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. രാത്രി വെളിച്ചമില്ലാത്തപ്പോഴും അനക്കം ഉണ്ടായാൽ ഈ ക്യാമറ പ്രവർത്തിക്കും. ഇത്രയൊക്കെ സന്നാഹങ്ങൾ ഉണ്ടായിട്ടും ഈ തീവ്രവാദികളുടെ വരവ് കണ്ടെത്താനായില്ല എന്നതു വലിയൊരു സുരക്ഷാ വീഴ്ചയാണ്.

തീവ്രവാദികൾ പഞ്ചാബിൽ കടന്നു എന്നു വെള്ളിയാഴ്ച തന്നെ വിവരം ലഭിച്ചുവെന്നു സംസ്ഥാന പൊലീസ് മേധാവി സുരേഷ് അറോറ പറയുന്നു. അതനുസരിച്ചാണു ഡൽഹിയിൽനിന്നു നാഷനൽ സെക്ര്യൂരിറ്റി ഗാർഡുകളെ സജ്ജമാക്കി നിർത്താൻ ആവശ്യപ്പെട്ടത്. കൂടാതെ സൈനികത്താവളങ്ങളിലും മുന്നറിയിപ്പു നൽകി എന്നും പറയുന്നു. എങ്കിൽ എന്തുകൊണ്ട് പത്താൻകോട്ടു മാത്രം ഈ മുന്നറിയിപ്പ് എത്തിയില്ല?

കഴിഞ്ഞ ആറുമാസത്തിനിടയിൽ അഞ്ചു തവണ പഞ്ചാബിലും ജമ്മു–കശ്മീരിലും തീവ്രവാദി ആക്രമണം ഉണ്ടായതാണ്. എന്നിട്ടും പത്താൻകോട്ട് പോലെ തന്ത്രപ്രധാനമായ താവളത്തിൽ ഡിഫൻസ് സെക്യൂരിറ്റി കോറിനെ മാത്രമേ സുരക്ഷയ്ക്കു നിയോഗിച്ചുള്ളൂ. ഡിഎസ്‌സിയുടെ അംഗങ്ങൾ വിരമിച്ച സൈനികരാണ്. വെള്ളിയാഴ്ച രാവിലെ തീവ്രവാദികൾ സംസ്ഥാനത്തു കടന്നു എന്ന് അറിഞ്ഞശേഷമെങ്കിലും സുരക്ഷ കൂട്ടേണ്ടിയിരുന്നില്ലേ?

കൊല്ലപ്പെട്ട തീവ്രവാദിയുടെ ശരീരത്തിലെ ഗ്രനേഡ് നിർവീര്യമാക്കുന്നതിനിടയിലാണല്ലോ ലഫ്. കേണൽ നിരഞ്ജൻ കൊല്ലപ്പെട്ടത്. ഗ്രനേഡോ കുഴിബോംബോ സാധാരണ മറ്റു സ്ഫോടകവസ്തുക്കളോ നിർവീര്യമാക്കാൻ നമ്മുടെ സൈന്യത്തിനും എൻഎസ്ജിക്കും ഇനിയും സംവിധാനമില്ലേ? ബോംബ് ഡിഫ്യൂസിങ് റോബട്ടുകൾ തന്നെ നാം വാങ്ങിയിരുന്നു. അവ ഉപയോഗിച്ചിരുന്നുവെങ്കിൽ നിരഞ്ജന്റെ ജീവൻ രക്ഷിക്കാമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.