Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയുടെ ‘ചിറക’രിയാൻ

stand

ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമസേനയ്ക്കു തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള വ്യോമതാവളമാണു പത്താൻകോട്ടിലേത്. ജമ്മുവിനോടു ചേർന്നുകിടക്കുന്ന ഈ താവളത്തിലാണ് രാജ്യത്തെ പ്രമുഖ യുദ്ധവിമാനങ്ങളിൽ പലതും തമ്പടിച്ചിരിക്കുന്നത്. 1965ലും 1971ലും പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ വ്യോമാക്രമണത്തിന്റെ േകന്ദ്രം പത്താൻകോട്ടായിരുന്നു. പാക്കിസ്ഥാൻ തീവ്രവാദികൾ വളരെ ആസൂത്രിതമായാണ് ഈ താവളം ആക്രമിച്ചതെന്ന് ഇതിൽനിന്നു വ്യക്തം.

ഇന്ത്യൻ വ്യോമസേനയുടെ മൂന്നാം നമ്പർ സ്ക്വാഡ്രൺ അടുത്തകാലംവരെ പത്താൻകോട്ടായിരുന്നു. പശ്ചിമ എയർ കമാൻഡിനു കീഴിലുള്ള മൂന്നാം നമ്പർ സ്ക്വാഡ്രൺ 1975ലാണ് ഡൽഹിക്കടുത്ത ഹിൻഡണിൽനിന്നു പത്താൻകോട്ടേക്കു മാറ്റിയത്. കോബ്രാസ് എന്നറിയപ്പെടുന്ന ഈ വ്യോമസേനാ താവളത്തിലാണു മിഗ് 21 യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്നത്. പിന്നീടു മിഗ് 21 ബിസൺ വിമാനങ്ങളും മിഗ് 21, 35 അറ്റാക്ക് ഹെലികോപ്റ്ററുകളും സൂക്ഷിക്കുന്നതും ഇവിടെത്തന്നെ.

രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള വ്യോമസേനാ താവളങ്ങളിലൊന്നാണു പത്താൻകോട്ട്. ഈ സുരക്ഷ മറികടന്നു തീവ്രവാദികൾ എങ്ങനെ ഉള്ളിൽ കടന്നു എന്നതു തികച്ചും ദുരൂഹമാണ്. വേണമെങ്കിൽ ഇന്ത്യയിലെ ഏതു സുരക്ഷാ കവചവും തങ്ങൾക്കു ഭേദിക്കാൻ കഴിയും എന്നു പാക്കിസ്ഥാൻ തെളിയിച്ചിരിക്കുകയാണ്. അതേസമയം, തീവ്രവാദികളെ യുദ്ധവിമാനങ്ങൾ നിർത്തിയിട്ടിരുന്ന സ്ഥലംവരെ എത്താതെ തടയാൻ വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡിനു കഴിഞ്ഞു എന്നതു സ്തുത്യർഹമാണ്. നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) എത്തുന്നത് അതിരാവിലെയാണ്.

പത്താൻകോട്ടിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇരുപതിനായിരത്തിലേറെ സൈനികരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന, ആയുധപ്പുരകളും യുദ്ധോപകരണങ്ങളും നിറഞ്ഞ മാമുൻ കരസേനാ കേന്ദ്രം എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കഴിഞ്ഞ ജൂലൈ 27ന് എസ്പിയടക്കം ഏഴുപേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്ന ഗുർദാസ്പൂർ പത്തു കിലോമീറ്റർ മാത്രം അകലെയാണ്.

ഗുർദാസ്പൂർ - പത്താൻകോട്ട് - ജമ്മു മേഖല ഏറെ തന്ത്രപ്രധാനമായ ഭാഗമാണ്. രാജ്യാന്തര അതിർത്തിയോട് അടുത്തു കിടക്കുന്നതിനാൽ ഭീകരാക്രമണസാധ്യത ഏറെ നിലനിൽക്കുന്ന ഇടം. പഞ്ചാബിനെ ജമ്മു കശ്മീരുമായി ബന്ധിപ്പിക്കുന്ന, രാജ്യാന്തര അതിർത്തിക്കു സമാന്തരമായുള്ള എൻഎച്ച് 44 അറിയപ്പെടുന്നതുതന്നെ ഹൈവേ ഓഫ് ടെറർ (ഭീകരതയുടെ പാത) എന്നാണ്.

പാക്ക് അതിർത്തിയിലെ 553 കിലോമീറ്ററോളം ഭാഗം വേലിയിട്ടു സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ചില ഭാഗങ്ങളിൽ വേലിക്കെട്ടില്ലെന്നു പറയുന്നു. രവി നദിയോടു ചേർന്നു കിടക്കുന്ന ചില ഭാഗങ്ങളിലാണ് ഈ വിടവുള്ളത്. സുരക്ഷാ പഴുതുകളുള്ള ഈ മേഖലയിലൂടെ ഭീകരർക്കു കടന്നുകയറാനുള്ള സാധ്യത കൂടുതലാണ്. കാലാവസ്ഥാ മാറ്റങ്ങളും അതിർത്തി കടന്നുള്ള വരവിനു തുണയേകുന്നു. ഗുർദാസ്പൂർ ആക്രമണത്തിനു ഭീകരർ എത്തിയത് ഇങ്ങനെ നദി കടന്നായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.