Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് മല്യ ലണ്ടനിൽ രണ്ടാമതും അറസ്റ്റിൽ; ഉടൻ ജാമ്യം

vijay-mallya അറസ്റ്റിലായ വിജയ് മല്യ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തെത്തിയപ്പോൾ.

ലണ്ടൻ∙ സാമ്പത്തിക ക്രമക്കേട് കേസിൽ രണ്ടാം തവണയും അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് (61) അരമണിക്കൂറിനകം ജാമ്യം. ലണ്ടനിലെ വസതിയിൽനിന്ന് അറസ്റ്റിലായ മല്യയ്ക്കു വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്.

കുറ്റവാളികളെ വിട്ടുകിട്ടൽ നിയമപ്രകാരം ഇന്ത്യ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 18നു സ്കോട്‌ലൻഡ് യാഡ് അറസ്റ്റ് ചെയ്തപ്പോഴും മൂന്നു മണിക്കൂറിനകം മല്യയെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ കേസിൽ ഡിസംബർ നാലിനു വാദം കേ‍ൾക്കും. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചു കൂടുതൽ‌ തെളിവുകൾ ഉൾപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമ‍ർപ്പിച്ച പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മുൻ ജാമ്യത്തിലെ വ്യവസ്ഥകളായ ആറരലക്ഷം പൗണ്ടിന്റെ (ഏകദേശം 5.37 കോടി രൂപ) ജാമ്യവും താമസസ്ഥലം വിട്ടുപോകരുതെന്ന വ്യവസ്ഥയും ബാധകമാണ്. വാദങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നു മല്യ മാധ്യമങ്ങളോടു പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും മല്യ പ്രതികരിച്ചു.

ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ വായ്പയെടുത്തശേഷം 2016 മാർച്ചിലാണു വിജയ് മല്യ ലണ്ടനിലേക്കു കടന്നത്. കേസുകൾ അന്വേഷിക്കുന്ന സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) ആണ് ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്നത്. കള്ളപ്പണക്കേസിൽ മല്യയ്ക്കെതിരെ ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും രംഗത്തുണ്ട്.