Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നാരദ’യുടെ വെളിപ്പെടുത്തൽ: സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്

cbi-1

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും എംപിമാരും നേതാക്കളും പണം വാങ്ങിയെന്ന നാരദ ന്യൂസിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് 72 മണിക്കൂറിനകം പ്രാഥമികാന്വേഷണം നടത്താൻ കൽക്കട്ട ഹൈക്കോടതി സിബിഐക്കു നിർദേശം നൽകി.

മലയാളി മാധ്യമപ്രവർത്തകൻ മാത്യൂസ് സാമുവലിന്റെ ചുമതലയിലുള്ള ‘നാരദ’ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങൾ കൃത്രിമമല്ലെന്നു ചണ്ഡിഗഡിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറി സാക്ഷ്യപ്പെടുത്തിയതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനകം ഈ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കണം.

പ്രാഥമികാന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്നും ചീഫ് ജസ്റ്റിസ് നിഷിത മാത്രെ, ജസ്റ്റിസ് ടി.ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ്.എം.എച്ച്.മിർസയ്ക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് നാരദ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 2014ൽ തെഹൽക എന്ന വെബ്സൈറ്റാണ് പണമിടപാട് ചിത്രീകരിച്ചത്. എന്നാൽ തൃണമൂൽ കോൺഗ്രസ് എംപിയായ കെ.ഡി.സിങ് പിന്നീട് തെഹൽക വാങ്ങിയതിനാൽ റിപ്പോർട്ട് വെളിച്ചം കണ്ടില്ല.

തുടർന്ന് തെഹൽക വിട്ട മാത്യു സാമുവൽ നാരദ ന്യൂസ് തുടങ്ങുകയും 2016ൽ ഇതു പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട മൂന്നു ഹർജികളിലാണ് കോടതി വിധി. ദൃശ്യങ്ങൾ അടങ്ങിയ ഐഫോൺ, ലാപ്ടോപ്, പെൻഡ്രൈവ് എന്നിവ കോടതി നിയോഗിച്ച സമിതിക്കു കൈമാറിയിരുന്നു.

പൊതുപ്രവർത്തകർ അപവാദങ്ങൾക്ക് അതീതരായിരിക്കണമെന്നും കുറ്റാരോപിതർ സംസ്ഥാനത്തെ മന്ത്രിമാരും എംപിമാരും നേതാക്കളുമായതിനാൽ സംസ്ഥാന ഏജൻസിയല്ല, സിബിഐ തന്നെയാണ് കേസ് അന്വേഷിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. അഴിമതി ജനവിശ്വാസം നഷ്ടപ്പെടുമെന്നും ഈ അന്വേഷണത്തിൽ പൊതുസമൂഹത്തിനു കൂടി ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന മന്ത്രിമാരായ സോവൻ ചാറ്റർജി, സുബ്രത മുഖർജി, സുവേന്ദു അധികാരി, എംപിമാരായ കകാലി ഘോഷ് ദസ്തിദാർ, സുൽത്താൻ അഹമ്മദ്, മുൻമന്ത്രി മദൻ മിത്ര തുടങ്ങിയവരാണ് കുറ്റാരോപിതർ. സിബിഐയെ അന്വേഷണം ഏൽപിക്കുന്നതിനെ കോടതിയിൽ ഇവർ എതിർത്തു.

വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പിന്നീട് പറഞ്ഞു. കോടതിക്ക് സർക്കാരിന്റെ പങ്കിനെ വിമർശിക്കാമെന്നതല്ലാതെ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെടുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നു മമത ചോദിച്ചു. ഇതു സംബന്ധിച്ചു വിവാദം ഉയർത്തിവിട്ടെങ്കിലും തിരഞ്ഞെടുപ്പിൽ കുറ്റാരോപിതരായ മൂന്നു പേരും ജയിച്ചു.

സംസ്ഥാന പൊലീസ് പാവയാണെന്ന് കോടതിക്ക് എങ്ങനെ പറയാൻ പറ്റും? ലോകത്തിലെ ഏറ്റവും നല്ല പൊലീസ് ആണ് കൊൽക്കത്ത പൊലീസ്– അവർ പറഞ്ഞു. ഇതിനിടെ, കളങ്കിത മന്ത്രിമാരെ നീക്കണമെന്നു സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികൾ ആവശ്യമുയർത്തി. ഇടതു കക്ഷികളിലെ എംപിമാർ ലോക്സഭയിലും വിഷയം ഉന്നയിച്ചു.

related stories
Your Rating: