Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡിയോ കസെറ്റ് കടയിൽ നിന്ന് അണ്ണാ ഡിഎംകെ തലപ്പത്തേക്ക്

PTI12_29_2016_000056B

ചെന്നൈ ∙ അണ്ണാ ഡിഎംകെയുടെ ചരിത്രം പാടേ മാറ്റിയെഴുതിയാണു പുതിയ നേതാവായി ശശികല എത്തുന്നത്. എംജിആർ, ജയലളിത തുടങ്ങി ജനറൽ സെക്രട്ടറിപദം വഹിച്ചവരെല്ലാം വൻ ജനസ്വാധീനമുള്ള നേതാക്കളായിരുന്നു. അവർ തിരഞ്ഞെടുപ്പിൽ മൽസരിച്ചു വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു, ഭരണത്തിൽ മികവു തെളിയിച്ചു, പ്രസംഗങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുത്തു. എന്നാൽ ശശികല ഒരിക്കലും നേതാവായിരുന്നില്ല; നേതാവിന്റെ തോഴി മാത്രം. പാർട്ടി അംഗവും നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവുമാണെന്നല്ലാതെ ചുമതലകളൊന്നും വഹിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കുകയോ, പൊതുവേദികളിൽ പാർട്ടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുകയോ ചെയ്തിട്ടില്ല. ശശികലയുടെ ശബ്ദം പോലും അണികൾക്കോ, ജനങ്ങൾക്കോ പരിചിതമല്ല. എന്നാൽ, ചിന്നമ്മയ്ക്കു ഭരണത്തിൽ സ്വാധീനമേറെയുണ്ടായിരുന്നുവെന്നതു പരസ്യമായ രഹസ്യം. നേതാക്കൾ ഒന്നടങ്കം ഇപ്പോൾ കൂടെയുണ്ടെന്ന ബലവുമുണ്ട്. അതേസമയം, അണികളെയും ജനങ്ങളെയും ആകർഷിക്കുകയെന്ന വലിയ വെല്ലുവിളിയാണു മുന്നിലുള്ളത്.

എൺപതുകളുടെ തുടക്കത്തിൽ ചെന്നൈയിൽ വിഡിയോ കസെറ്റ് കട നടത്തുകയായിരുന്ന ശശികല 1982ലാണ് ഐഎഎസ് ഓഫിസർ വി.എസ്. ചന്ദ്രലേഖ മുഖേന ജയലളിതയെ പരിചയപ്പെടുന്നത്. 1982ൽ കടലൂരിൽ പാർട്ടി സമ്മേളനം സംഘടിപ്പിച്ചപ്പോൾ അതിന്റെ വിഡിയോ കവറേജ് ചുമതല അവർക്കായിരുന്നു. തുടർന്നു ജയയുടെ പല പരിപാടികളും കവർ ചെയ്തു ജയലളിതയ്ക്കു പ്രിയങ്കരിയായി. പോയസ് ഗാർഡനിലെ ജയയുടെ വീട്ടിലേക്കു താമസവും മാറ്റി. 1991ൽ ജയലളിത ആദ്യ തവണ മുഖ്യമന്ത്രിയായപ്പോഴാണു തോഴിയും ശ്രദ്ധാകേന്ദ്രമായത്. എന്നാൽ, 1995ൽ ശശികലയുടെ സഹോദര പുത്രൻ വി.എൻ. സുധാകരനെ ജയലളിത ദത്തെടുത്തതും, തുടർന്ന് ഇയാളുടെ വിവാഹം കോടിക്കണക്കിനു രൂപ ചെലവഴിച്ച് ആർഭാടമായി നടത്തിയതും വിവാദമായി.

1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ദയനീയമായി പരാജയപ്പെട്ടപ്പോൾ ഏറെ വിമർശിക്കപ്പെട്ടതു ജയയ്ക്കു ശശികലയുമായുള്ള ബന്ധമായിരുന്നു. തുടർന്നു ബന്ധം വിച്ഛേദിച്ചതായി ജയലളിത പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇരുവരും വീണ്ടും അടുത്തു. 2011ലും ജയ ശശികലയെ പുറത്താക്കിയെങ്കിലും അവർ വീണ്ടും മടങ്ങിയെത്തി മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി. അതിനു വേണ്ടി ഭർത്താവ് നടരാജനെ പോലും ശശികല തള്ളിപ്പറഞ്ഞു. ജയയുടെ മരണ ശേഷം പോയസ് ഗാർഡനിലേക്കു നടരാജന്റെ മടങ്ങിവരവും വാർത്തയായി.

1996ൽ കളർടിവി കുംഭകോണ കേസിലും, 2014ൽ അനധികൃത സ്വത്തു കേസിലും ജയലളിത ജയിലിലായപ്പോൾ കൂടെ ശശികലയുണ്ടായിരുന്നു. ജയലളിത അവരെ സഹോദരിയായാണു വിശേഷിപ്പിച്ചിരുന്നത്. പാർട്ടിയിലെയും സർക്കാരിലെയും പല കാര്യങ്ങളിലും ശശികല ഇടപെട്ടിരുന്നുവെന്ന് ഇപ്പോൾ മന്ത്രിമാരും നേതാക്കളും സമ്മതിക്കുന്നുണ്ട്. പാർട്ടി നേതൃസ്ഥാനത്തേക്ക് എത്താനുള്ള പാത ശശികലയ്ക്ക് ഏറെ സുഗമമായിരുന്നു. എന്നാൽ, ഇനിയുള്ള യാത്ര അത്ര എളുപ്പമാകണമെന്നില്ല.

അണ്ണാ ഡിഎംകെയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ എന്നതു പതിവുള്ള കാര്യമല്ല. മുഖ്യമന്ത്രിക്കസേരയിൽ ഒ. പനീർസെൽവവും, പാർട്ടി ജനറൽ സെക്രട്ടറിയായി ശശികലയുമെന്ന നില ദ്രാവിഡ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ പ്രയാസമാണ്. മന്ത്രിമാരടക്കം നേതാക്കൾ പലരും ശശികല മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കണമെന്ന ആവശ്യമുയർത്തിക്കഴിഞ്ഞു. അതിനുള്ള സാധ്യതയുമേറെയാണ്. ജയയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ശശികലയ്ക്കു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു സുഗമമായ വഴി തുറക്കുകയും ചെയ്യാം. എന്നാൽ, മുഖ്യമന്ത്രിയായി പനീർസെൽവം തുടരുന്നതാണു ബിജെപിക്കു താൽപര്യം. ജയലളിതയുമായുണ്ടായിരുന്ന സൗഹൃദം അതേ പോലെ ശശികലയുമായി ബിജെപി തുടരുമോയെന്നും കാത്തിരുന്നു കാണണം. അനധികൃത സ്വത്ത് കേസ് ഉൾപ്പെടെ ഒട്ടേറെ കേസുകൾ ശശികല ഇപ്പോഴും നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ കയ്യിൽ ആയുധങ്ങളുണ്ടെന്ന് ചുരുക്കം.

Your Rating: