Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വംശീയ ആക്രമണം: കടുത്ത ആശങ്ക ഇന്ത്യ അമേരിക്കയെ അറിയിച്ചെന്ന് മന്ത്രി സുഷമ

sushama-swaraj

ന്യൂഡൽഹി ∙ ഇന്ത്യൻ വംശജർ ആക്രമിക്കപ്പെടുന്നതിലുള്ള കടുത്ത ആശങ്ക അമേരിക്കയെ അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അമേരിക്കയിലെ ഇന്ത്യക്കാർക്കെതിരെ ഈയിടെ നടന്ന മൂന്ന് ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണു ട്രംപ് ഭരണകൂടത്തെ ആശങ്ക അറിയിച്ചതെന്നു മന്ത്രി പറഞ്ഞു. വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കർ അമേരിക്കൻ ഭരണകൂടത്തിലെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായും വിഷയം ചർച്ചചെയ്തതായി മന്ത്രി അറിയിച്ചു.

കൻസാസ് നഗരത്തിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ എൻജിനീയർ ശ്രീനിവാസ് മരിച്ച സംഭവത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഈ വിഷയത്തിൽ മൗനംപാലിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആണു വിഷയം സഭയിൽ ഉന്നയിച്ചത്.

ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ താൻ നേരിട്ടുവിളിച്ചെന്നു മന്ത്രി പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നേരിട്ട് അവരെ സന്ദർശിച്ചു. പ്രധാനമന്ത്രി ഓരോ ദിവസവും ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു എന്നും മന്ത്രി വെളിപ്പെടുത്തി. ആരോഗ്യകാരണങ്ങളാൽ സഭയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്ന മന്ത്രി സുഷമയെ ആഹ്ലാദാരവങ്ങളോടെയാണ് അംഗങ്ങൾ വരവേറ്റത്.

Your Rating: