Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹ മാധ്യമവിമർശനത്തിനെതിരെ പരാതി: ഋതബ്രതയ്ക്ക് സിപിഎമ്മിന്റെ പരസ്യ ശാസന

CPM FLAG

കൊൽക്കത്ത ∙ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ വിമർശിച്ചയാൾക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ട സിപിഎം രാജ്യസഭാംഗം ഋതബ്രത ബാനർജിയെ പാർട്ടിയുടെ ബംഗാൾ സംസ്‌ഥാന സമിതി പരസ്യമായി ശാസിച്ചു. പാർട്ടിക്കാർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച മാർഗരേഖ ഉടനെ തയാറാക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ആപ്പിൾ കമ്പനിയുടെ സ്‌മാർട്‌വാച്ചും വിലപിടിപ്പുള്ള പേനയും അണിഞ്ഞുള്ള തന്റെ സെൽഫി ചിത്രത്തിന് ‘ഇല്ലായ്‌മക്കാരുടെ മഹാനായ നേതാവ്’ എന്ന് സമൂഹ മാധ്യമത്തിൽ അടിക്കുറിപ്പെഴുതിയ സുമിത് താലൂക്ക്‌ ദാറിനെതിരെ ഋതബൃത തൊഴിലുടമയ്‌ക്ക് പരാതി നൽകിയതാണ് വിവാദമായത്.

വാച്ചിന് ഇന്ത്യയിൽ 25,000 രൂപയും പേനയ്‌ക്ക് 30,000 രൂപയും വിലയുണ്ടെന്നും ആരോപിക്കപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു പാർട്ടി അനുഭാവിയായ താലൂക്ക്‌ദാറിനെതിരെ ഋതബ്രത പരാതിപ്പെട്ടത്. വിലപിടിപ്പുള്ള വസ്‌തുക്കൾ ഉപയോഗിച്ചതിനല്ല, വിമർശിച്ചയാൾക്കെതിരെ പരാതിപ്പെട്ടതിനാണ് അച്ചടക്ക നടപടിയുണ്ടായതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ പാർട്ടിയുടെ അച്ചടക്കം ലംഘിക്കാനുള്ള വേദിയാക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് യച്ചൂരി പറഞ്ഞു.

പാർട്ടിക്കാർക്ക് പരാതി ഉന്നയിക്കാനുള്ള ഇടമല്ല സമൂഹ മാധ്യമങ്ങളെന്ന പൊതു ഫോറം. ജനറൽ സെക്രട്ടറിയോടുവരെ പരാതി ഉന്നയിക്കാം. പാർട്ടിയുടെ ഭരണഘടനയ്‌ക്കനുസൃതമായി നടപടിയുമുണ്ടാവും. സമ്പന്ന കുടുംബങ്ങളിൽനിന്നു വന്നിട്ടും ലളിത ജീവിതം നയിച്ച ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെയും പി.സുന്ദരയ്യയുടെയും പൈതൃകമുള്ള പാർട്ടിയാണ് സിപിഎമ്മെന്നും വിലപിടിപ്പുള്ള വസ്‌തുക്കൾ ധരിക്കുന്നതൊക്കെ വ്യക്‌തിപരമായ ബോധ്യങ്ങളുടെ പ്രശ്‌നമാണെന്നും യച്ചൂരി പറഞ്ഞു.

പാർലമെന്റ് അംഗത്തിന് ഐപാഡ് വാങ്ങാൻ 50,000 രൂപയും ലാപ്‌ടോപ് കംപ്യൂട്ടർ വാങ്ങാൻ 1.5 ലക്ഷം രൂപയും ലഭിക്കുന്നുണ്ടെന്നും പല എംപിമാരും ആപ്പിൾ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും യച്ചൂരി കൂട്ടിച്ചേർത്തു. പാർട്ടിക്കാർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു മാർഗരേഖയുണ്ടാക്കുന്നത് ആരുടെയും വായടയ്‌ക്കാനല്ല, കമ്യൂണിസ്‌റ്റ് മര്യാദകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ചില പാർട്ടികൾ വർഗീയ ചേരിതിരിവുണ്ടാക്കാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്.

അത്തരം രീതികൾ തങ്ങളുടെ അംഗങ്ങൾക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ സൂചിപ്പിച്ചു. രാഷ്‌ട്രീയ, പ്രത്യയശാസ്‌ത്രപരമായ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിക്കാർ സമൂഹ മാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്ന് 2015 ഡിസംബറിൽ സിപിഎമ്മിന്റെ കൊൽക്കത്ത പ്ലീനം വ്യക്‌തമാക്കിയിരുന്നു.

Your Rating: