Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്ത്രങ്ങൾ മെനയാൻ ബിജെപി നിർവാഹക സമിതി നാളെ

bjp-flag

ന്യൂഡൽഹി ∙ കറൻസി അസാധുവാക്കലും നിയമസഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങളുമാകും ആറ്, ഏഴ് തീയതികളിൽ എൻഡിഎംഎസി കൺവൻഷൻ സെന്ററിൽ ചേരുന്ന ബിജെപി ദേശീയ നിർവാഹക സമിതിയുടെ മുഖ്യ അജൻഡ. കറൻസി കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന സാമ്പത്തിക പ്രമേയം സമിതിയിൽ അവതരിപ്പിക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

തിര‍ഞ്ഞെടുപ്പു സാഹചര്യം രാഷ്ട്രീയ പ്രമേയത്തിൽ മുഖ്യ വിഷയമാകും. കള്ളപ്പണത്തിനും കള്ളനോട്ടിനും ഭീകരതയ്ക്കും എതിരായ കർശന നടപടിയെന്ന നിലയ്ക്കാണു ബിജെപി നോട്ട് അസാധുവാക്കലിനെ ചിത്രീകരിക്കുന്നത്. ബുദ്ധിമുട്ടുകൾ സഹിച്ചും ഇതിനോടു സഹകരിച്ചതിനു ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തും.

ജനരോഷം ഇളക്കിവിടാനുള്ള പ്രതിപക്ഷ ശ്രമം പരാജയപ്പെട്ടെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. കറൻസി ദൗർലഭ്യത്തിന്റെ രൂക്ഷത പാർട്ടിക്കുള്ളിൽ നിന്നു വിമർശനം ഉയരില്ലെന്ന വിലയിരുത്തലിലാണു നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കും നേതൃയോഗത്തിൽ അന്തിമരൂപമാകും. ആറിനു രാവിലെ ദേശീയ ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷരുടെയും യോഗമുണ്ടാകും.

കിട്ടു നാലിനു നിർവാഹക സമിതി യോഗം പാർട്ടി അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഏഴിനു വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും.