Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി സർവകലാശാല വിദ്യാർഥി, എനിക്ക് എബിവിപിയെ പേടിയില്ല; വീണ്ടും ഗുൽമേഹർ കൗർ

gur4

ന്യൂഡൽഹി∙ ‘ഞാൻ ഡൽഹി സർവകലാശാലയിലെ വിദ്യാർഥി. എനിക്ക് എബിവിപിയെ പേടിയില്ല’- മൂർച്ചയുള്ള ഈ വാക്കുകളെഴുതിയ പ്ലാക്കർഡ് പിടിച്ചുനിൽക്കുന്ന പെൺകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. പേര് ഗുർമേഹർ കൗർ.

സർവകലാശാലയ്ക്കു കീഴിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ ബിരുദ വിദ്യാർഥിനി. മേൽവിലാസം പൂർത്തിയാകണമെങ്കിൽ പിതാവിനെക്കുറിച്ചു കൂടി പറയണം - കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ ധീര സൈനികൻ ക്യാപ്റ്റൻ മൻദീപ് സിങ്ങിന്റെ മകളാണു ജലന്തർ സ്വദേശിയായ ഗുർമേഹർ.

തോക്കുമായി രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത അച്ഛന്റെ മകൾ വാക്കുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നുവെന്ന വിശേഷണത്തോടെയാണു സമൂഹ മാധ്യമങ്ങൾ ഗുർമേഹറിന്റെ പോസ്റ്റ് ആഘോഷിക്കുന്നത്. ഗുർമേഹറിനു രണ്ടു വയസ്സുള്ളപ്പോഴാണു മൻദീപ് സിങ് രക്തസാക്ഷിയായത്. കഴിഞ്ഞ ബുധനാഴ്ച ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള രാംജാസ് കോളജിൽ നടത്തിയ സെമിനാർ എബിവിപി പ്രവർത്തകർ അലങ്കോലപ്പെടുത്തിയിരുന്നു.

ഇതിനെത്തുടർന്നു സർവകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളിൽ വിദ്യാർഥി സംഘർഷം നടന്നു. ഇതിനോടുള്ള പ്രതികരണമായാണു തന്റെ പോസ്റ്റെന്നും ഗുർമേഹർ പറയുന്നു. എബിവിപിയുടെ നടപടി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. ഇതു രണ്ടു വിദ്യാർഥി സംഘടനകൾ തമ്മിലുള്ള പ്രശ്നമല്ല. അഭിപ്രായ സ്വാതന്ത്ര്യം ക്യാംപസുകളിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരും അതിനെ എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ്.

ഈ പോരാട്ടത്തിൽ ഇന്ത്യയിലെ എല്ലാ വിദ്യാർഥികളും തനിക്കൊപ്പമുണ്ടെന്നു ഗുർമേഹർ പറയുന്നു. എബിവിപിക്കെതിരായ പോസ്റ്റർ പിടിച്ചുനിൽക്കുന്ന പ്രൊഫൈൽ ചിത്രമാണു ഗുർമേഹർ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട വിശദമായ പോസ്റ്റ് വന്നു. മണിക്കൂറുകൾക്കകം ഇതു വൈറലായി. ഇതുവരെ നാലായിരത്തിലധികം പേർ ഇതു ഷെയർ ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമത്തിൽ ആദ്യമായല്ല ഗുർമേഹർ താരമാകുന്നത്. ഇന്ത്യ-പാക്ക് സൗഹൃദ സന്ദേശവുമായി കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്ത നിശ്ശബ്ദ ചിത്രം വൈറലായിരുന്നു. വെറുപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കണമെന്നായിരുന്നു ചിത്രത്തിലെ സന്ദേശം. നിലവിൽ 15 ലക്ഷത്തിലേറെ പേർ ഇതു കണ്ടുകഴിഞ്ഞു.

Your Rating: