Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരാ ജന്മദിനത്തിൽ രാഹുൽ സ്ഥാനമേറ്റേക്കും

Rahul Gandhi

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം ഇന്ദിരാ ഗാന്ധിയുടെ 101–ാം ജന്മദിനമായ നവംബർ 19നു നടക്കാൻ സാധ്യത. പ്രസിഡന്റ് തിരഞ്ഞെടുപ്പു നവംബർ ആദ്യവാരം പൂർത്തിയാക്കി പ്രത്യേക എഐസിസി സമ്മേളനം വിളിക്കാനാണു നേതൃത്വം തയാറെടുക്കുന്നത്. എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ല. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാൻ 24നു പ്രവർത്തകസമിതി ചേരുമെന്നു സൂചനയുണ്ട്.

അധ്യക്ഷ സ്ഥാനത്തേക്കു മത്സരമുണ്ടാകാൻ സാധ്യത കുറവാണ്. രാഹുൽ മാത്രമാണെങ്കിൽ വിജ്ഞാപനം പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്കകം പ്രക്രിയ പൂർത്തിയാകും. എഐസിസി പ്ലീനറി സമ്മേളനവും പ്രവർത്തക സമിതിയാണു തീ‌രുമാനിക്കേണ്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞു പ്ലീനറി സമ്മേളനം വിളിക്കണമെന്നല്ലാതെ എത്ര ഇടവേള വേണമെന്നു പാർട്ടി ഭരണഘടന നിഷ്കർഷിക്കുന്നില്ല. അതുകൊണ്ട്, വൈകാരിക പ്രാധാന്യമുള്ള ദിനം തന്നെ ആകാമെന്ന അഭിപ്രായക്കാരാണ് ഏറെയും.