Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ–മണിപ്പുർ പ്രശ്നത്തിൽ കോൺഗ്രസ് പ്രതിഷേധം; രാജ്യസഭ സ്തംഭിച്ചു

ന്യൂഡൽഹി ∙ ഗോവയിലും മണിപ്പുരിലും ബിജെപി ഭരണം പിടിച്ചതു ഭരണഘടനാ വിരുദ്ധമായാണെന്നാരോപിച്ചു കോൺഗ്രസ് ബഹളംവച്ചതിനാൽ രാജ്യസഭാ നടപടികൾ സ്‌തംഭിച്ചു. ജനാധിപത്യ മര്യാദകൾ പാലിച്ചാണു സർക്കാരുകൾ രൂപീകരിച്ചതെന്നു സഭാ നേതാവും ധനമന്ത്രിയുമായ അരുൺ ജയ്‌റ്റ്‌ലി പറഞ്ഞു. ബിജെപിയുടെ നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് അംഗങ്ങൾ പലതവണ സഭ തടസ്സപ്പെടുത്തി; നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ചു.

യുപിഎയ്ക്കു ‘പ്രശ്‌നാധിഷ്‌ഠിത പിന്തുണ’ നൽകുന്ന കേരള കോൺഗ്രസ്–എമ്മിന്റെ ജോയ് ഏബ്രഹാമും പ്രതിഷേധത്തിൽ പങ്കുചേർന്നു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. തുടർന്നു 3.10നു സഭ പിരിഞ്ഞു.

ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഉന്നയിച്ച ആരോപണങ്ങളും ആവശ്യങ്ങളും ഇവയാണ്:

∙ കേന്ദ്ര താൽപര്യമനുസരിക്കുന്ന ഗവർണർമാരെ ഉപയോഗിച്ചാണു ബിജെപി രണ്ടു സംസ്‌ഥാനങ്ങളിലും അധികാരം നേടിയത്. നടപടി ഭരണഘടനയുടെയും സുപ്രീം കോടതി വിധികളുടെയും ലംഘനം.

∙ രണ്ടു സംസ്‌ഥാനങ്ങളിലെയും ഗവർണർമാരെ നീക്കണം. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാരെ സത്യപ്രതിജ്‌ഞ ചെയ്യാൻ അനുവദിക്കണം.

∙ ഗോവയിൽ മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും പരാജയപ്പെട്ടു. ബിജെപിക്കെതിരായ ശക്‌തമായ വിധിയെഴുത്താണ്. മണിപ്പുരിൽ കോൺഗ്രസ് സർക്കാരിനെ കേന്ദ്രസർക്കാർ പല മാർഗങ്ങളിലൂടെ ദുർബലപ്പെടുത്തി. എന്നിട്ടും കോൺഗ്രസിന് 28 സീറ്റ് കിട്ടി.

ആസാദിന്റെ വാദങ്ങളെ ഖണ്ഡിച്ച് ജയ്‌റ്റ്‌ലി:

∙ കോൺഗ്രസിന്റെ വാദങ്ങൾ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയതാണ്.

∙ രണ്ടു സംസ്‌ഥാനത്തും ത്രിശങ്കു സഭയാണ്. ഫലം വന്നശേഷം സഖ്യങ്ങളിലൂടെ ബിജെപിക്കു ഭൂരിപക്ഷമായി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ ബദൽ സഖ്യത്തെയോ വിളിക്കുകയാണു ഗവർണർമാർക്കുള്ള വഴി.

∙ ഗോവയിൽ സർക്കാരുണ്ടാക്കാൻ അവകാശമുന്നയിക്കാൻ പോലും കോൺഗ്രസ് തയാറായില്ല. ഗവർണറോടു സമയം ചോദിച്ചു രാജ്‌ഭവൻ പരിസരത്തേക്ക് ഒരു കത്ത് എറിയുക മാത്രമാണ് അവർ ചെയ്‌തത്.

∙ ജാർഖണ്ഡിൽ നേരത്തേ ബിജെപിക്കു 81ൽ 30 സീറ്റ് ലഭിച്ചെങ്കിലും സർക്കാരുണ്ടാക്കാൻ ക്ഷണം വന്നില്ല. പകരം 17 എംഎൽഎമാരുണ്ടായിരുന്ന ജെഎംഎമ്മിനെയാണു ക്ഷണിച്ചത്.

∙ 1998ൽ വാജ്‌പേയി സർക്കാർ രൂപീകരിച്ച കാലത്തും ബദൽ സഖ്യത്തിനുള്ള സാധ്യത പരിഗണിക്കാവുന്നതാണെന്നു രാഷ്‌ട്രപതി വ്യക്‌തമാക്കിയിരുന്നു.

related stories
Your Rating: