Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമയുദ്ധം വഴിത്തിരിവിൽ; രാഘവേന്ദ്ര തീർഥയുടെ അറസ്റ്റ് രേഖപ്പെടുത്താൻ നിയമോപദേശം തേടി

കൊച്ചി ∙ പതിനേഴുവർഷം നീണ്ട നിയമയുദ്ധമാണ് ആന്ധ്രയിൽ രാഘവേന്ദ്രതീർഥയുടെ അറസ്റ്റോടെ വഴിത്തിരിവിലെത്തിനിൽക്കുന്നത്. എന്നാൽ, പ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു മഠത്തിന്റെ അമൂല്യവസ്തുക്കൾ വീണ്ടെടുക്കണമെങ്കിൽ ഇനിയും കോടതി ഇടപെടൽ വേണ്ടിവരും. സിബിഐ ഇടപെടൽ തടയണമെന്ന രാഘവേന്ദ്രതീർഥയുടെ ഹർജിയിൽ രണ്ടുമാസത്തേക്കു സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

13ന് ആണു സ്റ്റേയുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ, പുതിയ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി അതിനു മുൻപുതന്നെ രാഘവേന്ദ്രതീർഥയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കം സിബിഐ നടത്തുന്നുണ്ട്. ഇതിനായി സിബിഐയുടെ കൊച്ചി യൂണിറ്റ് നിയമോപദേശം തേടി.

മഠാധിപതി സ്ഥാനത്തിനുവേണ്ടി രണ്ടായിരത്തിൽ തിരുപ്പതി കോടതിയിലെത്തിയ ഹർജിയിലാണു 17 വർഷത്തിനുശേഷവും നിയമയുദ്ധം തുടരുന്നത്. ഒരു സംസ്ഥാനത്തു നടന്ന സംഭവം മറ്റൊരു സംസ്ഥാനത്തെ ജില്ലാ കോടതിയിലും തുടർന്നു ഹൈക്കോടതിയിലുമെത്തിയെന്ന പ്രത്യേകതയുമുണ്ട്.

താൽക്കാലികമായി സ്റ്റേ നിലനിൽക്കുന്നുണ്ടെങ്കിലും, സ്വാമി സുധീന്ദ്രതീർഥയുടെ അശ്രാന്തപരിശ്രമവും അഭിഭാഷകരായ ആർ.ഡി.ഷേണായി, ആർ.ലക്ഷ്‌മി നാരായണൻ എന്നിവരുടെ നിയമപോരാട്ടവുമാണു ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിലേക്ക് എത്തിയത്.

വീണ്ടെടുക്കാനുള്ളതു വജ്രവും രത്നക്കല്ലുകളും മറ്റും പതിച്ച 234 സ്വർണാഭരണങ്ങളും വെള്ളി സാമഗ്രികളുമാണെങ്കിലും കോടികൾ വിലമതിക്കുന്ന ഇവയുടെ ഭൗതികമൂല്യത്തെക്കാൾ അനേകമടങ്ങാണു സമുദായാംഗങ്ങളുടെ മനസ്സിലുള്ള വൈകാരികമൂല്യമെന്ന കോടതിയുടെ പരാമർശം കേസിൽ നിർണായകമായി.

വിഗ്രഹങ്ങൾ വിൽക്കാൻ ശ്രമിച്ചെന്നതിനു പുറമേ, ജാമ്യത്തിലിരിക്കേ ഒളിവിൽ പോയതിനും സാമ്പത്തിക വഞ്ചനയ്ക്കുമാണ് ആന്ധ്രയിൽ രാഘവേന്ദ്രതീർഥയ്ക്കെതിരെ കേസുള്ളത്. കേരളത്തിൽ സിബിഐ അന്വേഷിക്കുന്ന കേസിനു പുറമേ, കാശി മഠാധിപതിയെ അപകീർത്തിപ്പെടുത്തുന്ന പ്രസിദ്ധീകരണം പുറത്തിറക്കിയതിനു കാഞ്ഞങ്ങാട്ട് കേസുമുണ്ട്.

കാഞ്ഞങ്ങാട്ടെ കേസിനു നാലുമാസം മുൻപ് രാഘവേന്ദ്രതീർഥ അനുകൂലമായ സ്റ്റേ ഉത്തരവു നേടിയിരുന്നു. ആലുവ കോടതിയിൽ കേസുണ്ടായിരുന്നെങ്കിലും ഹർജിക്കാരൻ ഹാജരാകാതിരുന്നതിനെത്തുടർന്നു കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു. ഈ കേസ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.