Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്: രാഷ്ട്രീയ കോളിളക്കങ്ങളിൽ ഇളകാതെ സ്പീക്കർ ധനപാൽ

ന്യൂഡൽഹി∙ തമിഴ്‌നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും തികച്ചും നിശ്ശബ്ദത പാലിക്കുകയും നിഷ്പക്ഷത നിലനിർത്തുകയും ചെയ്യുകയാണ് നിയമസഭാ സ്പീക്കർ പി.ധനപാൽ. എന്നാൽ, നിയമസഭ ചേരാൻ തീരുമാനിക്കുന്നതോടെ സ്പീക്കറുടെ പല തീരുമാനങ്ങളും നിർണായകമാകും. പ്രത്യേകിച്ചും എ‌ഐ‌എ‌ഡി‌എം‌കെ പിളർപ്പ് നേരിടുന്ന സാഹചര്യത്തിൽ. സ്പീക്കർ ധനപാൽ രണ്ടാം തവണയാണ് ഈ സ്ഥാനത്ത് എത്തുന്നത്. അദ്ദേഹം ശശികലാ പക്ഷത്താണ് എന്ന് പൊതുവേ കരുതിയിരുന്നുവെങ്കിലും എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റിയപ്പോൾ അവർക്കൊപ്പം ചേർന്നില്ല. പനീർസെൽവം പക്ഷത്താണോ എന്നു സൂചന നൽകിയിട്ടുമില്ല.

എ‌ഐഎ‌ഡി‌എം‌കെയിൽ നിന്ന് പനീർ‌സെൽവത്തെയും ഒരു എംഎൽഎയെയും പുറത്താക്കിയിരിക്കയാണ്. പനീർസെൽവത്തോടൊപ്പം കൂടുതൽ എംഎൽഎമാരുണ്ട്. എന്നാൽ മറ്റുള്ളവരെ പുറത്താക്കാൻ ശശികല പക്ഷം തയാറായിട്ടുമില്ല. പുറത്താക്കിയവർക്ക് വിപ്പ് ലംഘിച്ച് വോട്ടു ചെയ്യാൻ അവകാശമുണ്ടോ എന്നത് വിവാദവിഷയമാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട് പുറത്താക്കിയവർക്കും വിപ്പ് ബാധകമാണ് എന്നാണ്. എന്നാൽ പല നിയമസഭകളിലും സ്പീക്കർമാർ ഇവർക്ക് വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ ഫലത്തിൽ എ‌ഐഎ‌ഡി‌എം‌കെയുടെ എംഎൽഎമാർ രണ്ടു തട്ടിലാണ്. ഇതിൽ ഒരു കൂട്ടരെ മറുപക്ഷം പുറത്താക്കുകയും ചെയ്തിരിക്കുന്നു. നിലവിലുള്ള നിയമസഭാ സ്പീക്കറുടെ നിഷ്പക്ഷതയിൽ ഇതിൽ ഏതെങ്കിലും പക്ഷത്തിന് വിശ്വാസമില്ലാതെയായാൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകാം. ഇങ്ങനെ വന്നാൽ ആദ്യം സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിച്ച ശേഷമേ സഭയിൽ വിശ്വാസ പ്രമേയം പരിഗണിക്കാൻ പാടുള്ളൂ. മാത്രമല്ല ഏതെങ്കിലും എംഎൽഎ വിപ്പ് ലംഘിച്ച് വോട്ടു ചെയ്തതായി കണ്ടാൽ സ്പീക്കർക്ക് അയാളെ അയോഗ്യനായി പ്രഖ്യാപിക്കാം.

ഉത്തരാഖണ്ഡിൽ ഇതാണ് ഉണ്ടായത്. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ ഒമ്പത് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇതോടെ ഹരീഷ് റാവത്ത് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കേന്ദ്രസർക്കാർ നിഗമനത്തിലെത്തി. അവർ ഹരീഷ് റാവത്തിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. റാവത്ത് സുപ്രീംകോടതിയെ സമീപിച്ചു. സഭയിൽ വിശ്വാസ വോട്ടു തേടാനും അതിന് കോടതിയുടെ നിരീക്ഷകനായി നിസമസഭാ സെക്രട്ടറിയെ നിർത്താനും സുപ്രീംകോടതി ഉത്തരവായി. കൂറുമാറിയ ഒമ്പതു പേരെയും സ്പീക്കർ അയോഗ്യരാക്കി. അവർക്ക് വോട്ടു ചെയ്യാനുള്ള അവകാശവും നിഷേധിച്ചു. ഇതോടെ ഹരീഷ് റാവത്ത് വിശ്വാസ വോട്ട് വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുന്നു.

നിലവിലുള്ള കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ടുപേർ വിട്ടു പോയാലേ പിളർപ്പായി കരുതുകയുള്ളൂ. അല്ലെങ്കിൽ പാർട്ടി വിപ്പിനെതിരെ നീങ്ങുന്നവർ അയോഗ്യരാകും. തമിഴ്നാട്ടിൽ എ‌ഐ‌എ‌ഡി‌എം‌കെയ്ക്ക് 134 എംഎൽഎമാരാണ്. നൂറു പേരെങ്കിലും ഒരുമിച്ചു വിട്ടുപോയാലേ പിളർപ്പായി കരുതാനാകൂ.