Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാത്മാ ഗാന്ധി വധം: അമിക്കസ് ക്യൂറി കൂടുതൽ സമയം തേടി

Mohandas Karamchand Gandhi

ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചു പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കേസിൽ ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിന് അമിക്കസ് ക്യൂറി കൂടുതൽ സമയം ആവശ്യപ്പെട്ടു. അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്‌റ്റി പങ്കജ് ഫട്‌നിസ് നൽകിയ ഹർജി നാലാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കുമെന്നു ജസ്‌റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

ഇതിനിടെ, ഗാന്ധിവധം വീണ്ടും അന്വേഷിക്കുന്നതിനെയും ആവശ്യമുന്നയിക്കാൻ പങ്കജ് ഫട്‌നിസിനുള്ള അവകാശവും ചോദ്യം ചെയ്‌തു ഗാന്ധിജിയുടെ രണ്ടാം തലമുറയിലെ ചെറുമകൻ തുഷാർ ഗാന്ധി ഹർജി നൽകി. കേസിൽ തുഷാർ ഗാന്ധിക്ക് എന്തു കാര്യമെന്നു കോടതി ചോദിച്ചു. എന്നാൽ, ഹർജിയിൽ നോട്ടിസ് ലഭിച്ചശേഷം മാത്രം കാര്യകാരണങ്ങൾ വ്യക്‌തമാക്കാമെന്നു തുഷാർ ഗാന്ധിക്കു വേണ്ടി ഇന്ദിര ജയ്‌സിങ് വാദിച്ചു.

പുനരന്വേഷണം സംബന്ധിച്ച കേസ് വിവിധ വശങ്ങളുള്ളതാണെന്നും അമിക്കസ് ക്യൂറി അമരേന്ദർ ശരണിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാൻ താൽപര്യപ്പെടുന്നുവെന്നും കോടതി വ്യക്‌തമാക്കി. നാഷനൽ ആർക്കൈവ്‌സിൽനിന്നുള്ള രേഖകൾ ശേഖരിക്കാനാണ് അമിക്കസ് ക്യൂറി കൂടുതൽ സമയം ചോദിച്ചത്.