Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപരേഖയാവാതെ ആന്ധ്രയുടെ പുതിയ തലസ്ഥാനം; കേന്ദ്രം കൊടുത്ത 1500 കോടി വകമാറ്റി ചെലവിട്ടു

അമരാവതി ∙ ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിർമാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശില പാകിയിട്ടു രണ്ടു വർഷം പിന്നിട്ടെങ്കിലും കാര്യങ്ങൾ തുടങ്ങിയിടത്തുതന്നെ. നഗരത്തിന്റെ രൂപകൽപനപോലും പൂർത്തിയായിട്ടില്ല. അഞ്ചു വർഷംകൊണ്ടു ലോകത്തിലെ അഞ്ചു വൻനഗരങ്ങളിലൊന്ന് ഇവിടെ ഉയരുമെന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 2014ൽ പ്രഖ്യാപിച്ചതാണെങ്കിലും നിർമാണത്തിന് ഇതുവരെ ഒരു കല്ലുപോലും വച്ചിട്ടില്ല.

1500 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. അതു വകമാറ്റി ചെലവിട്ട സംസ്ഥാന സർക്കാർ, കേന്ദ്രത്തിനു കണക്കു കൊടുക്കാനുള്ള തത്രപ്പാടിലാണ്. താൽക്കാലികമായി പണിത സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും യഥാർഥ നിർമിതികളാണെന്നു വരുത്തി കേന്ദ്രത്തെ പറ്റിക്കാനാണു നോക്കുന്നത്.

യഥാർഥ സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും പണിയാൻ 1000 കോടി വേണം. അതിനു പണത്തിനായി ലോകബാങ്കിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. പണത്തിനു ക്ഷാമമില്ലെന്നാണു മുനിസിപ്പൽ മന്ത്രി പറയുന്നത്. തിരക്കുപിടിക്കുന്നില്ലെന്നും ലോകനിലവാരത്തിലുള്ള നഗരം പണിയുമ്പോൾ കാലതാമസം സ്വാഭാവികമാണെന്നുമാണു മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വാദം. നഗരനിർമാണത്തിന് ആകെ നിലവിലുള്ളത് 2,27,100 പേർ സംഭാവന ചെയ്ത 56,66,596 ഇഷ്ടികകൾ മാത്രം.