Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെ ലയനനീക്കം പാളി

ചെന്നൈ ∙ അഭിപ്രായ വ്യത്യാസങ്ങൾ തുറന്നുപറഞ്ഞു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും മുൻ മുഖ്യമന്ത്രി പനീർസെൽവവും രംഗത്തുവന്നതോടെ അണ്ണാ ഡിഎംകെ ലയനനീക്കം തൽക്കാലത്തേക്കെങ്കിലും അടഞ്ഞു.

സ്വന്തം പക്ഷം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകാൻ ഇരുവിഭാഗവും തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് അണികളെ സജ്ജമാക്കാൻ പനീർസെൽവം അഞ്ചു മുതൽ സംസ്ഥാന പര്യടനം പ്രഖ്യാപിച്ചു. ജില്ലാ തലത്തിൽ യോഗം വിളിച്ചു ചേർത്തു നിലപാട് വിശദീകരിക്കാനാണു പളനിസാമി പക്ഷത്തിന്റെ തീരുമാനം. 

ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, ശശികല കുടുംബത്തെ പാർട്ടിയിൽനിന്നു പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്ന് പനീർസെൽവം ആവർത്തിച്ചു.

മുഖ്യമന്ത്രിയും ദിനകരനും തമ്മിൽ ഇപ്പോഴും അടുത്ത ബന്ധമാണെന്ന് ആരോപിച്ച അദ്ദേഹം, അണികളെ കബളിപ്പിക്കാനുള്ള ശ്രമത്തിനു നിന്നുകൊടുക്കില്ലെന്നു വ്യക്തമാക്കിയതോടെ അനുനയ സാധ്യതകൾ പൂർണമായി അടഞ്ഞു. ചർച്ചയ്ക്കു തയാറാണെന്നും എന്നാൽ ഉപാധികൾ പാടില്ലെന്നുമായിരുന്നു പളനിസാമിയുടെ പരസ്യ മറുപടി.